Saturday, February 18, 2012

കേശം

കോഴിക്കോട്ട് തിരുകേശപ്പള്ളിക്ക് ശിലാസ്ഥാപനം നടത്തുന്നു എന്ന വിവരം ഉള്‍പ്പുളകത്തോടെയാണ് മൊയ്തീന്‍ ശ്രവിച്ചത്. കേട്ടറിഞ്ഞ് കേശം ഭീമാകാ‍രം പൂണ്ട് അദ്ദേഹത്തിന്റെ ആത്മാവില്‍ കുടിയേറിയിരുന്നു. മുടിയൊന്ന് കാണാനും, അതു തൊട്ട വെള്ളം കുടിക്കാനും, റബ്ബേ, എന്നാണ് നീ അവസരം തരിക എന്നോര്‍ത്ത് ഉള്ളുരുകി തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ശിലാസ്ഥാപനം.

മൊയ്തീന്‍ ഇത് വരെ കോഴിക്കോട് കണ്ടിട്ടില്ല. കേട്ടറിവേ ഉള്ളൂ. തന്റെ പാവം പിടിച്ച ഗ്രാമത്തില്‍ നിന്ന് അങ്ങോട്ട് നേരിട്ട് ബസ്സും ഇല്ല. പക്ഷെ അദ്ദേഹം തിരിഞ്ഞും മറിഞ്ഞും നോക്കാനൊന്നും പോയില്ല. ആദ്യം കണ്ട് ബസ്സില്‍ത്തന്നെ ചാടിക്കേറി, പ്രഖ്യാപിച്ചു: “ഞമ്മക്ക് കോയിക്കോട് എത്തണം". പിന്നെ ഒറ്റ ഇരിപ്പ്. ബാക്കിയൊക്കെ നിങ്ങളായിക്കോ എന്ന മട്ടില്‍. എടങ്ങറാക്കല്ലിന്‍ കാക്ക എന്ന് ബസ്സുകാരും. അവസാനം ചില യാത്രക്കാരാണ് ഇരിട്ടി ടൌണിലേക്കുള്ള ബസ്സില്‍ അങ്ങേരെ കയറ്റി വിട്ടത്. 

മൂന്ന് നാല് ബസ്സു മാറിയിട്ടാണെങ്കിലും, മൊയ്തീന്‍ കോഴിക്കോട്ടെത്തുക തന്നെ ചെയ്തു. അവസാനം കുറെ നടക്കേണ്ടി വന്നു എന്ന് മാത്രം. പടച്ചോന്റെ വേണ്ടുകയുണ്ടെങ്കില്‍ നടക്കാത്ത കാര്യമുണ്ടോ? പൂഴിയിട്ടാല്‍ താഴെ വീഴാത്ത പുരുഷാരത്തിന്റെ ഇടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയ മൊയ്തീന് പക്ഷെ തറയോ തറക്കല്ലോ ഒന്നും കാണാന്‍ പറ്റിയില്ല. വലിയ സ്റ്റേജില്‍ നിറയെ ഉസ്താദ് മാര്‍ മാത്രം! ദിക്റും ദുആയും പ്രസംഗങ്ങളും കഴിഞ്ഞപ്പോള്‍ മൊയ്തീന്, ഒന്ന് തിരിഞ്ഞു: തറക്കല്ലിടാന്‍ തറയും വേണ്ട, കല്ലും വേണ്ട; പടച്ചോന്റെ വേണ്ടുക മാത്രം മതി! എന്നാലും മുടിയൊന്ന് നേരെ ചൊവ്വെ കാണാന്‍ പറ്റാത്തതിലുള്ള നിരാശ പടച്ചോനോട് കരഞ്ഞു പറയാതിരിക്കാന്‍ മൊയ്തീനായില്ല.

ഇരുട്ടി വെളുത്തപ്പോഴേക്കും പുരുഷാരം അലിഞ്ഞു തീര്‍ന്നിരുന്നു. പോകാനിടമില്ലാത്തത് കൊണ്ട് മൊയ്തീന്‍ അവിടെത്തന്നെ നേരം വെളുപ്പിച്ചു. കഷ്ടിച്ച് വെളിച്ചം പരന്നപ്പോഴാണ് ആളൊഴിഞ്ഞ പറമ്പിന്റെ കോലം കണ്ട് മൊയ്തീന്‍ ഞെട്ടിപ്പോയത്. അങ്ങനെ നിരന്ന് കിടക്കുകയാണ്; വത്തക്കത്തൊണ്ട്, ഓറഞ്ച് തൊലി, കടലപ്പൊതി, ഐസ് ക്രീം കപ്പ്, മുട്ടായി കടലാസ് മുതലായവ. ഇരിക്കാന്‍ വിരിച്ച കടലാസ് വേറെ. സഹിക്കാന്‍ വയ്യാതെ അദ്ദേഹം വഴിയിലേക്കിറങ്ങി. നടപ്പാതയിലേക്ക് കാലെടുത്ത് വെച്ചതും, ദാ കിടക്കുന്നു താഴെ! പഴത്തൊലിയില്‍ ചവിട്ടിയതാണ്.

