Friday, August 5, 2011

ആന്‍ഡമാനിലൂടെ

യാത്രകള്‍ ഇഷ്ടമാണ് ഒരുപാട്! പക്ഷെ പെടാപാട് പെടണം ഒന്ന് ഒരുക്കൂട്ടി വരാന്‍. കുട്ടികളുടെ സ്കൂളും ബാക്കിയുള്ളവരുടെ ഓഫീസും ഏകകാലത്ത് കനിയണം. അസുഖങ്ങള്‍ക്ക് അവധി കൊടുക്കണം. ടിക്കറ്റുകള്‍ ശരിയാകണം. ബന്ധുക്കളുടെ കല്യാണം വിളികളില്‍ നിന്നു വിദഗ്ദ്ധമായി തലയൂരണം. പത്രക്കാരന്റെയും പാല്‍ക്കാരന്റെയും മുറുമുറുപ്പ് കേട്ടില്ലെന്ന് നടിക്കണം.

കുട്ടികളുടെ വെക്കേഷന് ഇത്തവണ എങ്ങോട്ടെങ്കിലും പോയേ പറ്റൂ എന്ന് വാമഭാഗത്തിന് നിര്‍ബ്ബന്ധം. അപ്പോളതാ ഓര്‍ക്കാപ്പുറത്തൊരു സ്ഥലം മാറ്റം, തിരിച്ചു നാട്ടിലേക്ക്. അതൊരു ഉപകാരമായി. പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ഞങ്ങള്‍ സകുടുംബം തിരിച്ചു; ആന്‍ഡമാനിലേക്ക്. മറക്കാന്‍ പറ്റാത്ത ഒരു വെക്കേഷനായിരുന്നു അത്.

കെട്ടഴിഞ്ഞു വീണ മാലയിലെ പല വലിപ്പത്തിലുള്ള മുത്തുകള്‍ ചിതറിക്കിടക്കുന്നത് പോലെയുള്ള ഈ ദ്വീപ സമൂഹങ്ങളുടെ ആകാശക്കാഴ്ച അത്യാകര്‍ഷകമാണ്.  ബര്‍മ്മ മുതല്‍ ഇന്തോനേഷ്യ വരെ
നീണ്ട് കിടക്കുന്ന ഈ ദ്വീപ സമുച്ചയം നമ്മള്‍ ഇനിയും കാണുകയോ കേള്‍ക്കുയോ ചെയ്യാത്ത ജീവജാലങ്ങളെക്കൊണ്ടും സസ്യ ലതാതികളെക്കൊണ്ടും സമ്പുഷ്ടമാണ്. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലാണ് വിമാനത്താവളമുള്ളത്.

ആകാശക്കാഴ്ച


തുരുത്തുകളുടെ സാമ്രാജ്യം

 പരിഷ്കൃത(?) മനുഷ്യനുമായി സംവദിക്കാന്‍ കൂട്ടാക്കാത്ത നിരവധി കാട്ടു ജാതിക്കാരും ഇവിടെയുണ്ട്.വിഷം പുരട്ടിയ അമ്പുമായി എതിരിടുന്ന സെന്റിനല്‍സ് പോലെയുള്ളവര്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ബ്രിട്ടീഷ് ക്രൂരതക്ക് പേരുകേട്ട സെല്ലുലാര്‍ ജയിലാണ് ഇവിടെ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം. ജയിലിലെ മ്യുസിയവും തൂക്കുമരങ്ങളും, ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും മറ്റും നോവിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും, എല്ലാവര്‍ക്കും.

സെല്ലുലാര്‍ ജയില്‍



ചെറിയ കപ്പലുകളിലും ജങ്കാറുകളിലും മറ്റും നമുക്ക് ദ്വീപുകള്‍ തോറും സഞ്ചരിക്കാം. ബീച്ചുകള്‍ തോറും ഉല്ലസിച്ച് നടക്കാം.
ജങ്കാറില്‍ ബാരട്ടാംഗിലേക്ക്
ബാരട്ടാംഗ് ദ്വീപിലേക്ക് ഞങ്ങള്‍ നിലമ്പൂര്‍ വഴിയാണ് പോയത്!. ആന്‍ഡമാനില്‍ വണ്ടൂരും കാലിക്കട്ടും എല്ലാം ഉണ്ട്. നമ്മളോട് വലുതായി ചങ്ങാത്തം കൂടാത്ത ജരുവ വര്‍ഗ്ഗക്കാരെ ദൂരത്ത് നിന്ന് ഒരു നോക്ക് കാണാന്‍ ഒത്തു. പക്ഷെ ഇവിടെ ക്യാമറക്ക് കര്‍ശന വിലക്കായിരുന്നു.


നിലമ്പൂര്‍ ഇവിടെയും!
ലോകത്ത്  അപൂര്‍വമായി കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് മഡ് വൊള്‍കാനോ. സാധാരണ അഗ്നിപര്‍വതം പോലെ ഇവിടെ സ്പോടനമോ, ചൂടുള്ള ലാവയോ ഒന്നുമില്ല. കുഴമ്പു പരുവത്തിലുള്ള മണ്ണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കും. ചിറകെട്ടി നിറുത്തിയാല്‍ മഡ് ബാത് നടത്താം. ഇന്‍ഡൊനേഷ്യയിലും മറ്റുമുള്ളവയെ അപേക്ഷിച്ച് ഇതൊരു പാവം പിടിച്ച മഡ് വൊള്‍കാനൊ ആണ് കേട്ടോ!
മഡ് വൊള്‍കാനൊ

മഡ്  വൊള്‍കാനൊ
ബാരട്ടാംഗിലെ മറ്റൊരാകര്‍ഷണം ലൈം സ്റ്റോണ്‍ കേവ്സ് ആണ്. പ്രകൃതിയുടെ കരവിരുതില്‍ രൂപം കൊള്ളുന്ന കാത്സ്യം കാര്‍ബണേറ്റ് ശില്‍പ്പങ്ങള്‍ ഗുഹക്കുള്ളിലെ അരണ്ട വെളിച്ചത്തിലും അതി സുന്ദരമാണ്. ഒരു ചെറിയ വീഡിയോ ശ്രദ്ധിക്കുക:
















ജിയോളജിസ്റ്റിന്റെ സ്വപ്നഭൂമിയാണ് ഇവിടം.

കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ!



4 comments:

തൃശൂര്‍കാരന്‍ ..... said...

വളരെ നന്നായിരിക്കുന്നു.. അടുത്ത വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു

പഥികൻ said...

നല്ല ചിത്രങ്ങൾ..അല്പം കൂടി വിവരണം ആകാമായിരുന്നു..

ajith said...

ബൂലോകത്ത് ഇത് രണ്ടാം തവണയാണ് ആന്‍ഡമാനെപ്പറ്റി വായിക്കുന്നത്. ആദ്യം മുല്ലയുടെ പോസ്റ്റിലായിരുന്നു വായിച്ചത്. നന്നായി

നിരക്ഷരൻ said...

ആൻഡമാനിൽ വണ്ടൂരും കാലിക്കറ്റും ഒക്കെ ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ജരുവ വർഗ്ഗക്കാരെ നേരിൽ കാണാനും മഡ് വോൾക്കാനോയിൽ ബാത്ത് നടത്താനുമൊക്കെ ആയി ഒരിക്കലെങ്കിലും പോകണമെന്നുണ്ട്.