Thursday, February 18, 2010

പയ്യ്


എന്റെ മുറിയിലെ ജനലില്‍ കൂടി കീഴോട്ട് നോക്കിയാല്‍ കാണാം, അടുത്തവീട്ടിലെ പാറുവമ്മയുടെ പയ്യിന്റെ ആലയുടെ മേല്‍ക്കൂര. അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല. ദ്രവിച്ച നാലു മുളവാരികള്‍, ഒരു കീറിയ പ്ലാസ്റ്റിക്ക് പുതച്ചു നില്‍ക്കുന്നു. കമുകിന്റെ നാലു കാലുകളും.

അമ്മിണിയും അങ്ങനെത്തന്നെ. ചടച്ച നാലു കാലുകള്‍ താങ്ങി നിറുത്തുന്ന ഒരെല്ലിന്‍ കൂട്, രോമം മുഴുവനും കൊഴിഞ്ഞു. അവിടെയും ഇവിടെയും വ്രണങ്ങളും പരിക്കും ഉള്ള തോല്‍ പുതച്ചു നില്‍ക്കുന്ന ഒരു വയസ്സത്തിപ്പശു.

തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടിലില്‍ പാറുവമ്മ ഒറ്റക്കാണ്. തൊഴുത്തില്‍ പയ്യും അങ്ങനെത്തന്നെ. കുട്ടി നേരത്തെ ചത്തു പോയി. പാറുവമ്മയുടെ മക്കള്‍ അദ്ധ്വാനിച്ചു കഴിയുന്നു, വെവ്വേറെ പൊറുതിയായിട്ട്. പാലു വിറ്റ പണത്തിന്റെ പങ്ക് പറ്റാന്‍ മാത്രം അവര്‍ വന്നിരിക്കും. അമ്മക്കെന്തിനാ പണം? ഒറ്റത്തടിയല്ലേ?

പാറുവമ്മ ആരോടും സഹായത്തിന്നിരക്കാറില്ല. പശുവിനോടൊഴിച്ച്. വേച്ചു വേച്ചു നടന്ന് അയല്‍പ്പക്കത്തു നിന്ന് കഞ്ഞി വെള്ളവും, പുല്ലും സംഘടിപ്പിച്ചു കൊണ്ടു വന്നു അവര്‍ പയ്യിനോട് സംസാരിക്കും. “മോളെ, ശേഖരന്റെ കടയില്‍ ഇരുന്നാഴി പാലെങ്കിലും കൊടുത്താലെ, അവന്‍ അരി കടം തരികയുള്ളു. ചതിക്കരുത് “. അമ്മിണി ചതിക്കാറില്ല.

ഇത്തിരി വല്ലതും തിന്നാന്‍ കിട്ടിയാല്‍ മതി;കറവ തീരുന്നത് വരെ പയ്യ് വാലാട്ടിക്കൊണ്ട് നില്‍ക്കും. കഷ് ടിച്ച് കടക്കാരെ പറഞ്ഞു നിറുത്താന്‍ മാത്രമുള്ള പാല്‍ അവളെങ്ങനെയെങ്കിലും കൊടുക്കും. പിന്നെ പാറുവമ്മയുടെ പായ്യാരം പറച്ചില്‍ മുഴുവന്‍ വാലാട്ടിക്കൊണ്ട് നിന്ന് കേള്‍ക്കുകയുംചെയ്യും.

അയല്‍ പക്കക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത്തിരി പാലെങ്കിലും പാറുവമ്മ അവര്‍ക്ക് വിലക്കു കൊടുക്കാറുണ്ട്. എന്നാല്‍ പാലിന്റെ കട്ടി കുറവിനെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാല്‍ പാറുവമ്മ പയ്യാരം തുടങ്ങും, “കാലിത്തീറ്റക്കെല്ലാം എന്താ വില? കഞ്ഞി വെള്ളം കിട്ടാനേയില്ല. പാടത്തൊന്നും പുല്ലേയില്ല. പട്ടിണിപ്പയ്യെങ്ങിനെയാ കട്ടിയുള്ള പാല്‍ തരുന്നത്?” പരാതിക്കാര്‍ പതുക്കെ അപ്രത്യക്ഷരാകും.

മകളുടെ ഭര്‍ത്താവ് പണത്തിനായി പുറകെ നടന്ന് ശല്യം സഹിക്കാതെയായപ്പോള്‍ മാത്രമെ പാറുവമ്മയെ അരിശപ്പെട്ട് കണ്ടിട്ടുള്ളു, “കള്ളു കുടിക്കാനല്ലെ? ഒറ്റപ്പയിസ ഞാന്‍ തരില്ല“. അവരയാളെ ആട്ടി വിട്ടു. കുറെ തെറിയും പറഞ്ഞ്, കാണിച്ചുതരാം എന്ന് ഭീഷണിയും മുഴക്കി അയാള്‍ പോയി.

