Saturday, March 20, 2010

ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം.

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.

ഇസ്ലാം എന്നത് നിരവധി പ്രവാചകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കപ്പെട്ട, ദൈവീക നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. പലരും കരുതുന്നതു് പോലെ ഇസ്ലാമിനു തുടക്കമിട്ടത് മുഹമ്മദ് എന്ന പ്രവാചകനല്ല. അദ്ദേഹം പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നു മാത്രം. ജീവിതത്തിലെ മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ സാമ്പത്തിക കാര്യങ്ങളിലും ഇസ്ലാമിനു പരിപക്വമായ വീക്ഷണങ്ങള്‍ ഉണ്ട്.

ഭൂമിയിലെ വിഭവങ്ങള്‍ ദൈവം എല്ലാ ജീവജാ‍ലങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ചതാണ്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് തുല്ല്യ നിലയിലല്ല.അത്തരം ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇസ്ലാം ഒരിക്കലും മുന്നോട്ടു വെക്കുന്നുമില്ല. എന്നാല്‍ സമ്പത്തിനെ അവജ്ഞയോടെ നോക്കിക്കാണുന്ന സന്യാസ ജീവിതമോ, സമ്പത്ത് ഏതാനും വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമാകുന്ന കാപ്പിറ്റലിസ്റ്റിക് വ്യവസ്ഥിതിയോ ഇസ്ലാം അനുകൂലിക്കുന്നില്ല. സമൂഹത്തിനോടുള്ള ബാദ്ധ്യതക്ക് ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അയല്‍ വാസി (ഏതു മതത്തില്‍ പെട്ടവനായാലും) പട്ടിണി കിടക്കുമ്പോള്‍, വയര്‍ നിറച്ചുണ്ണുന്നവന്‍ ഇസ്ലാമില്‍ പെട്ടവനല്ല തന്നെ.

ഇസ്ലാമിക മൂല്യങ്ങള്‍ പ്രകാരമുള്ള സമത്വം, ജീവിത വിഭവങ്ങള്‍ സമ്പാദിക്കുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങളിലെ അവസര സമത്വമാണ്. സമൂഹത്തിന് ദോഷം ചെയ്യാത്ത, ദൈവിക ശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത, ഏത് തൊഴിലും ചെയ്ത് സമ്പത്ത് നേടുവാന്‍ ഇസ്ലാം അനുവദിക്കുന്നു. തൊഴിലില്‍ ഉച്ച നീചത്വങ്ങളില്ല.സമ്പാദിച്ചത് ന്യായമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. ലുബ്ധ് ഇസ്ലാം അംഗീകരിക്കുന്നില്ല.

നിഷിദ്ധമായ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കോ, നാടിന് പൊതുവേയോ വിനാശകരമായ എല്ലാം ഇതില്‍ ഉള്‍പ്പെടും. മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍, വേശ്യാവൃത്തി, ചൂതാട്ടം, ലോട്ടറി, പലിശ ഇടപാടുകള്‍, ഊഹക്കച്ചവടം, വ്യക്തതയില്ലാത്ത ഇടപാടുകള്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇല്ലാത്ത ഗുണങ്ങള്‍ പരസ്യം ചെയ്തോ, ദോഷങ്ങള്‍ മറച്ചു വെച്ചോ വില്‍പ്പന വര്‍ദ്ധിപ്പിക്കല്‍ മുതലായവ തീര്‍ത്തും നിരോധിക്കപ്പെട്ടിരിക്കുന്നു.

