Sunday, July 3, 2011

പുത്രോ രക്ഷതി...............




എ ജെ









 
ആറരയായിട്ടും വായ്പ അപേക്ഷകരുടെ തിരക്കവസാനിച്ചിട്ടില്ല. കാബിന് പുറത്ത് ഏറെ നേരമായി ഇരിക്കുന്നവരില്‍ ഒരു വൃദ്ധനും ഉണ്ട്.
തെല്ലു നേരമായി അയാള്‍ ഇരിപ്പു തുടങ്ങിയിട്ട്; മറ്റ് അപേക്ഷകരുടെയെല്ലാം ഊഴം കഴിഞ്ഞിട്ടു മതി എനിക്ക് എന്ന ഭാവത്തിലാണിരുപ്പ്. നരച്ചു നീണ്ട താടി; വിഷാദം മുറ്റിയ മിഴികള്‍. പഴയതെങ്കിലും വൃത്തിയുള്ള വേഷം.

ഒടുവില്‍ ഏതാണ്ട് ഏഴു മണിയോടെ, അയാളുടെ ഊഴം വന്നു. വിഷാദപൂര്‍ണമായ ഒരു പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു: ‘സര്‍, താങ്കളുടെ ബാങ്കില്‍ വീട് പണയത്തിന്മേല്‍ വൃദ്ധജനങ്ങള്‍ക്കുള്ള ഒരു വായ്പയുള്ളതായി അറിഞ്ഞു. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് ഞാന്‍ വന്നത്.‘

റിവേര്‍സ് മോര്‍ട്ഗേജ് എന്ന തത്വത്തില്‍ നല്‍കുന്ന പ്രസ്തുത വായ്പയെപ്പറ്റി ഞാന്‍ വിശദീകരിച്ചു. "ഈ വായ്പയില്‍ വീട്ടിന്മേലുള്ള മുഴുവന്‍ അവകാശവും താ‍ങ്കള്‍ ബാങ്കിന് വിട്ട് തരികയാണ്. താങ്കളുടെയും ഭാര്യയുടെയും കാലശേഷം വസ്തു ബാങ്ക് ഏറ്റെടുക്കും. മക്കളോ മറ്റ് അവകാശികളോ വായ്പ മുഴുവനും പലിശ സഹിതം ഒന്നിച്ചു തിരിച്ചടച്ചാല്‍ മാത്രമേ വസ്തു അവര്‍ക്ക് കിട്ടുകയുള്ളൂ." അനന്തരാവകാശികള്‍ക്ക് വീട്ടില്‍ അവകാശം ഒന്നും ബാക്കി നില്‍ക്കില്ല എന്ന വിവരം അയാള്‍ക്ക് നേരത്തെ അറിയാം എന്ന് തോന്നി.

എത്ര രൂപ വായ്പ കിട്ടും എന്നായിരുന്നു അടുത്ത ചോദ്യം. നഗരത്തില്‍ നിന്ന് അല്‍പ്പമകന്ന്, ഒരു ചെറിയ വീട് വാങ്ങാനുള്ള തുക കിട്ടുമെന്നറിഞ്ഞപ്പോളാണ് അയാളുടെ മുഖം ഒന്നു വിടര്‍ന്നത്.

ഉള്ള വീട് മക്കള്‍ക്ക് കിട്ടാതാക്കി, പുതിയ വീട് തേടിപ്പോകുന്ന ഇയാള്‍ ഒരു ദുഷ്ടനാണോ എന്ന് ഒരു വേള ഞാന്‍ സംശയിച്ചു പോയി. എന്തിനാണ് പുതിയ വീട് എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാള്‍ തന്റെ കഥ പറഞ്ഞു:

തുഛമായ പെന്‍ഷന്‍ തുക കൊണ്ടാണ് അയാളുടെ കുടുംബം ജീവിക്കുന്നത്. മകള്‍ വിവാഹബന്ധം ഒഴിഞ്ഞ് വീട്ടില്‍ നില്‍പ്പാണ്. ചില്ലറ ട്യൂഷന്‍ എടുത്ത് അവള്‍ അച്ഛനെ സഹായിക്കുന്നു. മകനാണ് പ്രശ്നക്കാരന്‍. കുടിക്കാത്തപ്പോള്‍ ആള്‍ നല്ലവന്‍. മദ്യപാനം തുടങ്ങിയാല്‍ യാതൊരു നിയന്ത്രണങ്ങളും ഏശുകയില്ല. അമ്മയെയും അച്ഛനെയും അടിക്കും. മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെ സ്വന്തം ഭാര്യയും കുഞ്ഞും ഉപേക്ഷിച്ചു പോയി.

