Thursday, February 18, 2010

മാധവീയം

ഞാന്‍ മാധവി. വനചാരിണി. സ്വതന്ത്ര.

ബന്ധങ്ങളും ബന്ധനങ്ങളും അഴിച്ചു കളഞ്ഞവള്‍. ഞാന്‍ എന്റെ കഥ പറയാം.

വിഖ്യാതമായ സോമകുലത്തിലാണ് എന്റെ ജനനം. എന്റെ പരമപൂജ്യനായ പിതാവിനെ നിങ്ങള്‍ അറിയും. മഹാനായ നഹുഷന്റെ പുത്രന്‍ യയാതി. എന്റെ ബാല്യ കൌമാരങ്ങള്‍ മഹാ പ്രതാപവാനായ പിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞു.

പരമാനന്ദകരമായിരുന്നു ജീവിതം. ഒരു ദിവസം ഗരുഡന്‍ ഗാലവ മഹര്‍ഷിയെയും വഹിച്ച് രാജധാനിയില്‍ എത്തുന്നതുവരെ. ഒരുകാതു കറുത്ത് ലക്ഷണമൊത്ത എണ്ണൂറ് കുതിരകളെ ഭിക്ഷ യാചിക്കാനാണ് മഹര്‍ഷി എത്തിയത്. ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി കൊടുത്തിരുന്ന എന്റെ പിതാവിന്റെ പക്കല്‍ അത്തരം കുതിരകളോ, വലുതായ സമ്പത്തോ ഉണ്ടായിരുന്നില്ല.

പിതാവിന് അവശേഷിച്ചിരുന്ന സമ്പത്ത് ഞാനായിരുന്നു. അതിനാല്‍ അദ്ദേഹം എന്നെ ദാനം ചെയ്യാന്‍ തീരുമാനിച്ചു. അശ്വങ്ങളെ ചോദിച്ചുവരുന്നവന് സ്വന്തം പുത്രിയെ തന്നെ ദാനം ചെയ്യുന്നവര്‍ എത്ര പേരുണ്ട് ഈ ജഗത്തില്‍? എതിര്‍പ്പും മുറുമുറുപ്പും ഒന്നും കൂടാതെ ഞാന്‍ പിതാവിന്റെ ആജ്ഞ ശിരസാ വഹിച്ചു, ഗാലവന്റെ കൂടെ ഇറങ്ങിത്തിരിച്ചു. എന്നാല്‍ മഹര്‍ഷിക്കാവശ്യം കന്യകയെ ആയിരുന്നില്ല, കുതിരകളെയായിരുന്നു.

അദ്ദേഹത്തിന് വിശ്വാമിത്ര മഹര്‍ഷിക്ക് ഗുരു ദക്ഷിണ നല്‍കാന്‍ അപൂര്‍വങ്ങളായ ഒരു കാതു കറുത്ത എണ്ണൂറ് അശ്വങ്ങളെ ലഭിക്കണമായിരുന്നു. അതിനാല്‍ കന്യകയെ സ്വയമനുഭവിക്കാതെ ധനികരായ രാജാക്കന്മാര്‍ക്ക് സമര്‍പ്പിച്ച് പാരിതോഷികം സ്വീകരിക്കലായിരുന്നു ഗാലവന്റെ പ്രവൃത്തി. ഒരാള്‍ക്കു മടുത്താല്‍ വീണ്ടും ഒരു കന്യകയുടെ വേഷം ധരിച്ച് അടുത്ത ആളുടെ അടുത്തേക്ക്. ഓരോരുത്തരില്‍ നിന്നും ഗാലവന്‍ നേടിയ ശുല്ക്കം എന്താണെന്നോ, നിലാവുപോലെ വെളുത്ത, എല്ലാ ലക്ഷണങ്ങളും തികഞ്ഞ് ഒരു കാതു മാത്രം കറുത്ത ഇരുനൂറ് കുതിരകള്‍. ഒന്നിനു പുറകെ ഒന്നായി മൂന്ന് പേര്‍ക്ക് ഞാന്‍ വഴിപ്പെടേണ്ടി വന്നു. അവരിലാര്‍ക്കും തന്നെ അത്തരം ഇരുനൂറ് കുതിരകളിലധികം ഉണ്ടായിരുന്നില്ല.

