Thursday, December 29, 2011

ജുഗാഡ്

ആദ്യമായി ജുഗാഡ് കാണുന്നത് ആഗ്രയില്‍ ജോലിയെടുക്കുമ്പോഴായിരുന്നു. ഗ്രാമീണ പാതയില്‍ പൊടി പറത്തിക്കോണ്ടോടുന്ന ഒരു വിചിത്ര വാഹനം; ദൂരക്കാഴ്ച്ചയില്‍, അതായിരുന്നു ജുഗാഡ്. വാഹനമെന്ന് കേട്ടാല്‍ മനസ്സിലോടിയെത്തുന്ന രൂപത്തിനും ഇവനുമായി യാതൊരു സാമ്യവും ഇല്ല. പാടത്ത് വെള്ളമടിക്കുന്ന ഒരു ഡീസല്‍ എഞ്ചിനും അതിനു ചുറ്റും കുറെ ആളുകളും കൂടി ഒരു വലിയ മരപ്പെട്ടിയില്‍ കയറി ഇരുന്ന് നാലു ചക്രവും വെച്ച് ... അങ്ങനെ!!



ഓടിയോടി അവന്‍ അടുത്ത വയലിലേക്ക് ഇറങ്ങുന്നതാണ് പിന്നെ കണ്ടത്. ഡ്രൈവര്‍ ഇറങ്ങി ഡീസല്‍ എഞ്ചിന്‍ അഴിച്ചെടുത്ത് കിണറിനടുത്ത് സ്ഥാപിച്ച് വയലിലേക്ക് വെള്ളം പമ്പു ചെയ്യാന്‍ തുടങ്ങി. കൂടെ വന്ന ജോലിക്കാര്‍ വയലിലെ മറ്റു ജോലികളിലും മുഴുകി. ഒഴിഞ്ഞ വണ്ടി ഇപ്പോള്‍ വെറുമൊരു മരപ്പെട്ടി മാത്രം; നാലു ടയറും ഒരു സ്റ്റിയറിങ് വീലും ഉണ്ട്, എക്സ്ട്രാ. അപ്പോഴാണ് മനസ്സിലായത്, അവനെ ഇതു വരെ ഓടിച്ചു കൊണ്ട് വന്നവനാണ് കിണറ്റിന്‍ കരയിലിരുന്ന് കുലധര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ജുഗാ‍ഡ് എന്ന നാടന്‍ ഹിന്ദി വാക്കിന്റെ ഏകദേശ പരിഭാഷ “തട്ടുമുട്ടു പരിഹാരം” എന്നാണ്. കൈവശമുള്ള സാധനങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ സാധിക്കുക എന്ന് സാരം. പഞ്ചാബിലാണത്രെ ഈ തട്ടുമുട്ട് വാഹനം ജന്മമെടുത്തത്. പഴയ വില്ലിസ് ജീപ്പിന്റെ ഷാസിയില്‍ ഒരു അഞ്ച് എച്ച് പി ഡീസല്‍ എഞ്ചിന്‍; ബോഡി എങ്ങനെയും ആവാം. മരമോ, തകിടോ, എന്തും! ആള്‍, കന്നുകാലി, കറ്റ, വൈക്കോല്‍ മുതലായവയെല്ലാം കയറ്റാവുന്ന കോലത്തിലായിരിക്കണമെന്നു മാത്രം. പാടത്തേക്ക് യജമാനനെയും വഹിച്ചു കൊണ്ട് പോയി വെള്ളമടിച്ച് കൊടുക്കുന്നവനായി മാറും ഈ ഡീസല്‍ എഞ്ചിന്‍ എന്ന് അത് കണ്ട് പിടിച്ചവന്‍ പോലും ഒരിക്കലും കരുതിക്കാണുകയില്ല്!

ഒന്നോര്‍ത്താല്‍ ഈ ജുഗാഡ് സംസ്കാരം നമ്മുടെയൊക്കെ ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടില്ലേ? ഫ്രിഡ്ജിലെ ബാക്കി വന്നവ കൊണ്ടൊരു “ജുഗാഡ് സാമ്പാര്‍” ട്രൈ ചെയ്യാത്തവരുണ്ടോ? മോരുകൊണ്ടെന്തൊക്കെയാണ് നാം ചെയ്യുന്നത്. ചോറ് ഇഡ്ഡലിയാവുന്നതും, പശയാവുന്നതും ഈ തട്ടുമുട്ടു പരിഹാരം കൊണ്ടല്ലേ? പന്തലിന്റെ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കുഴിച്ചിട്ടാല്‍ ചിതല്‍ പിടിക്കുകയേ ഇല്ല. ചിതലിന് നേരെയും ജുഗാഡ്!                                              


ജുഗാഡ് കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളെങ്ങനെ ക്രിക്കറ്റ് കളിക്കുമായിരുന്നു ആവോ!       ശരിക്കുമാലോചിച്ചാല്‍ നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു ജുഗാഡിലല്ലേ മുന്നോട്ട് പോകുന്നത്!

Sunday, December 4, 2011

ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല!!!!!!

കടക്കെണിയിലായ കര്‍കരുടെ ആത്മഹത്യയുടെ കാരണം കുടുംബശ്രീ വായ്പകള്‍ അല്ല എന്ന്‍ ഒടുവില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു!

വെറുതെ അങ്ങ് പറഞ്ഞതല്ല. ആത്മഹത്യ ചെയ്ത പത്തു കര്‍ഷകരുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് നിഗമനം. റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രിക്കും പത്രങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ആത്മഹത്യകള്‍ക്ക് കുടുംബശ്രീ വായ്പകളും കാരണമാവുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ആരോപണം മൂലമാണത്രെ ഇങ്ങനെ ഒരു പഠനം വേണ്ടി വന്നത്.

ഇനി, പഠനം നടത്തിയത് ആരാണെന്നല്ലേ? വേറെയാരുമല്ല; കുടുംബശ്രീ മിഷന്‍ തന്നെ!

ഇനിയിപ്പോള്‍ എല്ലാ ബാങ്കുകാരും, ഫൈനാന്‍സുകാരും, അണ്ണന്മാരും ഇറങ്ങിത്തിരിക്കും, സ്വന്തം അന്വേഷണക്കമ്മീഷനുകളുമായി! അവരുടെ റിപ്പോര്‍ട്ടുകളും വ്യത്യസ്ഥമാവാനിടയില്ല. എല്ലാവരും കൈ കഴുകി ഒഴിഞ്ഞാല്‍ പിന്നെ കളത്തില്‍ ബാക്കിയാവുന്നത് മരിച്ച കര്‍ഷകനും മരിച്ചു ജീവിക്കുന്ന അവന്റെ കുടുംബവും മാത്രം!


റിപ്പോര്‍ട്ടിലെ ചില കണ്ടെത്തെലുകളെങ്കിലും ചര്‍ച്ച ആവശ്യപ്പെടുന്നവയാണ്. ഈ പത്തില്‍ നാലു കുടുംബങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്ന് വായ്പ ലഭിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ മൂലം കടക്കെണിയിലായി എന്ന ദുഷ്പേര് വരാന്‍ കാരണമില്ല എന്നതാണ് ഒരു വാദം. തങ്ങളു ടെ മെംബറുടെ കുടുംബത്തിന്റെ കഷ്ടാവസ്ഥ കണ്ട് മനസ്സിലാക്കി ചെറിയ തുകകള്‍ വായ്പ നല്‍കുവാന്‍ ഏതൊരു കുടുംബശ്രീയും ഉത്സാഹിക്കാറുണ്ട്; അതവരുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. തിരിച്ചടവിന് കുടുംബത്തിന് കഴിവുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നു മാത്രമേയുള്ളു. ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അങ്ങനെ ഒരു ഉറപ്പ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വായ്പ നല്‍കി തത്കാല ബുദ്ധിമുട്ടില്‍ നിന്ന് കര കയറ്റാന്‍ പ്രസ്തുത കുടുംബശ്രീ ഉത്സാഹിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഈ താത്കാലിക കരകയറ്റല്‍ പല കുടുംബങ്ങളെയും ആത്മഹത്യയില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്.  (ചിലരെങ്കിലും കൂടുതല്‍ വലിയ കുഴികളിലേക്ക് വീണിട്ടുമുണ്ട്.)

ബാക്കി ആറു കുടുംബങ്ങളില്‍ ഒന്നര മുതല്‍ ഇരുപത്തിരണ്ട് ശതമാനം വരെ മാ‍ത്രമെ കുടുംബശ്രീ വായ്പകളുടെ തോത് ഉള്ളുവത്രെ! ശരി തന്നെ; ഏറ്റവും കുറഞ്ഞത് ഇത്രയും ശതമാനം ഉത്തരവാദിത്വമെങ്കിലും ഇവര്‍ ഏറ്റെടുക്കേണ്ടതല്ലേ? മൊത്തത്തില്‍ കൈ കഴുകാമോ? ഇനി മറ്റൊരു കാര്യം. സ്വയം സഹായ സംഘങ്ങളുടെ വായ്പാതിരിച്ചടവ് തോത് പൊതുവില്‍  ഉയര്‍ന്നിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം സംഘമൊന്നാകെ വായ്പക്കാരനില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം (Peer pressure) തന്നെയാണ്. അയല്‍ വാസികളുടെ മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ തന്നെ എന്ന് ഒരു നിമിഷം ആ പാവം ചിന്തിച്ച് പോയിട്ടുണ്ടാകാം.

