Wednesday, March 2, 2011

കുന്തെ ഹബ്ബ - അടിയാളരുടെ ആഘോഷം.

കുന്തെ ഹബ്ബ

കുടകിലെ ആദിവാസികളുടെ സവിശേഷമായ ഒരു ആചാരമാണ് “കുന്തെ ഹബ്ബ“ അല്ലെങ്കില്‍ “ബോഡു ഹബ്ബ”. ദൈവത്തെ തെറി വിളിക്കുന്ന ആഘോഷം എന്നാണ് ഈ വാക്കുകളുടെ ഏകദേശ പരിഭാഷ. വീരാജ് പേട്ട താലൂക്കിലെ തിത്തിമത്തി എന്ന ഗ്രാമത്തിലുള്ള ദേവര്‍പുര എന്ന സ്ഥലത്താണ് ഇത് കൊണ്ടാടുന്നത്. കുടകിലെ ചെറുപട്ടണമായ ഗോണിക്കുപ്പക്കടുത്താണ് ഈ സ്ഥലം. ദേവര്‍പുരയിലെ അയ്യപ്പ ക്ഷേത്രത്തിലാണ് ഇതിന്റെ ആഘോഷപൂര്‍ണമായ സമാപനം.





കേട്ടാല്‍, ഏഴു കുളി കഴിഞ്ഞാലും പോകാത്ത മുട്ടന്‍ തെറികളാണ് ഈ ആഘോഷത്തിന്റെ പ്രധാന ഇനം. ഇന്നും ഏതാണ്ട് അടിമകളെപ്പോലെ ജീവിച്ചു വരുന്ന ആദിവാസികള്‍ക്ക് ആരെയും ഭയക്കാതെ സര്‍വ സ്വാതന്ത്ര്യത്തോട് കൂടി പരസ്യമായി, തെറി തന്നെ ഉരുവിട്ട് നടക്കാനുള്ള വര്‍ഷത്തിലെ ഒരേ ഒരു അവസരമാണിത്.



ഈ ആചാ‍രത്തിന്റെ പിന്നിലുള്ള ഒരു പ്രധാന ഐതിഹ്യം ഇപ്രകാരമാണ്: അയ്യപ്പന്‍ കര്‍ണാടകത്തിലെ ഒരു ഇഷ്ട ദൈവമാണ്. അദ്ദേഹം വനവാസിയായതു കൊണ്ട് ആദിവാസികള്‍ക്ക് പ്രിയങ്കരനുമാണ്. അദ്ദേഹമാണ് കാട്ടില്‍ അവരുടെ രക്ഷകനും വഴി കാട്ടിയും. ഒരിക്കല്‍ അവര്‍ അയ്യപ്പന്റെ കൂടെ ഉള്‍ക്കാട്ടില്‍ വേട്ടയാടിക്കോണ്ടിരിക്കെ, അവിടെയെത്തിയ ഭദ്രകാളിയോട് അയ്യപ്പന് ഇഷ്ടം തോന്നുകയും, അദ്ധേഹം കാളിയോടൊപ്പം അപ്രത്യക്ഷനാ‍വുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട വനവാസികള്‍ കാട്ടില്‍നിന്നു പുറത്തു കടക്കാന്‍ വഴി കാണാതെ ഉഴന്നു. നിരാശരായ അവര്‍ ഉച്ചത്തില്‍ ഭര്‍ത്സനങ്ങള്‍ ചൊരിഞ്ഞ് ദൈവങ്ങളോടുള്ള കോപം തീര്‍ക്കാന്‍ ശ്രമിച്ചു. പിന്നെ അതൊരു ആചാരമായി!




എല്ലാ വര്‍ഷവും മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ഈ ആചാരത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ തലേന്നു തന്നെ, തെറിയുടെ പൂരം തുടങ്ങും! കുടിച്ചു പൂക്കുറ്റിയാവാത്ത ആരെയും ഈ ഉത്സവത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല; ആണായാലും, പെണ്ണാ‍യാലും! ഇവരുടെ വേഷങ്ങള്‍ക്കുമുണ്ട് പ്രത്യേകത.

പുരുഷന്മാര്‍ കൂടുതലും സ്ത്രീ വേഷത്തിലായിരിക്കും. സാരി, പാവാട, സാല്‍വാര്‍ കമ്മീസ് എന്നിവക്കു പുറമെ, ജെട്ടിയും ബ്രേസിയറും മാത്രമണിഞ്ഞ സ്ത്രീ വേഷക്കാരും അപൂര്‍വമല്ല. ചിലര്‍ കയ്യില്ലാത്ത ബനിയന്‍ തല തിരിച്ച് കാലിലൂടെ ജട്ടിക്ക് പുറത്തു ധരിച്ച് കണ്ടു. പലരും കയ്യില്‍ എല്ലോ, കമ്പിന്‍ കഷണമോ പിടിച്ചിട്ടുമുണ്ടാകും. ഒരാള്‍ ചക്കയുടെ ഉള്ള് തുരന്ന് വൃത്തിയാക്കിയ ശേഷം, മടല്‍ ഹെല്‍മറ്റ് മാതിരി, ധരിച്ചു കണ്ടു. കണ്ണിന്റെ സ്ഥാനത്ത് രണ്ട് സുഷിരങ്ങളുമുണ്ട്.



