Sunday, December 4, 2011

ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല!!!!!!

കടക്കെണിയിലായ കര്‍കരുടെ ആത്മഹത്യയുടെ കാരണം കുടുംബശ്രീ വായ്പകള്‍ അല്ല എന്ന്‍ ഒടുവില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു!

വെറുതെ അങ്ങ് പറഞ്ഞതല്ല. ആത്മഹത്യ ചെയ്ത പത്തു കര്‍ഷകരുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് നിഗമനം. റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രിക്കും പത്രങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ആത്മഹത്യകള്‍ക്ക് കുടുംബശ്രീ വായ്പകളും കാരണമാവുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ആരോപണം മൂലമാണത്രെ ഇങ്ങനെ ഒരു പഠനം വേണ്ടി വന്നത്.

ഇനി, പഠനം നടത്തിയത് ആരാണെന്നല്ലേ? വേറെയാരുമല്ല; കുടുംബശ്രീ മിഷന്‍ തന്നെ!

ഇനിയിപ്പോള്‍ എല്ലാ ബാങ്കുകാരും, ഫൈനാന്‍സുകാരും, അണ്ണന്മാരും ഇറങ്ങിത്തിരിക്കും, സ്വന്തം അന്വേഷണക്കമ്മീഷനുകളുമായി! അവരുടെ റിപ്പോര്‍ട്ടുകളും വ്യത്യസ്ഥമാവാനിടയില്ല. എല്ലാവരും കൈ കഴുകി ഒഴിഞ്ഞാല്‍ പിന്നെ കളത്തില്‍ ബാക്കിയാവുന്നത് മരിച്ച കര്‍ഷകനും മരിച്ചു ജീവിക്കുന്ന അവന്റെ കുടുംബവും മാത്രം!


റിപ്പോര്‍ട്ടിലെ ചില കണ്ടെത്തെലുകളെങ്കിലും ചര്‍ച്ച ആവശ്യപ്പെടുന്നവയാണ്. ഈ പത്തില്‍ നാലു കുടുംബങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്ന് വായ്പ ലഭിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ മൂലം കടക്കെണിയിലായി എന്ന ദുഷ്പേര് വരാന്‍ കാരണമില്ല എന്നതാണ് ഒരു വാദം. തങ്ങളു ടെ മെംബറുടെ കുടുംബത്തിന്റെ കഷ്ടാവസ്ഥ കണ്ട് മനസ്സിലാക്കി ചെറിയ തുകകള്‍ വായ്പ നല്‍കുവാന്‍ ഏതൊരു കുടുംബശ്രീയും ഉത്സാഹിക്കാറുണ്ട്; അതവരുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. തിരിച്ചടവിന് കുടുംബത്തിന് കഴിവുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നു മാത്രമേയുള്ളു. ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അങ്ങനെ ഒരു ഉറപ്പ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വായ്പ നല്‍കി തത്കാല ബുദ്ധിമുട്ടില്‍ നിന്ന് കര കയറ്റാന്‍ പ്രസ്തുത കുടുംബശ്രീ ഉത്സാഹിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഈ താത്കാലിക കരകയറ്റല്‍ പല കുടുംബങ്ങളെയും ആത്മഹത്യയില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്.  (ചിലരെങ്കിലും കൂടുതല്‍ വലിയ കുഴികളിലേക്ക് വീണിട്ടുമുണ്ട്.)

ബാക്കി ആറു കുടുംബങ്ങളില്‍ ഒന്നര മുതല്‍ ഇരുപത്തിരണ്ട് ശതമാനം വരെ മാ‍ത്രമെ കുടുംബശ്രീ വായ്പകളുടെ തോത് ഉള്ളുവത്രെ! ശരി തന്നെ; ഏറ്റവും കുറഞ്ഞത് ഇത്രയും ശതമാനം ഉത്തരവാദിത്വമെങ്കിലും ഇവര്‍ ഏറ്റെടുക്കേണ്ടതല്ലേ? മൊത്തത്തില്‍ കൈ കഴുകാമോ? ഇനി മറ്റൊരു കാര്യം. സ്വയം സഹായ സംഘങ്ങളുടെ വായ്പാതിരിച്ചടവ് തോത് പൊതുവില്‍  ഉയര്‍ന്നിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം സംഘമൊന്നാകെ വായ്പക്കാരനില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം (Peer pressure) തന്നെയാണ്. അയല്‍ വാസികളുടെ മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ തന്നെ എന്ന് ഒരു നിമിഷം ആ പാവം ചിന്തിച്ച് പോയിട്ടുണ്ടാകാം.

കുടുംബശ്രീ വായ്പകള്‍ക്ക് 6.6% പലിശ മാത്രമേ ഉള്ളൂ എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു! നൂറിന് രണ്ട് രൂപ എന്നതാണ് കുടുംബശ്രീ നാട്ടുനടപ്പ്. സ്വന്തം പണം സ്വന്തം മെംബര്‍മാര്‍ക്ക് മാത്രം നല്‍കുന്നതിനാല്‍ ഇതൊരു കുറ്റവുമല്ല. റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ ചിത്രം കാണിക്കാമായിരുന്നു.

വാസ്തവത്തില്‍ കുടുംബശ്രീ ഇങ്ങനെ ജാമ്യം എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല. പണം കടം കൊടുക്കുന്നതും അതു നിയമപ്രകാരം തിരിച്ചു ചോദിക്കുന്നതും ഒരു കുറ്റമല്ല. തിരിച്ചു ചോദിക്കുന്നതും നിയമനടപടികള്‍ എടുക്കുന്നതും അവരവരുടെ നില നില്‍പ്പിന്റെ തന്നെ ഭാഗമാണ്.

കൃഷിക്കാരാവട്ടെ, വളരെ ആത്മാര്‍ത്ഥതയുള്ളവരുമാണ്.  വിളവിന് മതിയായ വില ലഭിച്ചാല്‍ 99% കര്‍ഷകരും വായ്പ അടക്കുവാനാണ് ആദ്യം ഓടുക.

അതിനാല്‍ നമ്മുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി, ഇത്തരം ആത്മഹത്യകള്‍ കുറയുവാന്‍.

                                             --------------------------------------------------









4 comments:

പട്ടേപ്പാടം റാംജി said...

പലിശ എന്നത് ഏതു വഴിക്കായാലും പ്രശ്നം തന്നെ. സ്വന്തം അദ്ധ്വാനത്തിന് മതിയായ പ്രതിഫലം കിട്ടാത്തത് തന്നെയാണ് പ്രശനം.
വസ്തുതകള്‍ നിരത്തിയ നല്ല ലേഖനം.

മനോജ് കെ.ഭാസ്കര്‍ said...

പലിശ എന്നും പലിശ തന്നെയാണ്. അത് മൈക്രൊ ഫിനാന്‍സുകാരുടെയായാലും കോര്‍പ്പറേറ്റുകളുടെ ആയാലും. താങ്കള്‍ പറഞ്ഞതുപോലെ കുടുംബശ്രീയ്ക്ക് ഇങ്ങനെയൊരു ജാമ്യം എടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു. നല്ല ലേഖനം.

Prabhan Krishnan said...

പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍..!

ആശംസകളോടെ..പുലരി

ente lokam said...

സത്യം ആര്‍ക്കു വേണം അറിയാന്‍ ??!!
നല്ല ലേഖനം...