Wednesday, January 19, 2011

ബകന്‍


അങ്ങനെ ഒടുവില്‍ ബകാസുരന്‍ വീണു.
യാമങ്ങളോളാം നീണ്ട മുഷ്ടിയുദ്ധത്തിന് ശേഷം.
ഒരു വന്മല പോലെ; കാട്ടുപന പോ‍ലുള്ള കൈകാലുകള്‍ പരത്തി വെച്ക്ഹ്,
ബകന്‍ വെറും മണ്ണില്‍ തളര്‍ന്ന് കിടന്നു.അടഞ്ഞു പോയ മിഴികള്‍ പണിപ്പെട്ട്
തുറന്നപ്പോള്‍ തലക്കല്‍ ഉദ്ധതനായി, കാല്‍ കവച്ച് വെച്ച് നില്‍ക്കുന്ന ഭീമനെ അയാള്‍ കണ്ടു.
ഭീമന്റെ വൃകസമാനമായ ഒതുങ്ങിയ വയറാണ് ആദ്യം ദൃഷ്ടിയില്‍ പെട്ടത്. പിഴുതെടുത്ത വന്മരം
അപ്പോഴും ഭീമന്‍ ഒറ്റക്കൈയ്യാല്‍ മുറുക്കിപ്പിടിച്ചിരുന്നു.

ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി, മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചു. ഇഷ്ടപ്പടി ഭക്ഷണം നേടാന്‍ എനിക്കൊരു പ്രയാസവും ഉണ്ടാ‍യിരുന്നില്ല.
എന്നിട്ടിപ്പോള്‍ നന്ദി കെട്ടവര്‍ താങ്കളെ തേടിപ്പിടിച്ച് എനിക്കെതിരെ തിരിച്ചിരിക്കുന്നു. ഇല്ല, മഹാത്മാവേ, എനിക്ക്, അങ്ങയോടൊരു കന്മഷവും ഇല്ല. പക്ഷെ, കരാര്‍ തെറ്റിച്ച്, എനിക്കുള്ള ഭക്ഷണം മുടക്കുക മാത്രമല്ല, എന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്ത ഈ മനുഷ്യരോട് എനിക്കിനി ഒരു മമതയും ഇല്ല. എന്റെ നഷ്ടപ്പെട്ട ആസ്വാദനങ്ങളെച്ചൊല്ലി മാത്രമേ എനിക്ക് ഖേദമുള്ളൂ. അവ തിരിച്ച് പിടിക്കാന്‍ എനിക്ക് ആശയുണ്ട്.

അങ്ങ് എനിക്കൊരു വരം നല്‍കാന്‍ കനിവ് കാണിക്കണം.അങ്ങയുടെ വംശാവലികള്‍ അവസാനിക്കുന്നത് വരെ ഞാനിനി മനുഷ്യ ലോകത്തിലേക്കില്ല. അതിനു ശേഷംതിരിച്ചു വരാനും, എന്റെ രാക്ഷസധര്‍മ്മങ്ങള്‍ നിര്‍ബാധം അനുഷ് ഠിക്കുവാനും അങ്ങെന്നെ അനുവദിക്കണം."

ഭീമന്‍ ഒരു മാത്ര ആലോചിച്ചു, മാനവകുലത്തിന്റെ കൃതഘ്നതയെപ്പറ്റി നിരന്തരം ബോദ്ധ്യപ്പെട്ടിട്ടുള്ള തനിക്ക് ബകന്റെ ആവശ്യം തികച്ചും ന്യായമായേ തോന്നുന്നുള്ളൂ. "ശരി, നിനക്ക് തിരിച്ച് വരാന്‍ ഞാന്‍ അവസരം തരാം. പക്ഷെ, നിനക്ക് ലഭിക്കാന്‍ പോകുന്ന മോക്ഷം വെടിഞ്ഞ് വെറും പ്രതികാരത്തിന് വേണ്ടി തിരിച്ചു വരുന്നതിനെന്തര്‍ത്ഥം? മോക്ഷപ്രാപ്തിക്ക് ശേഷവും നിനക്ക് തിരിച്ചു വരാം. അരൂപിയായി.