വീണിടത്ത് കിടന്ന് ചുറ്റും നോക്കിയ മൊയ്തീന് തീരെ സഹിച്ചില്ല. വഴിയില്‍ മുഴുവന്‍ കുപ്പയാണ്. വഴിയിലെ തടസ്സങ്ങള്‍ മാറ്റുന്നത് ഈമാന്റെ ഏറ്റവും ചെറിയ ഘടകമാണ് എന്നാണ് തിരുനബി അരുളിചെയ്തിരിക്കുന്നത്! ഇവിടെ എല്ലാവരും മുടിയുടെ കാര്യം കഴിഞ്ഞപ്പോള്‍ വഴി കുപ്പത്തൊട്ടിയാക്കിയിരിക്കുന്നു. കയ്യെത്തുന്നിടത്തെ കുപ്പയെല്ലാം മൊയ്തീന്‍ പെറുക്കിക്കൂട്ടി. കിട്ടിയ പ്ലാസ്റ്റിക് കീശയില്‍ നിറച്ചു. ഇനിയും എമ്പാടും ബാക്കിയുണ്ട്. പക്ഷെ കോരാന്‍ പാത്രമോ സമയമോ ഇല്ല.

അരണ്ട വെളിച്ചത്തില്‍, കുപ്പയിടാനൊരു സ്ഥലം തിരഞ്ഞ് അദ്ദേഹം നടക്കുകയാണ്. പെട്ടെന്നാണ് പോലീസ് ജീപ്പ് അടുത്ത് വന്നു സഡന്‍ ബ്രേക്കിട്ടത്. “കേറടാ വണ്ടിയില്‍” ഒറ്റ അലര്‍ച്ചയായിരുന്നു. മൊയ്തീന് ഒന്നും മനസ്സിലായില്ല.

മുപ്പത് മൈക്രോണില്‍ താഴെയുള്ള സഞ്ചി തൂക്കിപ്പിടിച്ചതിനും വഴിയോരത്ത് കച്ചറയിടാന്‍ ശ്രമിച്ചതിനും കൂടി ആയിരം രൂപ പിഴയടക്കാനില്ലാത്തത് കൊണ്ട് മൊയ്തീന്‍ ഇപ്പോഴും ജയിലിലാണത്രെ!

7 comments:

ajith said...

പടച്ചോന്റെ വേണ്ടുക മാത്രം മതിയെന്ന് വച്ചാല്‍ എത്ര നന്ന്

Unknown said...

ഹ ഹ!!
കുറിക്ക് കൊള്ളുന്ന എഴുത്ത് എന്നത് ഇതൊക്കെയാണ്, അഭിനന്ദനങ്ങള്‍.. !

ente lokam said...

ഒരു വലിയ കാര്യം ആണല്ലോ
മാഷെ ??!!!

അഭിനന്ദനങ്ങള്‍ ..

വി.എ || V.A said...

...ഈ പടച്ചോന്റെ ‘സത്യാന്വേഷണപരീക്ഷണങ്ങൾ’ കാരണം എത്രയാളുകളാണ്, പല ജയിലുകളിലായി ചപ്പാത്തിയും ഉണ്ടയും തിന്നു കിടക്കുന്നത്..?! ശ്രീ.നിശാസുരഭി എന്നെയിങ്ങോട്ട് ചൂണ്ടിവിട്ടതുകൊണ്ട് ഇതൊക്കെ വായിക്കാൻ സാധിച്ചു. ‘മിണ്ടാതെ കേറെടാ വണ്ടിയിൽ....’എന്നു പറയരുതേ....

Vinodkumar Thallasseri said...

നല്ല എഴുത്ത്‌. അതിലേറെ നല്ല റ്റ്വിസ്റ്റ്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാ‍ാം

yousufpa said...

ഹ ഹ!! നല്ല എഴുത്ത്‌.