കാലോചിതമായ പരിഷ്കാരങ്ങള്‍ ഇവരുടെ വേഷത്തിലും കാണാം. പണ്ട് ചപ്പില കൊണ്ട് മറച്ച ഉടലും കരി വാരിത്തേച്ച മുഖവും ആയിരുന്നു വേഷം. ഇന്ന് തലയില്‍ വിഗ്ഗും, കൂളിംഗ് ഗ്ലാസും, മുഖം മൂടികളും സാധാരണമാണ്. മുഖത്തും ദേഹത്തും പെയിന്റ് കൊണ്ടുള്ള അലങ്കാരങ്ങളും കാണാം. എന്നാലും സ്ത്രീ വേഷമായിരിക്കും അധികവും. കുറുംബരും പണിയരും പിന്നെ മറ്റു ചില്ലറ ആദിവാസികളും ഈ ആഘോഷത്തില്‍ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു.

പഴയ ഡ്രം, പാട്ട, കുപ്പി, വാദ്യങ്ങള്‍ അങ്ങനെ ഒച്ചയുണ്ടാക്കുന്ന എന്തും അകമ്പടി മേളത്തിനുപയോഗിക്കുന്നു. തലേന്നു മുതല്‍ ഇവര്‍ ടൌണിലെ കടകളില്‍ നിന്ന് പിരിവ് തുടങ്ങിയിട്ടുണ്ടാവും. വ്യഴാഴ്ച ഉച്ചയോടെ ഇവര്‍ ദേവര്‍പുരയിലെ അയ്യപ്പക്ഷേത്രത്തിലൊത്ത് കൂടുന്നു.അമ്പലത്തിന്‍ ചുറ്റും മണ്ടിക്കൊണ്ട്, പിന്നെ തെറിയഭിഷേകമാണ്. പലരും ദൈവങ്ങളേക്കളധികം തെറി പറയുന്നത് സ്വന്തം മുതലാളിമാരെയാണ്. വര്‍ഷം മുഴുവന്‍ അവര്‍ക്ക് ലഭിച്ച ആട്ടും തുപ്പും പലിശ സഹിതം തിരിച്ചു കൊടുക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരേ ഒരു ദിവസമാ‍ണിത്.

എല്ലാ തെറികളും തുടങ്ങുന്നത് “കുന്തേ, ഒന്തേ ദിവസ” എന്ന വായ്ത്താരിയോട് കൂടിയായിരിക്കും. (അര്‍ത്ഥം: കുന്തെ, ഒരൊറ്റ ദിവസം മാത്രം!) നാളെത്തേക്ക് ഈ സ്വാതന്ത്ര്യം നീണ്ടു നില്‍ക്കുകയില്ല എന്ന നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരിക്കും ഇത്. അല്ലെങ്കില്‍ ഇന്നത്തോടു കൂടി പറയാവുന്നത്രയും പറഞ്ഞ് തീര്‍ക്കുവാന്‍ സ്വയം ഉത്സാഹിപ്പിക്കുവാനുമായിരിക്കാം. പഴയ കാലത്ത് നമ്മുടെ നാട്ടിലും നടപ്പുണ്ടായിരുന്ന “പുലപ്പേടി, മണ്ണാപ്പേടി” മുതലായ ആചാരങ്ങളെയാണ് ഈ ഒരു ദിവസത്തെ സ്വാതന്ത്ര്യം ഓര്‍മപ്പെടുത്തുന്നത്.

അമ്പലത്തിലെ ഒരു വൃക്ഷത്തിന് ചുറ്റും മണിക്കൂറുകളോളം ആടിപ്പാടി അവശരായവര്‍ പിന്നെ പൊയ്‌വേഷങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ച് തെറികള്‍ക്കെല്ലാം മാപ്പിരക്കുന്നു. പിരിവില്‍ നിന്നൊരംശം കാ‍ണിക്കയിടുകയും ചെയ്യുന്നു.




കുടകിലെ ആദിവാസികളുടെ കൊടുങ്ങല്ലൂര്‍ ഭരണി എന്ന നിലയില്‍ മാത്രം ഇതിനെ കണ്ടാല്‍ പോര എന്നാണ് തോന്നുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജന വിഭാഗത്തിന്റെ വികാര വിസ്പോടനമാണിവിടെ സംഭവിക്കുന്നത്. ഈയിടെയായി കൂടുതല്‍ സംഘടിതമായാണ് ഈ ഉത്സവത്തിന്റെ നടത്തിപ്പ്. ആദിവാസികളില്‍ സംഘ ബോധം ഉണര്‍ത്താന്‍ ഈ ആചാരം പര്യാപ്തമാണോ?