ഈ രാജാക്കന്മാരുടെ കാമസമ്പൂര്‍ത്തിക്കായി ഞാന്‍ എന്റെ ജീവിതം ഹോമിച്ചു. ഒരോരുത്തര്‍ക്കും വേണ്ടി ഞാന്‍ ലക്ഷണയുക്തരായ ചക്രവര്‍ത്തി കുമാരന്മാരെയും പ്രസവിച്ചു.

സന്താന സൌഭാഗ്യമില്ലാതിരുന്ന സപ്തനിമാരുടെ വിദ്വേഷവും മറ്റ് അന്തപ്പുരവാസികളുടെ ഭയം കലര്‍ന്ന വെറുപ്പും എന്നും എന്റെ ചുറ്റിലുമുണ്ടായിരുന്നു.

എന്റെ മക്കളോ, ഒരിക്കലും എനിക്കുള്ളവരായിരുന്നില്ല. അവരൊരിക്കലും എന്റെ കൂടെ വന്നില്ല. ഒരോ പൊറുതിയും മതിയാക്കേണ്ടി വരുമ്പോള്‍ മക്കളെ പിരിയുന്നതിന്റെ സങ്കടം ഒരു ഉണങ്ങാത്ത മുറിവായി കൂടെയുണ്ടാകും.

ഇക്ഷാകു വംശജനും, അയോദ്ധ്യാധിപനുമായ ഹര്യശ്വ രാജാവിന്റെ അന്തപുരത്തിലേക്കാണ് ഗാലവന്‍ ആദ്യമെന്നെ തള്ളി വിട്ടത്. ആ ബന്ധത്തില്‍ കാലമേറെ ചെല്ലുന്നതിന് മുന്‍പ് എന്റെ പ്രഥമ പുത്രന്‍ വസുമനസ്സ് പിറന്നു. അവന്റെ പ്രകാശ പൂര്‍ണ്ണമായ മിഴികളില്‍ നോക്കി കിടക്കുമ്പോള്‍ ഞാനെന്റെ ദു:ഖങ്ങളും പ്രയാസങ്ങളും എല്ലാം മറന്നു. പിന്നെ, കേവലം ശിശുവായ അവനെ വിട്ട് കാശി രാജാധിപനായ ദിവോദാസന്റെ അടുത്തേക്ക് തിരിക്കേണ്ടി വന്നപ്പോള്‍ എന്റെ ഹൃദയം നുറുങ്ങിപ്പോയി. പുതിയ അന്ത:പുരവും പുതിയ സപത്നിമാരും; വിദ്വേഷത്തിനും വെറുപ്പിനും മാത്രം മാറ്റമൊന്നുമില്ല, സുരതമേളത്തിനും. ഒരു വേശ്യയുടെ ജന്‍മം പോലെ.

പ്രദര്‍ദ്ദന കുമാരന്‍ ജനിച്ച് അധികം കഴിയും മുന്‍പ് അവിടെ നിന്നും തിരിച്ച് വീണ്ടും വിരഹത്തിന്റെ തീച്ചൂളയിലേക്ക്.

അടുത്തയാത്ര ഭോജപുരത്തെ ഉശീനരാജാവിന്റെ അടുത്തേക്കായിരുന്നു. അവിടെ ശിബിയുടെ ജനനം വരെമാത്രം. ഇതുവരെയായി ഗാലവന് അറുന്നൂറ് കുതിരകളെ മാത്രമേ നേടാനായുള്ളു. ഗുരുദക്ഷിണ പൂര്‍ത്തിയാവാന്‍ ഇരുനൂറ് കുതിരകളുടെ കുറവുണ്ടായിരുന്നു. ഇനി ഇത്തരം കുതിരകള്‍ ലോകത്തിലാരുടെ പക്കലും ഇല്ല എന്നറിഞ്ഞപ്പോള്‍ അയാളുടെ മുഖമൊന്ന് കാണണമായിരുന്നു. പിന്നെ ഇതുവരെ നേടിയ കുതിരകളുമായി വിശ്വാമിത്ര മഹര്‍ഷിയുടെ അടുത്തേക്ക്. എന്നെ കണ്ടതും കാമപരവശനായ മഹര്‍ഷിയുടെ കൂടെയും കുറെ നാള്‍. അഷ്ടകന്‍ ജനിച്ചപ്പോള്‍, കാമം മടുത്ത മഹര്‍ഷി കാട്ടിലേക്ക് കയറി. ഗാലവനാകട്ടെ എന്നില്‍ പ്രീതനായതുമില്ല. പിന്നെ പരിത്വക്തയായ വധുവിനെപോലെ തിരിച്ച് പിതാവിന്റെ അടുത്തേക്ക്.

