Thursday, December 29, 2011

ജുഗാഡ്

ആദ്യമായി ജുഗാഡ് കാണുന്നത് ആഗ്രയില്‍ ജോലിയെടുക്കുമ്പോഴായിരുന്നു. ഗ്രാമീണ പാതയില്‍ പൊടി പറത്തിക്കോണ്ടോടുന്ന ഒരു വിചിത്ര വാഹനം; ദൂരക്കാഴ്ച്ചയില്‍, അതായിരുന്നു ജുഗാഡ്. വാഹനമെന്ന് കേട്ടാല്‍ മനസ്സിലോടിയെത്തുന്ന രൂപത്തിനും ഇവനുമായി യാതൊരു സാമ്യവും ഇല്ല. പാടത്ത് വെള്ളമടിക്കുന്ന ഒരു ഡീസല്‍ എഞ്ചിനും അതിനു ചുറ്റും കുറെ ആളുകളും കൂടി ഒരു വലിയ മരപ്പെട്ടിയില്‍ കയറി ഇരുന്ന് നാലു ചക്രവും വെച്ച് ... അങ്ങനെ!!



ഓടിയോടി അവന്‍ അടുത്ത വയലിലേക്ക് ഇറങ്ങുന്നതാണ് പിന്നെ കണ്ടത്. ഡ്രൈവര്‍ ഇറങ്ങി ഡീസല്‍ എഞ്ചിന്‍ അഴിച്ചെടുത്ത് കിണറിനടുത്ത് സ്ഥാപിച്ച് വയലിലേക്ക് വെള്ളം പമ്പു ചെയ്യാന്‍ തുടങ്ങി. കൂടെ വന്ന ജോലിക്കാര്‍ വയലിലെ മറ്റു ജോലികളിലും മുഴുകി. ഒഴിഞ്ഞ വണ്ടി ഇപ്പോള്‍ വെറുമൊരു മരപ്പെട്ടി മാത്രം; നാലു ടയറും ഒരു സ്റ്റിയറിങ് വീലും ഉണ്ട്, എക്സ്ട്രാ. അപ്പോഴാണ് മനസ്സിലായത്, അവനെ ഇതു വരെ ഓടിച്ചു കൊണ്ട് വന്നവനാണ് കിണറ്റിന്‍ കരയിലിരുന്ന് കുലധര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ജുഗാ‍ഡ് എന്ന നാടന്‍ ഹിന്ദി വാക്കിന്റെ ഏകദേശ പരിഭാഷ “തട്ടുമുട്ടു പരിഹാരം” എന്നാണ്. കൈവശമുള്ള സാധനങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ സാധിക്കുക എന്ന് സാരം. പഞ്ചാബിലാണത്രെ ഈ തട്ടുമുട്ട് വാഹനം ജന്മമെടുത്തത്. പഴയ വില്ലിസ് ജീപ്പിന്റെ ഷാസിയില്‍ ഒരു അഞ്ച് എച്ച് പി ഡീസല്‍ എഞ്ചിന്‍; ബോഡി എങ്ങനെയും ആവാം. മരമോ, തകിടോ, എന്തും! ആള്‍, കന്നുകാലി, കറ്റ, വൈക്കോല്‍ മുതലായവയെല്ലാം കയറ്റാവുന്ന കോലത്തിലായിരിക്കണമെന്നു മാത്രം. പാടത്തേക്ക് യജമാനനെയും വഹിച്ചു കൊണ്ട് പോയി വെള്ളമടിച്ച് കൊടുക്കുന്നവനായി മാറും ഈ ഡീസല്‍ എഞ്ചിന്‍ എന്ന് അത് കണ്ട് പിടിച്ചവന്‍ പോലും ഒരിക്കലും കരുതിക്കാണുകയില്ല്!

ഒന്നോര്‍ത്താല്‍ ഈ ജുഗാഡ് സംസ്കാരം നമ്മുടെയൊക്കെ ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടില്ലേ? ഫ്രിഡ്ജിലെ ബാക്കി വന്നവ കൊണ്ടൊരു “ജുഗാഡ് സാമ്പാര്‍” ട്രൈ ചെയ്യാത്തവരുണ്ടോ? മോരുകൊണ്ടെന്തൊക്കെയാണ് നാം ചെയ്യുന്നത്. ചോറ് ഇഡ്ഡലിയാവുന്നതും, പശയാവുന്നതും ഈ തട്ടുമുട്ടു പരിഹാരം കൊണ്ടല്ലേ? പന്തലിന്റെ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കുഴിച്ചിട്ടാല്‍ ചിതല്‍ പിടിക്കുകയേ ഇല്ല. ചിതലിന് നേരെയും ജുഗാഡ്!                                              


ജുഗാഡ് കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളെങ്ങനെ ക്രിക്കറ്റ് കളിക്കുമായിരുന്നു ആവോ!       ശരിക്കുമാലോചിച്ചാല്‍ നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു ജുഗാഡിലല്ലേ മുന്നോട്ട് പോകുന്നത്!

7 comments:

വിചാരം said...

എഴുതനുള്ള കഴിവുണ്ടെങ്കില്‍ വിഷയം ഒരു വിഷയമേ അല്ലാന്ന് ഈ രചന വ്യക്തമാക്കുന്നു ..

Unknown said...

നല്ല എഴുത്താണ് മാഷെ :)
ജുഗാഡ് വാഹനം മൂന്നാല് വര്‍ഷം മുമ്പേ ഡെല്‍ഹിയില്‍ വന്നപ്പോള്‍ താജ്മഹല്‍ കാണാന്‍ പോയപ്പോള്‍ റോഡില്‍ കണ്ടിരുന്നു. കൌതുകത്തോടെ നോക്കി യാത്രയില്‍ :)

പരിചയപ്പെടുത്തലിനു നന്ദി, പിന്നീട് ഈ ജാതി വാഹനം ഇത്തിരി മോടി കൂട്ടി ചിലയിടത്ത് കണ്ടിരുന്നൂട്ടൊ..

ente lokam said...

ജുഗാട് ..ജീവിതത്തിന്റെ നേര്‍കാഴ്ച
തന്നെ ..

വി.എ || V.A said...

....പെട്രോളിന്റെ വില ഇങ്ങനെ മേലോട്ട് പൊയ്ക്കൊണ്ടിരുന്നാൽ, ആഗ്രയിലെ ഗ്രാമത്തിലോടിക്കുന്ന ‘ജുഗാഡ്’ നമ്മുടെ കേരളത്തിലും അനതിവിദൂരഭാവിയിൽ നിലവിൽ വരും.

Areekkodan | അരീക്കോടന്‍ said...

ഈ ജൂഗാഡ് എനിക്കും ഇഷ്ടമായി.ഇത്രറ്യധികം മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ പിറന്നിട്ടും നമ്മുടെ നാട്ടില്‍ ഇങ്ങനെ ജൂഗാട് വണ്ടികള്‍ ഉണ്ടാകാത്തതെന്തേ?

Echmukutty said...

ജുഗാഡിൽ തന്നെയാ ജീവിതം ഓടുന്നത്...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ “തട്ടുമുട്ടു പരിഹാരത്തെ കുറിച്ച് ആദ്യമായറിയുകയാണ് കേട്ടൊ ഭായ്