രണ്ടു ദിവസം കഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ പശുവിന്റെ ആലയുടെ മേല്‍ക്കൂര നിലം പൊത്തി. പോരാത്തതിന് എന്തോ അരുതാത്തത് കഴിച്ച് പയ്യിന് വയറിളക്കവും പിടിച്ചു. ചാണകവും ചളിയുമായി തൊഴുത്തും പരിസരവും കുഴമ്പു പരുവമായി. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക്ക് കൊണ്ട് പയ്യിനെ പുതപ്പിച്ച് ഒരു പൊളിഞ്ഞ കുടയും പിടിച്ച് പാറുവമ്മ പുറത്തു തന്നെ നില്‍പ്പാണ്; പായ്യാരം പറഞ്ഞു കൊണ്ട്.അപ്പോഴാണ് കോര്‍പ്പറേഷനിലെ ഏതോ വലിയ ഉദ്യോഗസ്ഥന്‍ അങ്ങോട്ട് വന്നത് ; മൂക്കും പൊത്തിപ്പിടിച്ച്.

“തള്ളെ, നിങ്ങളുടെ പയ്യിനെക്കൊണ്ട് നാട്ടാര്‍ക്കെല്ലാം വലിയ ശല്യമാണല്ലോ? ഇതിനെ ഇവിടെയൊന്നും വളര്‍ത്താന്‍ പറ്റില്ല. വീട്ടില്‍ നിന്നു നൂറ് മീറ്ററെങ്കിലും അകലെ കോണ്‍ക്രീറ്റ് തൊഴുത്തുണ്ടാക്കി, എന്നും വൃത്തിയാക്കാനുള്ള സൌകര്യത്തോടെ മാത്രമെ, വളര്‍ത്താവൂ. അതും കോര്‍പ്പൊറേഷനില്‍ നിന്നു രേഖാമൂലം സമ്മതം വാങ്ങിയ ശേഷം മാത്രം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരാതി കിട്ടിയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനകം തൊഴുത്ത് പൊളിച്ചുമാറ്റി, പയ്യിനെ എവിടെയെങ്കിലും കൊണ്ട് കളയണം.”

ഇടി വെട്ടിയവനെ പാമ്പ് കടിച്ച മാതിരിയായിപ്പോയി, പാറുവമ്മ. അവര്‍ വലിയവായിലെ നിലവിളിച്ചു. പൊളിഞ്ഞ കുട വലിച്ചെറിഞ്ഞ് മഴയത്ത് തന്നെ നിന്ന് മാറത്തടിച്ച് നിലവിളിയായി. അയല്‍ വീടുകളിലേക്കു മാറി മാറി നോക്കിക്കൊണ്ട് അവര്‍ ഉച്ചത്തില്‍ പ്രാകി.”എന്റെ പയ്യിനെതിരെ കള്ളപ്പരാതി കൊടുത്തവന്‍ കാലൊടിഞ്ഞ് കിടപ്പിലാവട്ടെ!, ഗതി പിടിക്കാതിരിക്കട്ടെ! ദൈവം തമ്പുരാനെ, നീ അവര്‍ക്ക് കൊടുത്തോളണമെ!“ വീണ്ടും അവര്‍ ഉച്ചത്തിലുച്ചത്തില്‍ പ്രാകിക്കൊണ്ടിരുന്നു. സംഗതി പന്തിയല്ലെന്നു കണ്ട് ഉദ്യോഗസ്ഥന്‍ പതുക്കെ സ്ഥലം വിട്ടു. പോകുന്ന പോക്കില്‍ ഒന്നു കൂടി ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല.

പാവം പയ്യിനും ഏതാണ്ടൊക്കെ മനസ്സിലായെന്ന് തോന്നി. കുറച്ചുസമയം അത് അനങ്ങാതെ കിടന്നു പാറുവമ്മയെ നോക്കി. പിന്നെ കണ്ണില്‍ വെള്ളം നിറച്ച് പാറുവമ്മയുടെ നേരെ തല ചെരിച്ചു. ഒരു നേര്‍ത്ത അമറല്‍. പാവം പശുവിന്റെ ജീവന്‍ പോയി.

ആര്‍ത്തലച്ച് കരയുന്ന പാറുവമ്മയെ കാണാന്‍ കെല്‍പ്പില്ലാതെ അയല്‍ക്കാര്‍ പതുക്കെ താന്താങ്ങളുടെ വീടുകളിലേക്ക് വലിഞ്ഞു. പിറ്റേന്ന് ആരൊക്കെയോ സഹായിച്ച് പാറുവമ്മ പശുവിനെ കുഴിച്ചിട്ടു. കാഴ്ച കാണാന്‍ മക്കളെല്ലാവരും വന്നിരുന്നു. മകളുടെ ഭര്‍ത്താവിനെ മാത്രം കണ്ടില്ല. തലേന്ന് കള്ള് കുടിച്ച് വരുന്ന വഴിക്ക് ഓടയില്‍ വീണ് കാലൊടിഞ്ഞ് അയാള്‍ കിടപ്പിലാണത്രെ.


--------------------------------------------------------------------------------------------------------

1 comment:

ajith said...

ഇങ്ങിനെ മനം നോവിക്കുന്ന രചനകള്‍ ബ്ലോഗില്‍ വളരെ വിരളമാണ്. വായിച്ച് കഴിഞ്ഞാലും മനസ്സില്‍ ഒരു കണ്ണീര്‍പ്പെയ്ത്ത് പൊഴിയുന്ന കഥാപാത്രങ്ങളും. അഭിനന്ദനങ്ങള്‍