അച്ഛനും എന്നെ വേണ്ടായിരുന്നു. എന്നെ ആരെയെങ്കിലും ഏല്പിച്ച് ഭാരമൊഴിവാക്കാനായിരുന്നു അദ്ദേഹത്തിന് തിടുക്കം. പിന്നെ ഗംഗായമുനകളുടെ സംഗമസ്ഥാനത്തു വെച്ച് വീണ്ടുമൊരു സ്വയംവരഘോഷം. നൂറ് കണക്കിന് രാജാക്കന്മാര്‍ സന്നിഹിതരായിരുന്നു. പക്ഷേ, ഒരുപാട് പച്ചക്കാമദേവന്മാരുടെ വിഡ്ഡി വേഷങ്ങള്‍ക്കു മുന്‍പില്‍ ലജ്ജ അഭിനയിച്ചു കാണിക്കുവാന്‍ എനിക്കാകുമായിരുന്നില്ല.

അതിനാല്‍ അവരെയെല്ലാം അവഗണിച്ച് ഞാന്‍ വനത്തെ വരിച്ചു. എന്റെ സ്നേഹത്തിന്റെ എല്ലാ തീവ്രതയോടും കൂടി. ഇതുവരെ ഇല്ലാതിരുന്ന ഒരു വികാരത്തോടുകൂടി.

പകച്ച് നിന്നുപോയ പിതാവിനെയും ബന്ധുജനങ്ങളെയും, വിഡ്ഢിക്കോമരങ്ങളായി നിരന്ന് നിന്ന വിവാഹാര്‍ത്ഥികളെയും തിരിഞ്ഞു നോക്കാതെ ഞാന്‍ കാട്ടിലേക്ക് കയറി. വിട വാങ്ങല്‍ ചടങ്ങുകളോ
അശ്രുക്കളോ ഒന്നും ഉണ്ടായില്ല.

എന്റെ മനസ്സു നിറയെ വനമായിരുന്നു. വനത്തിന്റെ വിളിയായിരുന്നു. വനത്തിന്റെ ഗന്ധമായിരുന്നു. ജീവിതത്തിലാദ്യമായി ഞാന്‍ ഉല്‍ക്കടമായ പ്രണയം എന്തെന്നനുഭവിച്ചറിഞ്ഞു.

ഈ ഭൂമിയിലാദ്യമായി വനത്തെ അറിഞ്ഞത് ഞാനായിരുന്നു. വനം എന്നെ പ്രേമപൂര്‍വ്വം അവന്റെ വിരിമാറിലേക്കടുപ്പിച്ചു. ആ മാദക ഗന്ധത്തില്‍ ഞാന്‍ അലിഞ്ഞുപോയി. എന്റെ ഉടയാടകള്‍ കൊഴിഞ്ഞു പോയി. ഞാന്‍ പ്രകൃതിയായി. വനം പുരുഷനും. നിഷ്ക്കാമമായ സ്നേഹം ഞാന്‍ അനുഭവിക്കുകയായാരുന്നു. വനത്തിന്റെ ഓരോ അണുവും വനത്തിലെ ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇളം പുല്ലിന്റെയും തെളിനീരിന്റെയും മാധുര്യം ആസ്വദിച്ചു ഞാന്‍ നടന്നു. സിംഹ വ്യാഘ്രാദികളും, മുയലും, മാനും, മരങ്ങളും എല്ലാം എന്റെ കൂട്ടുകാരായിരുന്നു. വനത്തില്‍ ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അനുഭവിച്ചില്ല. ഒരു പര്‍ണ്ണശാല കെട്ടി എന്നെത്തന്നെ അതില്‍ തടവിലിടാനും ഞാന്‍ ഒരുങ്ങിയില്ല.

വനത്തിന്റെ ശരീരമാകെ സ്പര്‍ശിച്ച് അനുഭൂതി നുകരാന്‍ ഞാന്‍ ഉഴറി. ഞാന്‍ അറിയാത്ത, ഞാന്‍ തൊടാത്ത അണുവിട സ്ഥലം പോലും വനശരീരത്തിലുണ്ടാവരുത്. അതായിരുന്നു എന്റെ തൃഷ്ണ.

