Sunday, November 21, 2010

മരണാഘോഷം

പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും, മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

വഴിപോക്കരെല്ലാം ശവത്തെ പ്രാകിക്കൊണ്ട് കടന്നു പോയി. പിന്നെയെപ്പോഴൊ, സ്ഥലത്തെ യുവജന ക്ലബ്ബ്കാര്‍ ശവത്തെ ഏറ്റെടുത്തു. പോലീസുകാരെ വിളിച്ചതും, ശവം മോര്‍ച്ചറിയിലെത്തിച്ചതും അവരാണ്. കള്ള് അവരുടെയും വീക് നെസ്സ് ആയിരുന്നല്ലോ!

ശവം പൊക്കിയെടുത്ത് വണ്ടിയില്‍ വെക്കുമ്പോഴാണ് ആ തോള്‍ സഞ്ചി താഴെ വീണതും, മുഷിഞ്ഞ കടലാസ് കെട്ട് പുറത്തേക്ക് തെറിച്ചതും.ചെറുപ്പക്കാരിലൊരാള്‍ അതെടുത്ത് നോക്കി. വില കുറഞ്ഞ കടലാസില്‍ കുനുകുനാ എഴുതിക്കൂട്ടിയ കുറച്ചു കവിതകള്‍! അയാള്‍ വലിയ കവിതാപ്രേമിയൊന്നും ആയിരുന്നില്ല. അതിനാല്‍ കടലാസുകെട്ട് അയാളുടെ പാന്റിന്റെ പിന്‍ പോക്കറ്റില്‍ തത്കാലം വിശ്രമിച്ചു. അനാഥ ശവത്തെ വേണ്ട പോലെ കൈകാര്യം ചെയ് ത സംതൃപ്തിയില്‍ അവര്‍ പിരിഞ്ഞു.

വൈകിട്ടത്തെ കുടിവട്ടം കേമമായിരുന്നു. ഒരു നല്ല കാര്യം ചെയ്ത ആവേശത്തിലായിരുന്നു മെമ്പര്‍മാര്‍ എല്ലാവരും. കുടി കുറെ മൂത്തപ്പോളാ‍ണ് നമ്മുടെ ചങ്ങാതിക്ക് കടലാസിന്റെ ഓര്‍മ വന്നത്. അയാള്‍ അതെടുത്ത് കൂട്ടത്തിലെ കവിക്കേല്‍പ്പിച്ചു കൊടുത്തു. കവി അവ ഓരോന്നായി ഉച്ചത്തില്‍ ചൊല്ലാനും തുടങ്ങി.

കുടിയും ആലാപനവും കുറെ മുന്നേറിയപ്പോഴാണ് ഒരുത്തന് സംശയം! അല്ല, നമ്മള്‍ ഒരു കവിയെയല്ലെ ആരുമറിയാതെ ധര്‍മാ‍ശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടു പോയി തള്ളിയത്? കവിക്ക് പറഞ്ഞതല്ലെ കള്ളുകുടി! നമ്മളദ്ദേഹത്തെ വേണ്ടത്ര ബഹുമാനിച്ചില്ലല്ലോ! പരിഹാരം ചെയ്യണം. നാലുപേരറിയെ നമുക്ക് കവിയുടെ ശവ സംസ്കാരം നടത്തണം.

എല്ലാവര്‍ക്കും സമ്മതം.

പക്ഷെ, ഒരു പ്രശ്നം. കവിയുടെ പേരെന്താണെന്നൊരു പിടിയുമില്ല. ബാക്കി വിവരങ്ങളെപ്പറ്റി പിന്നെ പറയേണ്ടല്ലോ! നാട്ടിലൊക്കെ പരതിയിട്ടും ഒരു രക്ഷയുമില്ല! ഒടുവില്‍ ഒരു ഷീറ്റിന്റെ പുറകില്‍ വൃത്തി കെട്ട കയ്യക്ഷരത്തില്‍ നാണപ്പന്‍ എന്ന് എഴുതിയിരുന്നത് ആരോ കണ്ട് പിടിച്ചു. അങ്ങനെ പേരിന്റെ പ്രശ്നം തത്ക്കാലം പരിഹരിച്ചു. മറ്റു വിശദാംശങ്ങള്‍ തത്കാലം ഒഴിവാക്കാം എന്നും തീരുമാനമായി. അവധൂതനെപ്പോലെ ജീവിച്ച കവി എല്ലാവരില്‍ നിന്നും, തന്നില്‍ നിന്നു പോലും ഓടിയൊളിക്കുകയായിരുന്നു എന്ന് വെച്ചു കാച്ചാം!

ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം മുതലായ നൂലാമാലകള്‍ കഴിയാന്‍ ഇനിയും രണ്ട് ദിവസം കഴിയുമെന്ന് കേട്ടപ്പോല്‍ സംഘത്തിന് സമാധാനമായി. പബ്ലിസിറ്റിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ! പിന്നെ, പത്രക്കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ചാനലുകാര്‍ എല്ലാവരും നിരന്നു. അനാഥ ശവം ഒരു നാളു കൊണ്ട് മഹാകവി നാണപ്പനായി മാറി. അഴിഞ്ഞുലഞ്ഞ തലമുടിയുമായി, പരേതന്റെ ഭാര്യ പോലും ചാനലില്‍ നിറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി പ്രതിനിധിയെ പറഞ്ഞയച്ചു. പക്ഷെ, ആചാര വെടിക്ക് അനുമതി ഉണ്ടായില്ല.

ശവമടക്ക് കേമമായിരുന്നു. അതിലിടക്ക് അനാഥ ശവത്തിന് വില പറഞ്ഞുറപ്പിച്ചിരുന്ന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകാര്‍ ചില കുത്തിത്തിരുപ്പിനെല്ലാം ശ്രമിച്ചെങ്കിലും, ക്ലബ്ബുകാരുടെ സമര്‍ത്ഥമായ ഇടപെടല്‍ കാരണം അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

ഭാഗ്യത്തിന് അന്നു തിരഞ്ഞെടുപ്പോ, ബോംബേറോ ഒന്നും ഉണ്ടായില്ല. അതിനാല്‍ പത്രങ്ങളിലും ചാനലുകളിലും നാണപ്പന്‍ നിറഞ്ഞു നിന്നു.

പിറ്റേന്നത്തെ കുടിവട്ടത്തിലേക്കാണ് താടി നീട്ടി വളര്‍ത്തിയ, ക്ഷുഭിതനായ ഒരാള്‍ കടന്നു വന്നത്.

ആരാ? സാമാന്യം പിപ്പിരിയായിക്കഴിഞ്ഞിരുന്ന ക്ലബ്ബ് കവി ഒരു ചോദ്യമെറിഞ്ഞു,

ഞാന്‍. കവി നാണപ്പന്‍. നിങ്ങളെല്ലാവരും കൂടി എന്നെ ഇന്നലെ കുഴിച്ചിട്ടു,

അതെ. തനിക്ക് ഇനിയെന്ത് വേണം? വേണ്ടത്ര പബ്ലിസിറ്റി ഞങ്ങള്‍ സംഘടിപ്പിച്ചു തന്നില്ലേ?

നല്ല പബ്ലിസിറ്റി. എടോ, ഒരു തുള്ളി കുടിക്കാത്ത ഞാനിപ്പോള്‍ അടിച്ചു പൂസായി വഴിയില്‍ കിടന്നു ചത്തു എന്നായി. നിങ്ങളെല്ലാവരും കൂടി ആരെയാണ് കൊന്ന് കുഴിച്ചിട്ടത് എന്ന് വല്ല വിവരവും ഉണ്ടോ? എവിടുന്ന് തപ്പിയെടുത്തു, നിങ്ങളെന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ പെണ്ണിനെ? വീട്ടിലെത്തിയാല്‍ ഞാനെന്റെ ഭാര്യയോടെന്തു പറയും? മക്കളെന്നെപ്പറ്റി എന്തു കരുതും?

ഇനിയിപ്പോള്‍ രണ്ട് വഴിയേയുള്ളൂ. ക്ലബ് കവി ഇടപെട്ടു. ഒന്നുകില്‍ നിങ്ങള്‍ പരേതനാവാന്‍ സമ്മതിക്കുക. ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളാം. ഇരു ചെവി അറിയാതെ തന്നെ കൊന്നു കുഴിച്ചു മൂടിത്തരാം. അല്ലെങ്കില്‍ തത്കാലം നിങ്ങളുടെ ഐഡന്റിറ്റി മൂടി വെച്ച് മിണ്ടാതിരിക്കുക. ഏതാനും മാസങ്ങള്‍ ക്ഷമിച്ചിരുന്നാല്‍ പൊതുജനം എല്ലാം മറക്കും. അതു വരെ വല്ല തൂലികാ നാമത്തിലും എഴുത്.


കവി എന്തോ പ്രതിഷേധിക്കാനാഞ്ഞു. പക്ഷെ, ഒരൊറ്റ ചോദ്യത്തിലയാളൊതുങ്ങി.
"നിനക്കെന്താ, അയ്യപ്പനാകണോ?".



Original post at: