Sunday, July 15, 2012

കലിദിന സംഖ്യ



കലിദിന സംഖ്യ എന്നു വെച്ചാൽ കലിയുഗാരംഭം മുതൽ കഴിഞ്ഞു പോയ ദിവസങ്ങളുടെ എണ്ണം എന്നു സാമാന്യമായി നിർവചിക്കാം. കലിയുഗത്തിന്റെ തുടക്കം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബി സി 3101 ജനുവരി 23 മുതൽ എന്ന് കണക്കാക്കപ്പെടുന്നു. (ജൂലിയൻ കലണ്ടർ പ്രകാരം 18.02.3102 ബി സി)
കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതായത് A D 825ൽ. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. (കൊല്ല വർഷത്തോട് 825 കൂട്ടിയാൽ ക്രിസ് തു വർഷവും ലഭിക്കും.)
കമ്പ്യൂട്ടർ അധിഷ്ഠിധമായ കാലഗണനകൾക്ക് ഏറ്റവും സൌകര്യപ്രദമായ രൂപം കാലത്തിന്റെ ഒരു അംഗീകൃത ബിന്ദുവിൽ നിന്ന് തുടങ്ങി, ദിവസങ്ങളോ മണിക്കൂറുകളോ എണ്ണിക്കണക്കാക്കുക എന്നതാണ്. സാധാരണ ബീജഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലത്തിന്റെ കണക്കു കൂട്ടലുകൾ എളുപ്പം സാധിക്കുമെന്ന മെച്ചം ഇതിനുണ്ട്. ലീപ് ഇയറും ഫെബ്രുവരിയും ഒന്നും പരിഗണിക്കാതെ തന്നെ കണക്കു കൂട്ടാം. കാലത്തിന്റെ ഏതു ബിന്ദുവിലാണ് നമ്മളിപ്പോൾ എത്തിച്ചേർന്നത് എന്ന് എളുപ്പം മനസ്സിലാക്കാൻ ഈ വഴിയാണുത്തമം.കലിദിന സംഖ്യയില്‍ ഈ ആരംഭ ബിന്ദുവായി അംഗീകരിച്ചിരിക്കുന്നത് കലിവര്‍ഷാരംഭമാണ്.
കൊല്ലവർഷത്തിൽ നിന്നു മീന മാസത്തിന്റെ അവസാന ദിവസത്തിന്റെ കലിദിന സംഖ്യ കണ്ടുപിടിക്കുവാൻ ഈ സൂത്ര വാക്യം ഉപയോഗിക്കാവുന്നതാണ്: 
1187+3926 X 365.25807 
ഇതിൽ 1187 എന്നത് 2012 ജൂലൈയിലെ കൊല്ലവർഷവും, 365.25807 എന്നത് ഭാരതീയ കാലഗണന പ്രകാരം ഒരു വർഷത്തിൽ ആകെ ഉള്ള ദിവസങ്ങളും ആണ്. കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. മേടം ഒന്നു മുതലുള്ള ദിവസങ്ങളുടെ എണ്ണം ഇതിനോടൊപ്പം കൂട്ടിയാൽ അതത് ദിവസത്തെ കലിദിന സംഖ്യ ലഭിക്കും. (കൊല്ലവർഷമാസങ്ങളിൽ ദിവസങ്ങളുടെ എണ്ണത്തിൽ ചില മാറ്റങ്ങൾ പതിവാണ് എന്നും അറിയുക.)
2012 ജൂലൈ 15 ന്റെ കലിദിന സംഖ്യ=1867658 (Sunday)
ഒമ്പതാം നൂറ്റാണ്ടിന് മുൻപ് തന്നെ കലിദിന സംഖ്യാ രൂപം വ്യാപകമായി ഭാരതത്തിൽ ഉപയോഗത്തിലിരുന്നതായി ചരിത്ര വസ്തുതകൾ തെളിയിക്കുന്നു. പരൽപ്പേര് എന്ന ഗൂഢഭാഷയിൽ കലിദിന സംഖ്യകൾ ദക്ഷിണേന്ത്യയിൽ ഉപയോഗത്തിലിരുന്നിരുന്നു. പരല്‍പ്പേരില്‍ സംഖ്യകള്‍ എഴുതിയിരുന്നത്  അക്കങ്ങള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് കൊണ്ടായിരുന്നു. പല കാവ്യങ്ങളുടെയും അവസാന ശ്ലോകം അതെഴുതിയ തീയതി കലിദിന സംഖ്യാ രൂപത്തില്‍ അവതരിപ്പിച്ചതായിരിക്കും.
ആരംഭ ബിന്ദുവില്‍ മാറ്റങ്ങള്‍ വരുത്തി ഈ കാലഗണനാക്രമം മൈക്രോസോഫ്റ്റ്, യുനിക്സ് മുതലായ വന്‍കിടക്കാരും ഉപയോഗിച്ച് വരുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആരംഭ ബിന്ദു 1900 ജനുവരി 1 ആണത്രെ. യൂനിക്സില്‍ ഇത് 1970 ജനുവരി 1 ആണ്. ദിവസങ്ങള്‍ക്ക് പകരം സെക്കന്‍ഡുകളാണ്  യൂനിക്സില്‍ എണ്ണുന്നത്.
പാശ്ചാത്യര്‍ കണക്ക് കൂട്ടാന്‍ പഠിക്കുന്നതിനെത്രയോ മുന്‍പ് തന്നെ ഇങ്ങനെയുള്ള ചിന്താധാരകള്‍ അവതരിപ്പിച്ച പൂര്‍വ പിതാക്കളെ നമുക്ക് നമിക്കാം.