അതൊരു നീണ്ട യാത്രയായിരുന്നു. അനവധി മഹര്‍ഷിമാരുടെ ആശ്രമപരിസരങ്ങളിലൂടെ ഞാന്‍ കടന്നുപോയി. ഒരുപാട് അമ്പരപ്പുകള്‍ക്ക് നിമിത്തവും ആരാധനകള്‍ക്ക് പാത്രവും ആയികൊണ്ട്. എന്റെയാത്ര ഒരിക്കലും ഒരു പാലായനമായിരുന്നില്ല. അതൊരു നിയോഗമായിരുന്നു. ആത്മ സമര്‍പ്പണമായിരുന്നു. പക്ഷെ, അതൊരു പുനസമാഗമത്തിന്റെ മുഹൂര്‍ത്തം കൂടിയാവുമെന്ന് ആരറിഞ്ഞു. ഒരു പ്രഭാതത്തില്‍ യാത്ര തുടരവെ യാഗഭൂമിയുടെ സമീപത്തെത്തിയപ്പോള്‍ എന്തുകൊണ്ടോ എന്റെ കാലടികള്‍ ഭൂമിയില്‍ ഉറച്ചത് പോലെയായി.

വാജപേയ യാഗത്തില്‍ ഇന്ദ്രനെ തര്‍പ്പിക്കുന്ന ആ നാല് യുവാക്കളെ കണ്ടതും എന്റെ ഹൃദയം തരളിതമായി. ചക്രവര്‍ത്തി ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ അവരെ കണ്ടതും എന്റെ മാറിടം ചുരന്നുപോയി. ആ ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. അവര്‍ക്കും. മാനത്ത് നിന്ന് പൊട്ടിവീണപോലെ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഒരു വനചാരിണിയെ കണ്ടതും അവരുടെ കൈകള്‍ വിറച്ചുവോ?

മന്ത്രോച്ചാരണങ്ങള്‍ ഒരു നിമിഷം നിലച്ചു. ഹവിസ്സര്‍പ്പിച്ചുകൊണ്ടിരുന്ന കൈകള്‍ നിശ്ചലമായി. ശ്രദ്ധ പതറി. എല്ലാ കണ്ണുകളും എന്നിലായി. അപ്പോള്‍ ഒരു വെളിപാട് പോലെ എനിക്കെല്ലാം മനസ്സിലായി. ഇവരെന്റെ മക്കളാണ്. ഞാന്‍ നൊന്തു പ്രസവിച്ച് ഉപേക്ഷിച്ച് പോരേണ്ടിവന്ന എന്റെ സ്വന്തം മക്കള്‍. വസുമനസ്സാണ് ആദ്യം ഉരിയാടിയത്. 'അമ്മേ' ഞാന്‍ തരിച്ചു നിന്നുപോയി.അവന്‍ തുടര്‍ന്നു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

ഇതുവരെ ഞാന്‍കേട്ട കാടിന്റെ സംഗീതവും, പറവകളുടെ കളകൂജനങ്ങളും സൂക്ഷ്മ പ്രാണികളുടെ നിമന്ത്രണങ്ങളും ഒന്നും ഒന്നും ഇതിന് പകരമാവുകയില്ല. ആ രണ്ടക്ഷരങ്ങള്‍ അവന്റെ വായില്‍ നിന്ന് പുറപ്പെട്ട് അന്തരീക്ഷത്തിലൂടെ പറന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു. എന്റെ ഹൃദയത്തിലിരുന്ന് അവ മന്ദം മന്ദം ചിറകിളക്കുന്നത് ഞാന്‍ അറിഞ്ഞു. അവയുടെ നനുത്ത ഹൃദയസ്പന്ദനങ്ങളും ഞാന്‍ അനുഭവിച്ചു. ഒരു നിമിഷം, യുഗങ്ങളോളം ദൈര്‍ഘ്യമുള്ള ഒരു നിമിഷം, ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായികൊണ്ടിരുന്നു.

"എന്റെ മക്കളേ'' എന്റെ ഹൃദയം തേങ്ങികൊണ്ടേയിരുന്നു. ആഹ്ളാദത്തിന്റെ നോവ് ഞാന്‍ ആദ്യമായി അറിഞ്ഞു.