ഇതു പോലെ, നിര്‍ബന്ധ ദാനം (സക്കാത്ത്) ഇസ്ലാമിലെ ഒരു പ്രധാന നിയമമാണ്. ശേഖരിച്ചു വെക്കപ്പെടുന്ന സമ്പത്തിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും, ഖനിജങ്ങള്‍ക്കും മറ്റും, നിബന്ധനകള്‍ക്ക് വിധേയമായി, നിശ്ചിത ശതമാനം സക്കാത്ത് അര്‍ഹതപ്പെട്ട ദരിദ്രര്‍ക്ക് എത്തിച്ചു കൊടുക്കുകയെന്നത് ദാദാവിന്റെ മേല്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ഒരാളുടെ നീക്കിയിരിപ്പുള്ള സമ്പത്തിലാണു സക്കാത്ത്. അനുവദനീയമായ മാര്‍ഗത്തില്‍ ചിലവഴിച്ചു കൊണ്ടിരുന്നാല്‍ ആ സമ്പത്തിനു നിര്‍ബന്ധ ദാനം ഇല്ല. ഐഛിക ദാനം ആകാം. ബാങ്ക് ഡെപ്പോസിറ്റ്, സെക്യുരിറ്റി ഡെപ്പോസിറ്റ്, കാര്‍ഷികാദായം, സ്വര്‍ണ്ണം, കച്ചവടത്തിലുള്ള സ്റ്റോക്ക് മുതലായവ ദാനം നിര്‍ബന്ധമാക്കിയവയില്‍പ്പെടും. മേല്‍പ്പറഞ്ഞ നീക്കിയിരിപ്പുള്ള സമ്പത്തില്‍ നിന്നു ആദായം ഒന്നും കിട്ടുന്നില്ലെങ്കില്‍ പോലും ദാനം നിര്‍ബന്ധമാണ്. വരുമാനവും ആദായ നികുതിയും പോലെയുള്ള ഒരു ബന്ധം ഇവിടെ പ്രസക്തമല്ല. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗമല്ല, സമ്പത്തിന്റെ തന്നെ ഒരു ഭാഗം ക്രമേണ പാവപ്പെട്ടവരിലേക്കെത്തിച്ചേരണമെന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്.

ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി പിന്തുടരേണ്ട വിശ്വാസ സംഹിതകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മുകളില്‍ വിശദീകരിച്ചത്. ഇവ അനുസരിച്ചു ജീവിക്കാന്‍ കഴിയാത്തവര്‍ മുസ്ലിമല്ല എന്നു തന്നെ വേണം മനസ്സിലാക്കുവാന്‍. ഇനിയിപ്പോള്‍ ലോകത്തിലാകെ എത്ര മുസ്ലിംകള്‍ ഉണ്ട് എന്നൊന്നും എന്നോട് ദയവായി ചോദിക്കരുതേ!

ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് തന്നെ തിരിച്ചു വരാം. പലിശയുടെ എല്ലാ വശങ്ങളും ഇസ്ല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പലിശ വാങ്ങലും, കൊടുക്കലും, അതിന്റെ കണക്കെഴുതലും സാക്ഷിനില്‍ക്കലും പോലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ മുസ്ലിം ലോകത്തില്‍ നിരവധി ജനങ്ങള്‍ ബാങ്കിടപാടുകളില്‍ നിന്നു വിട്ട് നില്‍ക്കുന്നുണ്ട്. പലിശയുടെ നീരാളിപ്പിടിത്തത്തില്‍പ്പെട്ട് നട്ടം തിരിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ വേറെയും ഉണ്ട്. പലിശ വ്യവസ്ഥ രാഷ്ട്രങ്ങളെയും വ്യക്തികളെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 1901 ല്‍ ഒരു ബില്യണ്‍ ഡോളറില്‍ താഴെ മാത്രം ആഭ്യന്തര കടമുണ്ടായിരുന്ന അമേരിക്കയില്‍ 1998ല്‍ അത് നാലായിരം ഇരട്ടിയായി വര്‍ദ്ധിച്ചു. പലിശ ഇനത്തില്‍ വ്യക്തികളും രാഷ്ട്രങ്ങളും ചിലവാക്കുന്ന തുകയുടെ വലിപ്പം നമുക്കൂഹിക്കാന്‍ പോലുമാകില്ല.

ഇസ്ലാമിക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്കോ, വായ്പകള്‍ക്കോ പലിശയില്ല. പണത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയേയും, കുമിഞ്ഞു കൂടലിനേയും ഇസ്ലാം അംഗീകരിക്കുന്നില്ല. വായ്പകള്‍ നല്‍കുമ്പോള്‍ ലാഭനഷ്ട പങ്കാളിത്തത്തോടെ, ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്കാണ് നല്‍കുക. വായ്പയുപയോഗിച്ച് ഉദ്ദേശിക്കുന്ന സംരംഭം വിജയിക്കുമെന്ന് ബാങ്കിന് ബോദ്ധ്യമായാല്‍, അധികമായി ഈടുകളൊന്നും (collateral securities) ആവശ്യമില്ല. സ്വന്തം കുറ്റം കൊണ്ടല്ലാതെ, സംരംഭകന്‍ പരാജയപ്പെട്ടാല്‍ നഷ്ടം മുഴുവന്‍ ബാങ്ക്/നിക്ഷേപകന്‍ വഹിക്കുന്നതാണ് രീതി.