കുടുംബശ്രീ വായ്പകള്‍ക്ക് 6.6% പലിശ മാത്രമേ ഉള്ളൂ എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു! നൂറിന് രണ്ട് രൂപ എന്നതാണ് കുടുംബശ്രീ നാട്ടുനടപ്പ്. സ്വന്തം പണം സ്വന്തം മെംബര്‍മാര്‍ക്ക് മാത്രം നല്‍കുന്നതിനാല്‍ ഇതൊരു കുറ്റവുമല്ല. റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ ചിത്രം കാണിക്കാമായിരുന്നു.

വാസ്തവത്തില്‍ കുടുംബശ്രീ ഇങ്ങനെ ജാമ്യം എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല. പണം കടം കൊടുക്കുന്നതും അതു നിയമപ്രകാരം തിരിച്ചു ചോദിക്കുന്നതും ഒരു കുറ്റമല്ല. തിരിച്ചു ചോദിക്കുന്നതും നിയമനടപടികള്‍ എടുക്കുന്നതും അവരവരുടെ നില നില്‍പ്പിന്റെ തന്നെ ഭാഗമാണ്.

കൃഷിക്കാരാവട്ടെ, വളരെ ആത്മാര്‍ത്ഥതയുള്ളവരുമാണ്.  വിളവിന് മതിയായ വില ലഭിച്ചാല്‍ 99% കര്‍ഷകരും വായ്പ അടക്കുവാനാണ് ആദ്യം ഓടുക.

അതിനാല്‍ നമ്മുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി, ഇത്തരം ആത്മഹത്യകള്‍ കുറയുവാന്‍.

                                             --------------------------------------------------









Sunday, November 20, 2011

റോസ്സ് ഐലന്റ് - ആന്‍ഡമാന്‍




റോസ്സ് ഐലന്റ് - ആകാശക്കാഴ്ച

വര്‍ഷങ്ങളായി ജപ്പാന്‍ ഗവര്‍മെന്റ് ഇന്ത്യന്‍ ഗവര്‍മെന്റിനോട് ഒരു അഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുകയാണത്രെ! നയതന്ത്ര തലത്തില്‍...... അതീവ രഹസ്യമായി!! ആന്‍ഡമാനിലെ ഒരു കുഞ്ഞു ദ്വീപായ റോസ്സ് ഐലന്റ് ഒരു ദിവസത്തിന് അവര്‍ക്ക് പാട്ടത്തിന് നല്‍കണം. ഒറ്റ ദിവസത്തിന് ശേഷം ഭദ്രമായി തിരിച്ചേല്‍പ്പിക്കാം! കനത്ത ഒരു പ്രതിഫലവും നല്‍കാം!

നമ്മുടെ സര്‍ക്കാര്‍ ഇതുവരെ ഈ ഓഫര്‍ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ജപ്പാന്റെ വിചിത്രമായ ഈ ആഗ്രഹത്തിന്റെ പൊരുളറിയുവാന്‍ നാം രണ്ടാം ലോക മഹായുദ്ധത്തിനും മുന്‍പുള്ള കാലഘട്ടത്തിലേക്ക് സഞ്ചരിക്കണം.
വെല്‍കം റ്റു റോസ്സ് ഐലന്റ്!

ആന്‍ഡമാന്‍ ദീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപാണ് റോസ്സ് ഐലന്‍ഡ് (Ross island). കേവലം 70 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണം.  ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലാണ്. ജനവാസം ഇല്ല. ടൂറിസ്റ്റുകളും ഉദ്യോഗസ്ഥന്മാരും മാത്രം! സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ദ്വീപില്‍ മാനുകളും, കോഴികളും, മയിലുകളും മറ്റും മാത്രം ബാക്കിയാവും.