പതുക്കെ, വളരെ പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവന്നു. അമ്പരപ്പോടെ എന്നെ ഉറ്റുനോക്കികൊണ്ടിരുന്ന എട്ടു കണ്ണുകളാണ് എന്നെ എതിരേറ്റത്. ഒരായുസ്സു മുഴുവനും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനും ഞാന്‍ വെമ്പല്‍കൊണ്ടു. എന്റെ ജല്പനങ്ങള്‍ സാകൂതം അവര്‍ കേട്ടു കൊണ്ടിരുന്നു. അവരുടെ അമ്പരപ്പടങ്ങുന്നതും ആനന്ദാശ്രുക്കള്‍ കവിള്‍ തടങ്ങള്‍ നനക്കുന്നതും കണ്ടതും വീണ്ടുമെന്റെ നിയന്ത്രണം പൊട്ടിപ്പായി. അവരെന്റെ മടിത്തട്ടിലേക്കണഞ്ഞു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ പ്രകൃതിപോലും പുഞ്ചിരി തൂകികൊണ്ടിരിക്കുകയായിരുന്നു. യാഗത്തില്‍ നിന്നുയരുന്ന കനത്ത പുകചുരുളുകള്‍ അപ്പോഴും മുകളിലേക്കുകയായിരുന്നു. സ്വര്‍ഗ്ഗത്തിലോളം എത്തുന്ന സുഗന്ധപൂരിതമായ ധൂമം.

അപ്പോഴാണ് ഞാന്‍ ആ അദ്ഭുതകാഴ്ച കാണുന്നത്. ആ ധൂമഗോപുരത്തിലൂടെ താഴേക്ക് വീഴുന്ന ഒരു വയോ വൃദ്ധന്‍. അദ്ദേഹം ഉറക്കെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. "ദൈവമെ'' എന്നെ സത്തുക്കളുടെ മദ്ധ്യത്തില്‍ തന്നെ പതിപ്പിക്കേണമേ എന്ന്.

ആ കാഴ്ചയും സ്വരവും എന്നിലുണ്ടാക്കിയ വികാരങ്ങള്‍ പറഞ്ഞറിയിക്കുവാന്‍ ഞാന്‍ അശക്തയാണ്. അതെന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സ്വരമായിരുന്നു. ദൈവമേ, അദ്ദേഹം പുണ്യങ്ങളറ്റ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയില്‍ പതിയ്ക്കുകയായിരുന്നു.

എനിക്കപ്പോള്‍ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുളളൂ. വീണ്ടും ഭൂമിയില്‍ പതിക്കുക എന്ന മാനക്കേടില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുക എന്നത്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഞാനദ്ദേഹത്തെ എന്റെ മടിയില്‍ ഏറ്റുവാങ്ങി.

പാവം എന്റെ മക്കള്‍. അവര്‍ വീണ്ടും അമ്പരന്ന് നില്‍പ്പാണ്. കാര്യം വിശദീകരിച്ചപ്പോള്‍ അവര്‍ പിതാമഹനെ വണങ്ങി അനുഗ്രഹം വാങ്ങി. പിന്നെയവര്‍ നേടിവെച്ച പുണ്യങ്ങളത്രയും പിതാമഹന് അര്‍പ്പിച്ചു. ഞാനും നേടിയ പുണ്യങ്ങളുടെ പാതി അദ്ദേഹത്തിന് സമര്‍പ്പിച്ചു. സന്താന പരമ്പരകളുടെ പുണ്യത്താല്‍ ബലവാനായ യയാതി വീണ്ടും സ്വര്‍ഗ്ഗത്തിലേക്കുയരുന്നത് ആനന്ദാശ്രുക്കളോടെ ഞങ്ങള്‍ നോക്കി നിന്നു.

ഒരു അമ്മയുടെയും ഒരു മകളുടെയും മനസ്സ് എന്നില്‍ ഒരുമിച്ച് തുടിക്കുന്നത് ഞാന്‍ ആഹ്ലാദത്തോടെ അനുഭവിച്ചു.

1 comment:

ajith said...

പുരാണത്തിന്റെ പുനരാഖ്യാനം ഇഷ്ടപ്പെട്ടു