കലികാലത്തിന്റെ ഒടുവിലെ പാദത്തില്‍, ഭാരതവര്‍ഷത്തിന്റെ തെക്കെയറ്റത്ത്, വിന്ധ്യനും തെക്ക്, കേരളം എന്ന ഒരു ഭൂവിഭാഗം നിലവില്‍ ഉണ്ടാവും. അറിവിന്റെ അഹങ്കാരവുമായി മത്തു പിടിച്ച് നടക്കുന്ന ഒരു പറ്റം ജനങ്ങളായിരിക്കും ഇവിടത്തെ അന്തേവാസികള്‍. ലഹരിയിലും സ്ത്രിസുഖങ്ങളിലും ആണ്ടു മുങ്ങുന്ന ഇവര്‍ കപട സദാചാരത്തിന്റെ മുഖം മൂടിയണിഞ്ഞായിരിക്കും എപ്പോഴും നടക്കുന്നത്. ഒരു പറ്റം കൊടികള്‍ക്ക് കീഴില്‍ വിരുദ്ധ ചേരികളിലായി അവര്‍ പരസ്പരം പട വെട്ടിക്കൊണ്ടിരിക്കും. കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭത്തെപ്പോലെ ഇവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള കൊടികള്‍ ചുമന്ന് കൊണ്ട് നടക്കും. കൊടിയെന്തിനെന്നോ, പടവെട്ടുന്നതെന്തിനെന്നോ അവര്‍ക്കറിയില്ല, അറിയാനൊട്ടാഗ്രഹവും ഇല്ല. കൊല്ലുന്നവനറിയില്ല, എന്തിനാണ് താന്‍ കൊല്ലുന്നതെന്ന്; കൊല്ലപ്പെട്ടവനറിയില്ല എന്തിനാണ് ചത്തതെന്ന്.

അരൂപിയായി വന്ന് നീ ഇവരെ ആവേശിക്കുക. ഓരോ കൊടിയിലും മാറി മാറി പാര്‍പ്പുറപ്പിക്കുക. അപരന്റെ കൊടിക്കീഴിലുള്ളവരെ കൊന്ന് വീഴ്ത്തുവാന്‍ അവരെ ഉപദേശിക്കുക. നിനക്ക് കാണാം അതിലെ വഴി നടക്കുന്നവരെപ്പോലും കൊല്ലാന്‍ വാളോങ്ങി അവര്‍ ഓടുന്നത്. അക്രമം അവര്‍ക്ക് വളരെ ഇഷ്ടമാണ്. ആരും അറിയരുതെന്ന് മാത്രം. ചെറിയ ഒരു പ്രോത്സാഹനം കൊടുത്താല്‍ മാത്രം മതി. അവര്‍ ഇനിയും നിരര്‍ത്ഥകമായി പരസ്പരം കൊന്നു വീഴ്ത്തട്ടെ. ഈ ജനതതി മുഴുവന്‍ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടാലും ഒന്നും സംഭവിക്കാനില്ല. ലോകം അത്രയും നന്നാവുകയേ ഉള്ളൂ.



അരൂപിയായതിനാല്‍, കൊന്നവരെ തിന്നു തീര്‍ക്കേണ്ട ബാദ്ധ്യത പോലും നിനക്കില്ല്ല.നിന്റെ അസ്തിത്വം ആര്‍ക്കും തിരിച്ചറിയാനും ആവുകയില്ല. രാക്ഷസാചാരത്തില്‍ മറഞ്ഞിരുന്നാക്രമിക്കുന്നതിന് കുഴപ്പമില്ലല്ലോ! മനുഷ്യ കുലത്തില്‍ പിറന്നു പോയ ഈ അധമ ജീവികളെ യഥേഷ്ടം ഉന്മൂലനം ചെയ്തു കൊള്ളുക. നിന്റെ സാന്നിദ്ധ്യം പോലും ആരും സംശയിക്കുകയില്ല. വിജയീഭവ!
സന്തുഷ്ടചിത്തനായി ബകന്‍ സമാധിയായി.

പിന്നെയുള്ളതെല്ലാം ചരിത്രം.