വാഹനമോ ഉല്പാദന സാമഗ്രികളോ വാടകയ്ക് കൊടുത്ത് നമുക്ക് പണം സമ്പാദിക്കുവാന്‍ കഴിയും. എന്നാല്‍ പണമുണ്ടാക്കുവാന്‍ വേണ്ടി കയ്യില്‍ ഉള്ള പണം വാടകക്ക് കൊടുക്കുന്നത് പോലെയുള്ള ഒരു ഇടപാടാണ് പലിശ വ്യവസ്ഥിതി. ഇവിടെ കൊടുത്ത പണം ഉല്പാദനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല; സംരംഭങ്ങളിലെ റിസ് കുകളും പണം നല്‍കിയവനെ ബാധിക്കുന്നില്ല. നല്‍കിയത് സമയത്തിനു തന്നെ പലിശ സഹിതം തിരിച്ചു കിട്ടണം. ഇല്ലെങ്കില്‍ ഈടായിത്തന്ന വസ് തു വിറ്റോ, ഭീഷണി പ്രയോഗിച്ചോ ഒക്കെ പണം വസൂലാക്കിയിരിക്കും. പണത്തെ വിനിമയ മൂല്യത്തിന്റെ മാധ്യമം എന്ന നിലക്കല്ലാതെ, ഒരു ചരക്കായി കൈമാറ്റം ചെയ്തു കൊണ്ടിരുന്നാല്‍ അത് പലിശ ഇടപാടിലേക്കാണ് നയിക്കുക. അതിനാല്‍ ഇസ്ലാമിക് ബാങ്കിംഗില്‍ പലിശ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നു.

മാത്രമല്ല, ബാങ്ക് വായ്പ നല്‍കുന്ന സംരംഭങ്ങള്‍ വ്യക്തതയുള്ള സാമ്പത്തിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നവയാകുകയും വേണം. സാമ്പത്തിക അസമത്വങ്ങള്‍ സൃഷ്ടിക്കുന്നവയോ, ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് വഴിമരുന്നിടുന്നവയോ, നിഷിദ്ധങ്ങളോ ആയ ഒരു സംരംഭവും ഇസ്ലാമിക ബാങ്കിന്റെ വായ്പകള്‍ക്കര്‍ഹമല്ല. ബാങ്കിന്റെ ഉന്നതാതികാര സമിതി, മറ്റു സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കൊപ്പം ഈ വക കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശേഷമേ വായ്പകളില്‍ തീരുമാനം എടുക്കുകയുള്ളൂ.

ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതി പരിശോധിക്കാം.


നിക്ഷേപങ്ങള്‍:

പുരാതന കാലം മുതല്‍ നടന്നു വരുന്ന അടിസ്ഥാനപരമായ ബാങ്കിടപാടാണ് ഇത്. സുരക്ഷിതത്വത്തിനു വേണ്ടി ബാങ്കിലിടുന്ന പണം നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും പിന്‍ വലിക്കാവുന്നതാണ്. ഈ സൂക്ഷിപ്പ് ജോലിക്ക് ബാങ്ക് ചെറിയ ഒരു ഫീസ് ഈടാക്കുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ഹ്രസ്വ കാല ആവശ്യങ്ങള്‍ക്കായി ഈ പണം ബാങ്ക് ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവെ ഇതിനെ ഡിമാന്റ് ഡെപ്പൊസിറ്റ് എന്നു വിളിക്കുന്നു. ഈ പണമുപയോഗിച്ച് ബാങ്ക് നേട്ടമുണ്ടാക്കിയാല്‍ അതില്‍ ഒരോഹരി നിക്ഷേപകന് സമ്മാനം എന്ന നിലയ്ക്ക് കൊടുക്കാറുണ്ട്. നഷ്ടം പറ്റിയാല്‍ അത് ബാങ്ക് തനിയെ വഹിക്കും.

ദീര്‍ഘ കാലാവധിക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കാറുണ്ട്. ഇവിടെ ഒറിജിനല്‍ നിക്ഷേപത്തുക കാലാവധിക്കു തിരിച്ചു നല്‍കാം എന്ന ഉറപ്പാണ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിക്കകത്ത് ഈ പണം യുക്തമായ രീതിയില്‍ ഉപയോഗിക്കുവാന്‍ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടാവും. അങ്ങനെയുള്ള സംരംഭങ്ങളില്‍ എന്തെങ്കിലും ലാഭമുണ്ടായാല്‍ അതില്‍ ഒരോഹരി നിക്ഷേപകനുമായി പങ്കു വെക്കുവാനും ബാങ്ക് ഒരുക്കമാണ്. എന്നാല്‍ ഈ സംഖ്യ പലിശ പോലെ നിര്‍ണ്ണീതമല്ല. കിട്ടിയാല്‍ കിട്ടി; അത്രേയുള്ളു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൂലധന വര്‍ധനവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ സംരംഭങ്ങളില്‍ വരുന്ന നഷ്ടം ബാങ്ക് തനിയെ വഹിക്കും.

മൂന്നാമത്തെ വകുപ്പാണ് സംരംഭങ്ങളില്‍ നിക്ഷേപിക്കാനായി ഓഹരി മൂലധനം പൊതുജനങ്ങളില്‍ നിന്നു സ്വരൂപിക്കല്‍. ബാങ്ക്, വായ്പ നല്‍കാന്‍ നിശ്ചയിച്ച സംരംഭങ്ങളില്‍ ഇങ്ങനെ സ്വരൂപിച്ച ഓഹരി മൂലധനം ഉപയോഗിക്കുന്നു. സംരംഭങ്ങളില്‍ നിന്നുള്ള ബാങ്കിനവകാശപ്പെട്ട ലാഭത്തിന്റെ ഒരു പങ്ക് ഇങ്ങനത്തെ ഓഹരി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കുന്നു.

ഈ ഏര്‍പ്പാടുകളിലെല്ലാം, ലാഭം കിട്ടിയാല്‍ അതിലൊരു നിശ്ചിത ഭാഗം നല്‍കാം, എന്നല്ലാതെ കൃത്യമായ തുക മുന്‍ കൂട്ടി ഉറപ്പു നല്‍കുന്ന സംവിധാനമില്ല തന്നെ. അതായത് എന്റെ പണം തനിയെ പെറ്റ് പെരുകി എനിക്കു കൂടുതല്‍ പണവുമായി തിരിച്ചു വരും എന്ന ഒരു ഉറപ്പു ആര്‍ക്കും ലഭിക്കുന്നില്ല. അതിനാല്‍ തന്നെ പലിശ മോഹിച്ചു ആരും ഇവിടെ നിക്ഷേപം നടത്തുന്നുമില്ല.

ഇതു കൂടാതെ, ലോക്കര്‍, സേഫ് കസ്റ്റഡി മുതലായ സൌകര്യങ്ങളും, മറ്റു സ്ഥലങ്ങളിലേക്കും, തിരിച്ചും പണമയക്കാനുള്ള സൌകര്യങ്ങളും, ഫീസടിസ്ഥാനത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ട്.


വായ്പകള്‍:

ഇസ്ലാമിക് ബാങ്കുവായ്പകളിലും പലിശ പരിപൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പാര്‍ടിസിപ്പേറ്ററി ഫിനാന്‍സിംഗ് എന്ന രൂപത്തിലാണ് വായ്പകള്‍ കൂടുതലും. ഉഭയകക്ഷി സമ്മത പ്രകാരം ഒരു സര്‍വീസ് ചാര്‍ജ് ചിലപ്പോള്‍ ഉണ്ടായിരിക്കും. ഇടപാടുകാരന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിലവിലുണ്ട്.

1.മുദാറബ (Profit sharing):