ഡാനിയല്‍ റോസ്സ് എന്ന മറൈന്‍ സര്‍വേയര്‍ ഈ ദ്വീപ് അടയാളപ്പെടുത്തിയതിന് ശേഷം, ഉടനെത്തന്നെ ഇവിടെ ആദ്യ ത്തെ കെട്ടിടം - ഒരു ആസ്പത്രി- നിലവില്‍ വന്നു;  1789 ല്‍. കാടു മൂടിയ ദ്വീപ് വെട്ടിത്തെളിയിക്കുവാനും നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുവാനും കുറെ കഷ്ടപ്പെട്ടെങ്കിലും അന്ന് ദ്വീപില്‍ കുടിയേറിയ വെള്ളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്രദമായിരുന്നു, ഈ ആസ്പത്രി. പക്ഷെ 1796 ആയപ്പോഴേക്കും പടര്‍ന്ന് പിടിച്ച മഹാമാരികള്‍ ആസ്പത്രിക്ക് ആവശ്യക്കാരില്ലാത്ത നിലയിലേക്കെത്തിച്ചു, കാര്യങ്ങള്‍. പിന്നെയും 62 കൊല്ലം കഴിഞ്ഞാണ് വന്‍കരയില്‍ നിന്നു ഇവിടേക്ക് ആളെത്തുന്നത്; നാടു കടത്തപ്പെട്ട കൊടും കുറ്റവാളികളുടെ രൂപത്തില്‍. 1857 മുതല്‍ ആന്‍ഡമാനിലേക്ക് സ്വാതന്ത്യ സമര സേനാനികളെയും നാടു കടത്തിത്തുടങ്ങി. ഒടുക്കം ബ്രിട്ടീഷുകാര്‍, പ്രധാന ജയില്‍ പോര്‍ട്ട് ബ്ലെയറിലും വസതികളും ഓഫീസുകളും മറ്റും റോസ്സ് ഐലന്റിലും എന്നു നിശ്ചയിച്ച് വീണ്ടും കെട്ടിടങ്ങള്‍ പണി തുടങ്ങി. 1857 ല്‍ ഏതൊരു മരം മുറിച്ചാലും, ഇട തിങ്ങിയ കാട് കാരണം നിലത്തു വീഴാത്ത അവസ്ഥയായിരുന്നു റോസ് ഐലന്റില്‍. പതുക്കെ പതുക്കെ ഇവിടെ, പള്ളി, സിമിത്തേരി, ബേക്കറി, നൃത്ത ശാല, ബസാര്‍, ജല ശുദ്ധീകരണ ശാല, പ്രിന്റിംഗ് പ്രെസ്സ്, ബാള്‍ റൂം, റ്റെന്നിസ് കോര്‍ട്ട്, നീന്തല്‍ കുളം മുതലായ സജ്ജീകരണങ്ങള്‍ എല്ലാം ആയി. കൂടെ കിഴക്ക് പടിഞ്ഞാറായി ദ്വീപിന് കുറുകെ ഒരു മതിലും. മതിലിന്റെ ഒരു വശത്ത് ബ്രിട്ടീഷു കാരുടെ ഭവനങ്ങള്‍; മറുവശത്ത് അവരുടെ ജോലിക്കാരുടെയും.


26-06-1941 ഇന്ത്യന്‍ സമയം വൈകീട്ട് 04.21 ന്  ഉണ്ടായ അതിശക്തമായ ഒരു ഭൂകമ്പം, ദ്വീപിനെ നെടുകെ പിളര്‍ന്നു. പിളര്‍ന്ന ഒരറ്റം കടലില്‍ താഴുകയും, മറ്റെ അറ്റം അതിന്റെ മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഏതായാലും ദ്വീപിന്റെ വിസ്തീര്‍ണ്ണം ഏതാണ്ട് 70 ഏക്കറായി കുറഞ്ഞു; ഭൂമിയുടെ ചെരിവുകള്‍ മാറി മറിയുകയും ചെയ്തു. ഏറെക്കുറെ എല്ലാ കെട്ടിടങ്ങളും ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു പോകുകയോ ചെയ്തു.അതോടെ ബ്രിട്ടീഷുകാര്‍ ഈ ദ്വീപ് ഉപേക്ഷിച്ച പോലെയായി!


ദ്വീപ് മുറിഞ്ഞ് താഴ്ന്നത് ഇവിടം മുതലാണത്രെ!
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്! ഇന്ന് ഇവ നോക്കിക്കാണുമ്പോള്‍, ആ പഴയ പണിക്കാരെ നാം മനസ്സാ വണങ്ങും. ഒന്നര നൂറ്റാണ്ടോളം പ്രകൃതിയുടെ താഡനങ്ങളേറ്റുവാങ്ങിക്കൊണ്ട് അവശിഷ്ടങ്ങള്‍ തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

പള്ളിയുടെ അവശിഷ്ടം
പവര്‍ ഹൌസ്

അരയാലിംഗനം!