Monday, February 20, 2012

മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



“എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.“ എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം “ക“ കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാകികീ കുകൂകൃകെ കേകൈകൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങച - ട
ഛ -ഠജ - ഝഞ - ബ
ഡ - ഢത - പദ - ധ
ഥ - ഫബ - ഭമ - ന
യ - ശര - ഷല - സ
വ - ഹ ക്ഷ - ളഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 45 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

Saturday, February 18, 2012

കേശം

കോഴിക്കോട്ട് തിരുകേശപ്പള്ളിക്ക് ശിലാസ്ഥാപനം നടത്തുന്നു എന്ന വിവരം ഉള്‍പ്പുളകത്തോടെയാണ് മൊയ്തീന്‍ ശ്രവിച്ചത്. കേട്ടറിഞ്ഞ് കേശം ഭീമാകാ‍രം പൂണ്ട് അദ്ദേഹത്തിന്റെ ആത്മാവില്‍ കുടിയേറിയിരുന്നു. മുടിയൊന്ന് കാണാനും, അതു തൊട്ട വെള്ളം കുടിക്കാനും, റബ്ബേ, എന്നാണ് നീ അവസരം തരിക എന്നോര്‍ത്ത് ഉള്ളുരുകി തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ശിലാസ്ഥാപനം.

മൊയ്തീന്‍ ഇത് വരെ കോഴിക്കോട് കണ്ടിട്ടില്ല. കേട്ടറിവേ ഉള്ളൂ. തന്റെ പാവം പിടിച്ച ഗ്രാമത്തില്‍ നിന്ന് അങ്ങോട്ട് നേരിട്ട് ബസ്സും ഇല്ല. പക്ഷെ അദ്ദേഹം തിരിഞ്ഞും മറിഞ്ഞും നോക്കാനൊന്നും പോയില്ല. ആദ്യം കണ്ട് ബസ്സില്‍ത്തന്നെ ചാടിക്കേറി, പ്രഖ്യാപിച്ചു: “ഞമ്മക്ക് കോയിക്കോട് എത്തണം". പിന്നെ ഒറ്റ ഇരിപ്പ്. ബാക്കിയൊക്കെ നിങ്ങളായിക്കോ എന്ന മട്ടില്‍. എടങ്ങറാക്കല്ലിന്‍ കാക്ക എന്ന് ബസ്സുകാരും. അവസാനം ചില യാത്രക്കാരാണ് ഇരിട്ടി ടൌണിലേക്കുള്ള ബസ്സില്‍ അങ്ങേരെ കയറ്റി വിട്ടത്. 

മൂന്ന് നാല് ബസ്സു മാറിയിട്ടാണെങ്കിലും, മൊയ്തീന്‍ കോഴിക്കോട്ടെത്തുക തന്നെ ചെയ്തു. അവസാനം കുറെ നടക്കേണ്ടി വന്നു എന്ന് മാത്രം. പടച്ചോന്റെ വേണ്ടുകയുണ്ടെങ്കില്‍ നടക്കാത്ത കാര്യമുണ്ടോ? പൂഴിയിട്ടാല്‍ താഴെ വീഴാത്ത പുരുഷാരത്തിന്റെ ഇടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയ മൊയ്തീന് പക്ഷെ തറയോ തറക്കല്ലോ ഒന്നും കാണാന്‍ പറ്റിയില്ല. വലിയ സ്റ്റേജില്‍ നിറയെ ഉസ്താദ് മാര്‍ മാത്രം! ദിക്റും ദുആയും പ്രസംഗങ്ങളും കഴിഞ്ഞപ്പോള്‍ മൊയ്തീന്, ഒന്ന് തിരിഞ്ഞു: തറക്കല്ലിടാന്‍ തറയും വേണ്ട, കല്ലും വേണ്ട; പടച്ചോന്റെ വേണ്ടുക മാത്രം മതി! എന്നാലും മുടിയൊന്ന് നേരെ ചൊവ്വെ കാണാന്‍ പറ്റാത്തതിലുള്ള നിരാശ പടച്ചോനോട് കരഞ്ഞു പറയാതിരിക്കാന്‍ മൊയ്തീനായില്ല.

ഇരുട്ടി വെളുത്തപ്പോഴേക്കും പുരുഷാരം അലിഞ്ഞു തീര്‍ന്നിരുന്നു. പോകാനിടമില്ലാത്തത് കൊണ്ട് മൊയ്തീന്‍ അവിടെത്തന്നെ നേരം വെളുപ്പിച്ചു. കഷ്ടിച്ച് വെളിച്ചം പരന്നപ്പോഴാണ് ആളൊഴിഞ്ഞ പറമ്പിന്റെ കോലം കണ്ട് മൊയ്തീന്‍ ഞെട്ടിപ്പോയത്. അങ്ങനെ നിരന്ന് കിടക്കുകയാണ്; വത്തക്കത്തൊണ്ട്, ഓറഞ്ച് തൊലി, കടലപ്പൊതി, ഐസ് ക്രീം കപ്പ്, മുട്ടായി കടലാസ് മുതലായവ. ഇരിക്കാന്‍ വിരിച്ച കടലാസ് വേറെ. സഹിക്കാന്‍ വയ്യാതെ അദ്ദേഹം വഴിയിലേക്കിറങ്ങി. നടപ്പാതയിലേക്ക് കാലെടുത്ത് വെച്ചതും, ദാ കിടക്കുന്നു താഴെ! പഴത്തൊലിയില്‍ ചവിട്ടിയതാണ്.

വീണിടത്ത് കിടന്ന് ചുറ്റും നോക്കിയ മൊയ്തീന് തീരെ സഹിച്ചില്ല. വഴിയില്‍ മുഴുവന്‍ കുപ്പയാണ്. വഴിയിലെ തടസ്സങ്ങള്‍ മാറ്റുന്നത് ഈമാന്റെ ഏറ്റവും ചെറിയ ഘടകമാണ് എന്നാണ് തിരുനബി അരുളിചെയ്തിരിക്കുന്നത്! ഇവിടെ എല്ലാവരും മുടിയുടെ കാര്യം കഴിഞ്ഞപ്പോള്‍ വഴി കുപ്പത്തൊട്ടിയാക്കിയിരിക്കുന്നു. കയ്യെത്തുന്നിടത്തെ കുപ്പയെല്ലാം മൊയ്തീന്‍ പെറുക്കിക്കൂട്ടി. കിട്ടിയ പ്ലാസ്റ്റിക് കീശയില്‍ നിറച്ചു. ഇനിയും എമ്പാടും ബാക്കിയുണ്ട്. പക്ഷെ കോരാന്‍ പാത്രമോ സമയമോ ഇല്ല.

അരണ്ട വെളിച്ചത്തില്‍, കുപ്പയിടാനൊരു സ്ഥലം തിരഞ്ഞ് അദ്ദേഹം നടക്കുകയാണ്. പെട്ടെന്നാണ് പോലീസ് ജീപ്പ് അടുത്ത് വന്നു സഡന്‍ ബ്രേക്കിട്ടത്. “കേറടാ വണ്ടിയില്‍” ഒറ്റ അലര്‍ച്ചയായിരുന്നു. മൊയ്തീന് ഒന്നും മനസ്സിലായില്ല.

മുപ്പത് മൈക്രോണില്‍ താഴെയുള്ള സഞ്ചി തൂക്കിപ്പിടിച്ചതിനും വഴിയോരത്ത് കച്ചറയിടാന്‍ ശ്രമിച്ചതിനും കൂടി ആയിരം രൂപ പിഴയടക്കാനില്ലാത്തത് കൊണ്ട് മൊയ്തീന്‍ ഇപ്പോഴും ജയിലിലാണത്രെ!