‘എനിക്കവന്റെ തല്ലു കൊള്ളാന്‍ മടിയില്ല. പക്ഷെ അവന്റെ അമ്മയെ അവന്‍ തല്ലുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോവുകയാണ്. അന്‍പത് കൊല്ലത്തെ വിവാഹ ജീവിതത്തില്‍ ഒരിക്കലും അവളെ ഞാന്‍ നുള്ളിപ്പോലും നോവിച്ചിട്ടില്ല.' കണ്ണീര്‍ തുടച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു: " ഞങ്ങള്‍ കിട്ടുന്ന തുകയ്ക്ക് ഒരു ചെറിയ വീട് വാങ്ങി അങ്ങോട്ട് മാറാനിരിക്കുകയാണ്. കുടിച്ചു കൂത്താടാന്‍ ഈ വീട് അവനും കൂട്ടുകാര്‍ക്കും വിട്ടു കൊടുക്കാം. ഞങ്ങളുടെ കാലശേഷം അവന്‍ വായ്പ അടക്കുകയോ ഈ വീട്ടിലേക്ക് വരികയോ എന്തു വേണമെങ്കിലും ആകട്ടെ. അതിനു മുന്‍പ് എന്റെ മകളെ ഒരു കരയ്ക്കാക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു." അയാള്‍ തേങ്ങി.

ഞാനയാളെ സമാധാനിപ്പിച്ച് അയച്ചു. കടലാസു പണികള്‍ ശരിയാക്കിയാല്‍ വളരെയെളുപ്പം വായ്പ പാസാക്കിക്കൊടുക്കാം എന്ന് ഉറപ്പും നല്‍കി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും വന്നു, വെറും കയ്യോടെ.

തത്കാലം വായ്പാപദ്ധതി വേണ്ടെന്ന് വെച്ച വിവരം അറിയിക്കാ‍നാണയാള്‍ വന്നത്. മകനെ ഒറ്റയ്കാക്കി വീട് മാറാന്‍ ഭാര്യ സമ്മതിക്കുന്നില്ലത്രെ! നമ്മളും കൂടി ഉപേക്ഷിച്ചാല്‍ മകന്‍ എന്തായിത്തീരും എന്നായിരുന്നു അവരുടെ ചോദ്യം! 
                                                         ---------------------------------------


3 comments:

എ ജെ said...

നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

പൈമ said...

‘എനിക്കവന്റെ തല്ലു കൊള്ളാന്‍ മടിയില്ല. പക്ഷെ അവന്റെ അമ്മയെ അവന്‍ തല്ലുന്നത് കാണുമ്പോള്‍ എന്റെ നെഞ്ച് കലങ്ങിപ്പോവുകയാണ്. അന്‍പത് കൊല്ലത്തെ വിവാഹ ജീവിതത്തില്‍ ഒരിക്കലും അവളെ ഞാന്‍ നുള്ളിപ്പോലും നോവിച്ചിട്ടില്ല.

‘ഒരു പാട് പേരുടെ വിലാപമാണ ....മാഷ് ..എഴുതിയത്
ലഹരി തകര്‍ക്കുന്ന സ്നേഹം ...
വളരെ നല്ലത്

word verification മാറ്റു
comment idan alkkar madikkum

ajith said...

ദൈന്യം..... ഒന്നുമേ പറയാനില്ല. വാക്കുകള്‍ വ്യര്‍ത്ഥമാകുന്ന ചില സമയങ്ങളുണ്ടല്ലോ.