ഇവിടെ നിക്ഷേപകന്‍, സംരംഭകന്‍, ബാങ്ക് ഇങ്ങനെ മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഒരു കരാര്‍ ആണ് നിലവില്‍ വരിക. സംരംഭകന്റെ സാമ്പത്തിക പങ്കാളി എന്ന നിലയിലാണ് നിക്ഷേപകന്‍ നിശ്ചിത സംരംഭങ്ങളില്‍ മുതലിറക്കുന്നത്. അതില്‍ വരുന്ന ലാഭം സംരംഭകനുമായി പങ്കു വെക്കും; നഷ്ടം നിക്ഷേപകന്‍ തന്നെ വഹിക്കും. ബാങ്ക്, ലാഭത്തിലെ നിശ്ചയിക്കപ്പെട്ട വിഹിതമോ, ഒരു ഫീസോ വാങ്ങിക്കും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ബാങ്കുകള്‍ നിരവധി നിക്ഷേപകരില്‍ നിന്നു പണം ശേഖരിച്ച് ഒരു ഫണ്ട് ഉണ്ടാക്കുന്നു. ഇതുപയോഗിച്ച് പല മേഖലകളിലുള്ള സംരംഭകരെ സഹായിക്കുന്നു. ഇവിടെ ലാഭ നഷ്ടങ്ങളിലെ പങ്ക് ബാങ്കും നിക്ഷേപകരും വീതിച്ചെടുക്കുന്നു. കാപ്പിറ്റല്‍ മുഴുവനുമായി നഷ്ടപ്പെട്ടാല്‍ പോലും സംരംഭകന് വായ്പ തിരിച്ചടക്കാനായി സാമ്പത്തിക പ്രയാസം സഹിക്കേണ്ടി വരുന്നില്ല. നഷ്ടം മുഴുവനും ബാങ്കും നിക്ഷേപകരും വഹിക്കുന്നു. വളരെ കാര്യക്ഷമമായി നടക്കുന്ന ചില ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായും വഹിക്കാറുണ്ട്. അതിനാല്‍ തന്നെ വളരെ കാര്യക്ഷമതയോടെ സംരംഭം മുന്നോട്ട് കൊണ്ട് പോകുവാ‍ന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമെ ബാങ്ക് ഈ വായ്പ നല്‍കുകയുള്ളു. ഇവരുടെ കണക്കുകളുടെ പരിശോധനയും ബാങ്ക് കൃത്യമായി നടത്തും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ഇസ്ലാമി്ക് ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായി വഹിക്കാറുണ്ട്. ഇവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ കഴിയും.

2. മുറാബഹ (Cost plus or deferred sale finance)

ഇവിടെ സംരംഭകന് ആവശ്യമുള്ള ഒരു വസ്തു ബാങ്ക് വാങ്ങി അവര്‍ക്ക് കൈമാറ്റം ചെയ്യുന്നു, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഒരു ലാഭത്തോട് കൂടി ഈ തുക സംരംഭകന്‍ ഒരു നിശ്ചിത കാലാവധിക്കകം ഒരുമിച്ചോ തവണകളായോ, ബാങ്കിലേക്ക് തിരിച്ചടക്കുന്നു. തിരിച്ചടവു പൂര്‍ണമായാല്‍ വസ്തുവിന്റെ ഉടമാവകാശം സംരംഭകന് നല്‍കുന്നു. തിരിച്ചടവില്‍ താമസം വന്നു പോയാല്‍ പോലും, പലിശയോ പിഴയോ ഈടാക്കുവാന്‍ അനുവാദമില്ല.

വീടോ വാഹനങ്ങളോ വാങ്ങുവാന്‍ ഈ വായ്പ ധാരാളമായി ഉപയോഗപ്പെടുത്തുന്നു.

3. മുഷാരക (Joint partnership)

ഇതും ഒരു ലാഭനഷ്ട പങ്കാളിത്തത്തോടു കൂടിയുള്ള സംയുക്ത സംരംഭമാണ്. ഓരോ നിക്ഷേപകന്റെയും വിഹിതത്തിനനുസരിച്ചും, സംരംഭകന്റെ പരിശ്രമങ്ങള്‍ക്കനുസരിച്ചും ഉള്ള ലാഭ വിഹിതം അവര്‍ക്ക് ലഭിക്കുന്നു. ഡിമിനിഷിങ് മുഷാരക എന്ന രീതിയില്‍ വീട്/വാഹന വായ്പകള്‍ക്കും ഇതു ഉപയോഗപ്പെടുത്താറുണ്ട്. വീട് വാങ്ങുവാനുദ്ദേശിക്കുന്ന വ്യക്തി ആദ്യം സ്വന്തം സാമ്പത്തിക ഭദ്രത ബാങ്കിനെ ബോദ്ധ്യപ്പെടുത്തുന്നു. പിന്നെ വീടിന്റെ വിലയുടെ എത്ര ശതമാനം സ്വന്തം മാര്‍ജിനായി നല്‍കും എന്നും വ്യക്തമാക്കുന്നു. ബാങ്കിന് സ്വീകാര്യമെങ്കില്‍ ബാക്കി ഭാഗം വായ്പയായി അനുവദിക്കുന്നു. ഉഭയകക്ഷി സമ്മതപ്രകാരം തിരിച്ചടവിന്റെ കാലാവധി തീരുമാനിക്കുന്നു. ആ കാലയളവിലേക്ക് ബാങ്ക് ഈ വീട് അദ്ദേഹത്തിനു തന്നെ, ഒരു വാ‍ടക നിശ്ചയിച്ച് നല്‍കുന്നു. നല്‍കിയ മാര്‍ജിന്‍ തുകയ്ക്ക് ആനുപാതികമായി വാടകയിലൊരു പങ്ക് വായ്പ എടുത്ത ആള്‍ക്കുള്ളതാണ്. അതു കഴിച്ച തുക മാത്രം അയാള്‍ വാടകയിലേക്കടച്ചാല്‍ മതി. പ്രാദേശിക ഘടകങ്ങള്‍ക്കനുസരിച്ച് ഉഭയസമ്മതപ്രകാരമാണ് വാടക നിശ്ചയിക്കുക. വാടകക്ക് പുറമെ, മുതലിലേക്കു ഒരു തുകയും വായ്പ എടുത്ത ആള്‍ അടച്ചു കൊണ്ടിരിക്കുന്നു. മുതലിലേക്കുള്ള ഷെയര്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബാങ്കിലേക്കടക്കുന്ന വാടകയുടെ ഷെയര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.


4. സുകൂക് (Bonds)

ഇസ്ലാമിക് ബോണ്ടുകളാണ് ഈ ഗണത്തില്‍ പെടുന്നത്. സാധാരണ ബോണ്ടുകളില്‍ ഉടമയ്ക് മുതലും പലിശയും മാത്രം ലഭിക്കുമ്പോള്‍, സുകൂക്കില്‍ പ്രസ്തുത നിക്ഷേപത്തിലെ ഉടമസ്ഥാവകാശവും വരുമാനത്തിലെ ആനുപാ‍തിക വിഹിതവും ലഭിക്കുന്നു.

ഇസ്ലാമിക് ബോണ്ട് വിപണി ഈയടുത്ത കാലത്തായി വളരെയധികം വളര്‍ന്നിട്ടുണ്ട്. ഇതില്‍ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് പടിഞ്ഞാറു നിന്നുള്ള വന്‍കിട കോര്‍പൊറേറ്റ് സ്ഥാപനങ്ങളാണ്. ലണ്ടനില്‍ മാത്രം ഇസ്ലാമിക ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതി വര്‍ഷം ഇരുപത് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ക്രയവിക്രയങ്ങള്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷ വളര്‍ച്ച 15% ശതമാനത്തോളമുണ്ട്.

വിവിധ രാജ്യങ്ങള്‍ റോഡ്, പാലങ്ങള്‍ മുതലായ സര്‍ക്കാര്‍ സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ സുക്കൂക് ബോണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. സര്‍ക്കാര്‍ നേരിട്ടിറക്കുമ്പോള്‍ ഇവക്ക് വന്‍ ജനപിന്തുണയും ലഭിക്കുന്നുണ്ട്.

എന്നാലും അത്യാര്‍ത്തി പെരുത്ത ചില കോര്‍പ്പോറേറ്റുകള്‍, ആഡംബര വസതികളുടെയും മറ്റും നിര്‍മാണ, വായ്പാ സംരംഭങ്ങള്‍ക്കായി സുക്കൂക് വിപണിയെ ഉപയോഗിച്ച് പുലിവാലു പിടിച്ച കാര്യം ദുബൈ വേള്‍ഡ് എന്ന കമ്പനിയില്‍ ഈയിടെ ഉണ്ടായ പ്രശ്നങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.

2009 ലെ ഒരു സര്‍വേ പ്രകാരം വികസിത രാജ്യങ്ങളിലും, ഇസ്ലാമിക രാജ്യങ്ങളിലുമുള്ള അഞ്ഞൂറോളം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ 29% വാര്‍ഷിക വളര്‍ച്ച നേടുന്നുണ്ട്. 2009 ല്‍ അവര്‍ 822 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക വളര്‍ച്ച നേടി. ഈ കാലയളവില്‍ പല പരമ്പരാഗത ബാങ്കുകളും തകര്‍ന്നു പോകുകയാണ് ചെയ്തത്.

ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.

വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു. ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്റെ കേളികൊട്ട് കേരളത്തിലാണുയരുന്നത്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
*************************************************************************

1 comment:

ajith said...

സാമി ഉടക്കുമോ...?