ജല ശുദ്ധീകരണ ശാല.

കാലത്തിനു പോലും തോല്‍പ്പിക്കാനാവാത്തവ!

താങ്കള്‍ എന്നെ കാണാന്‍ വൈകി- 150 വര്‍ഷത്തോളം!
 1942 മാര്‍ച്ച് 23 ന് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ കീഴടക്കി. തകര്‍ന്നു കിടന്ന റോസ് ഐലാന്റില്‍ അവര്‍ മിലിറ്ററി ക്യാമ്പ് തുടങ്ങി. ജാപ്പാനീസ് ബങ്കറുകള്‍ എന്നറിയപ്പെടുന്ന നിരവധി ഭൂഗര്‍ഭ അറകള്‍ അവര്‍ നിര്‍മ്മിച്ചു. പല ബങ്കറുകളും നശിച്ചു പോയി. അപകടാവസ്ഥയിലായതിനാല്‍ ബാക്കിയുള്ളതിലേക്ക് പ്രവേശനവും ഇല്ല.
ജാപ്പനീസ് ബങ്കര്‍
                                                    

വിലപിടിപ്പുള്ള നിധികള്‍ ഈ ദ്വീപിലെവിടെയൊക്കെയോ ജപ്പാന്‍കാര്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ശ്രുതി. ഇത് കൈക്കലാക്കാനാണ് പോലും അവര്‍ ദ്വീപ് പാട്ടത്തിന് ചോദിക്കുന്നത്. നമ്മളല്ലേ കക്ഷികള്‍! നമുക്ക് കിട്ടാത്തവ മറ്റുള്ളവര്‍ക്ക് കൊടുത്ത ചരിത്രമുണ്ടോ? ജപ്പാന്‍കാര്‍ പോയി പണി നോക്കട്ടെ. അല്ല പിന്നെ! (ഞാനും കുറച്ചൊക്കെ അവിടെ തിരഞ്ഞു നോക്കി, കേട്ടൊ!)

ജപ്പാന്‍കാര്‍ കാരണം ആന്‍ഡമാനില്‍ നമുക്കും അഭിമാനിക്കാന്‍ ചില മുഹൂര്‍ത്തങ്ങള്‍ വീണ് കിട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ആദ്യമായി (താത്കാലികമായെങ്കിലും) മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശം ആന്‍ഡമാന്‍ ആണ്. 1943 ഡിസംബര്‍ 29ന് നേതാജി ഇവിടെയെത്തി, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. പക്ഷെ 1945 ല്‍ ജപ്പാന്‍ യുദ്ധത്തില്‍ തോറ്റതോടു കൂടി എല്ലാം പഴയ പടിയായി.

1979 ഏപ്രില്‍ 18 ന് റോസ്സ് ഐലന്റ് ഇന്ത്യന്‍ നേവിക്ക് ഏല്‍പ്പിച്ചു കൊടുത്തു; പോര്‍ട്ട്ബ്ലെയറിന്റെ രക്ഷക്കു വേണ്ടി. പക്ഷെ കാലങ്ങളായി  റോസ്സ് ഐലാന്റ്  ചെയ്തു കൊണ്ടിരുന്നത് അതു തന്നെ യായിരുന്നു. 1941 ലെയും,2004 ലെയും സുനാമികളുടെ ആഘാതം മുഴുവന്‍ ഏറ്റു വാങ്ങി പോര്‍ട്ട്ബ്ലെയറിനെ രക്ഷിച്ചത് റോസ്സ് ഐലന്റ് ആയിരുന്നു.

സുനാമിക്കെടുതികളില്‍ നിന്ന് തല ഉയര്‍ത്തുന്ന മരങ്ങള്‍..


റോസ്സ് ഐലന്റ് ഇല്ലായിരുന്നെങ്കില്‍ പോര്‍ട്ട് ബ്ലെയര്‍ മുഴുവനും സുനാമി കൊണ്ട് പോകുമായിരുന്നു എന്നാണ് വിദഗ്ദ്ധാഭിപ്രായം.

അമ്മയുടെ സ്നേഹം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഒരു മൂത്ത സഹോദരിയെപ്പോലെ റോസ് ഐലന്റ് ഇന്നും പോര്‍ട്ട് ബ്ലെയറിനെ കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു.