 |
റോസ്സ് ഐലന്റ് - ആകാശക്കാഴ്ച |
വര്‍ഷങ്ങളായി ജപ്പാന് ഗവര്‍മെന്റ് ഇന്ത്യന്‍ ഗവര്‍മെന്റിനോട് ഒരു അഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുകയാണത്രെ! നയതന്ത്ര തലത്തില്‍...... അതീവ രഹസ്യമായി!! ആന്‍ഡമാനിലെ ഒരു കുഞ്ഞു ദ്വീപായ റോസ്സ് ഐലന്റ് ഒരു ദിവസത്തിന് അവര്‍ക്ക് പാട്ടത്തിന് നല്‍കണം. ഒറ്റ ദിവസത്തിന് ശേഷം ഭദ്രമായി തിരിച്ചേല്‍പ്പിക്കാം! കനത്ത ഒരു പ്രതിഫലവും നല്‍കാം!
നമ്മുടെ സര്‍ക്കാര്‍ ഇതുവരെ ഈ ഓഫര്‍ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ജപ്പാന്റെ വിചിത്രമായ ഈ ആഗ്രഹത്തിന്റെ പൊരുളറിയുവാന്‍ നാം രണ്ടാം ലോക മഹായുദ്ധത്തിനും മുന്‍പുള്ള കാലഘട്ടത്തിലേക്ക് സഞ്ചരിക്കണം.
 |
വെല്‍കം റ്റു റോസ്സ് ഐലന്റ്! |
ആന്‍ഡമാന്‍ ദീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപാണ് റോസ്സ് ഐലന്‍ഡ് (Ross island). കേവലം 70 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണം. ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലാണ്. ജനവാസം ഇല്ല. ടൂറിസ്റ്റുകളും ഉദ്യോഗസ്ഥന്മാരും മാത്രം! സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ദ്വീപില്‍ മാനുകളും, കോഴികളും, മയിലുകളും മറ്റും മാത്രം ബാക്കിയാവും.

ഡാനിയല്‍ റോസ്സ് എന്ന മറൈന്‍ സര്‍വേയര്‍ ഈ ദ്വീപ് അടയാളപ്പെടുത്തിയതിന് ശേഷം, ഉടനെത്തന്നെ ഇവിടെ ആദ്യ ത്തെ കെട്ടിടം - ഒരു ആസ്പത്രി- നിലവില്‍ വന്നു; 1789 ല്‍. കാടു മൂടിയ ദ്വീപ് വെട്ടിത്തെളിയിക്കുവാനും നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുവാനും കുറെ കഷ്ടപ്പെട്ടെങ്കിലും അന്ന് ദ്വീപില്‍ കുടിയേറിയ വെള്ളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്രദമായിരുന്നു, ഈ ആസ്പത്രി. പക്ഷെ 1796 ആയപ്പോഴേക്കും പടര്‍ന്ന് പിടിച്ച മഹാമാരികള്‍ ആസ്പത്രിക്ക് ആവശ്യക്കാരില്ലാത്ത നിലയിലേക്കെത്തിച്ചു, കാര്യങ്ങള്‍. പിന്നെയും 62 കൊല്ലം കഴിഞ്ഞാണ് വന്‍കരയില്‍ നിന്നു ഇവിടേക്ക് ആളെത്തുന്നത്; നാടു കടത്തപ്പെട്ട കൊടും കുറ്റവാളികളുടെ രൂപത്തില്‍. 1857 മുതല്‍ ആന്‍ഡമാനിലേക്ക് സ്വാതന്ത്യ സമര സേനാനികളെയും നാടു കടത്തിത്തുടങ്ങി. ഒടുക്കം ബ്രിട്ടീഷുകാര്‍, പ്രധാന ജയില്‍ പോര്‍ട്ട് ബ്ലെയറിലും വസതികളും ഓഫീസുകളും മറ്റും റോസ്സ് ഐലന്റിലും എന്നു നിശ്ചയിച്ച് വീണ്ടും കെട്ടിടങ്ങള്‍ പണി തുടങ്ങി. 1857 ല്‍ ഏതൊരു മരം മുറിച്ചാലും, ഇട തിങ്ങിയ കാട് കാരണം നിലത്തു വീഴാത്ത അവസ്ഥയായിരുന്നു റോസ് ഐലന്റില്‍. പതുക്കെ പതുക്കെ ഇവിടെ, പള്ളി, സിമിത്തേരി, ബേക്കറി, നൃത്ത ശാല, ബസാര്‍, ജല ശുദ്ധീകരണ ശാല, പ്രിന്റിംഗ് പ്രെസ്സ്, ബാള്‍ റൂം, റ്റെന്നിസ് കോര്‍ട്ട്, നീന്തല്‍ കുളം മുതലായ സജ്ജീകരണങ്ങള്‍ എല്ലാം ആയി. കൂടെ കിഴക്ക് പടിഞ്ഞാറായി ദ്വീപിന് കുറുകെ ഒരു മതിലും. മതിലിന്റെ ഒരു വശത്ത് ബ്രിട്ടീഷു കാരുടെ ഭവനങ്ങള്‍; മറുവശത്ത് അവരുടെ ജോലിക്കാരുടെയും.
26-06-1941 ഇന്ത്യന്‍ സമയം വൈകീട്ട് 04.21 ന് ഉണ്ടായ അതിശക്തമായ ഒരു ഭൂകമ്പം, ദ്വീപിനെ നെടുകെ പിളര്‍ന്നു. പിളര്‍ന്ന ഒരറ്റം കടലില്‍ താഴുകയും, മറ്റെ അറ്റം അതിന്റെ മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഏതായാലും ദ്വീപിന്റെ വിസ്തീര്‍ണ്ണം ഏതാണ്ട് 70 ഏക്കറായി കുറഞ്ഞു; ഭൂമിയുടെ ചെരിവുകള്‍ മാറി മറിയുകയും ചെയ്തു. ഏറെക്കുറെ എല്ലാ കെട്ടിടങ്ങളും ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു പോകുകയോ ചെയ്തു.അതോടെ ബ്രിട്ടീഷുകാര്‍ ഈ ദ്വീപ് ഉപേക്ഷിച്ച പോലെയായി!
 |
ദ്വീപ് മുറിഞ്ഞ് താഴ്ന്നത് ഇവിടം മുതലാണത്രെ! |
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്! ഇന്ന് ഇവ നോക്കിക്കാണുമ്പോള്‍, ആ പഴയ പണിക്കാരെ നാം മനസ്സാ വണങ്ങും. ഒന്നര നൂറ്റാണ്ടോളം പ്രകൃതിയുടെ താഡനങ്ങളേറ്റുവാങ്ങിക്കൊണ്ട് അവശിഷ്ടങ്ങള്‍ തല ഉയര്‍ത്തിത്തന്നെ നില്ക്കുന്നു.
 |
പള്ളിയുടെ അവശിഷ്ടം
|
 |
പവര്‍ ഹൌസ് |
 |
അരയാലിംഗനം! |
 |
ജല ശുദ്ധീകരണ ശാല. |
 |
കാലത്തിനു പോലും തോല്‍പ്പിക്കാനാവാത്തവ! |
 |
താങ്കള്‍ എന്നെ കാണാന്‍ വൈകി- 150 വര്‍ഷത്തോളം! |
1942 മാര്‍ച്ച് 23 ന് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ കീഴടക്കി. തകര്‍ന്നു കിടന്ന റോസ് ഐലാന്റില്‍ അവര്‍ മിലിറ്ററി ക്യാമ്പ് തുടങ്ങി. ജാപ്പാനീസ് ബങ്കറുകള്‍ എന്നറിയപ്പെടുന്ന നിരവധി ഭൂഗര്‍ഭ അറകള്‍ അവര്‍ നിര്‍മ്മിച്ചു. പല ബങ്കറുകളും നശിച്ചു പോയി. അപകടാവസ്ഥയിലായതിനാല്‍ ബാക്കിയുള്ളതിലേക്ക് പ്രവേശനവും ഇല്ല.
 |
ജാപ്പനീസ് ബങ്കര്‍ |
വിലപിടിപ്പുള്ള നിധികള്‍ ഈ ദ്വീപിലെവിടെയൊക്കെയോ ജപ്പാന്‍കാര്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ശ്രുതി. ഇത് കൈക്കലാക്കാനാണ് പോലും അവര്‍ ദ്വീപ് പാട്ടത്തിന് ചോദിക്കുന്നത്. നമ്മളല്ലേ കക്ഷികള്‍! നമുക്ക് കിട്ടാത്തവ മറ്റുള്ളവര്‍ക്ക് കൊടുത്ത ചരിത്രമുണ്ടോ? ജപ്പാന്‍കാര്‍ പോയി പണി നോക്കട്ടെ. അല്ല പിന്നെ! (ഞാനും കുറച്ചൊക്കെ അവിടെ തിരഞ്ഞു നോക്കി, കേട്ടൊ!)
ജപ്പാന്‍കാര്‍ കാരണം ആന്‍ഡമാനില്‍ നമുക്കും അഭിമാനിക്കാന്‍ ചില മുഹൂര്‍ത്തങ്ങള്‍ വീണ് കിട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ആദ്യമായി (താത്കാലികമായെങ്കിലും) മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശം ആന്‍ഡമാന്‍ ആണ്. 1943 ഡിസംബര്‍ 29ന് നേതാജി ഇവിടെയെത്തി, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. പക്ഷെ 1945 ല്‍ ജപ്പാന് യുദ്ധത്തില്‍ തോറ്റതോടു കൂടി എല്ലാം പഴയ പടിയായി.
1979 ഏപ്രില്‍ 18 ന് റോസ്സ് ഐലന്റ് ഇന്ത്യന്‍ നേവിക്ക് ഏല്‍പ്പിച്ചു കൊടുത്തു; പോര്‍ട്ട്ബ്ലെയറിന്റെ രക്ഷക്കു വേണ്ടി. പക്ഷെ കാലങ്ങളായി റോസ്സ് ഐലാന്റ് ചെയ്തു കൊണ്ടിരുന്നത് അതു തന്നെ യായിരുന്നു. 1941 ലെയും,2004 ലെയും സുനാമികളുടെ ആഘാതം മുഴുവന്‍ ഏറ്റു വാങ്ങി പോര്‍ട്ട്ബ്ലെയറിനെ രക്ഷിച്ചത് റോസ്സ് ഐലന്റ് ആയിരുന്നു.
 |
സുനാമിക്കെടുതികളില്‍ നിന്ന് തല ഉയര്‍ത്തുന്ന മരങ്ങള്‍.. |
റോസ്സ് ഐലന്റ് ഇല്ലായിരുന്നെങ്കില്‍ പോര്‍ട്ട് ബ്ലെയര്‍ മുഴുവനും സുനാമി കൊണ്ട് പോകുമായിരുന്നു എന്നാണ് വിദഗ്ദ്ധാഭിപ്രായം.
അമ്മയുടെ സ്നേഹം പകര്‍ന്നു നല്കിക്കൊണ്ടിരിക്കുന്ന ഒരു മൂത്ത സഹോദരിയെപ്പോലെ റോസ് ഐലന്റ് ഇന്നും പോര്‍ട്ട് ബ്ലെയറിനെ കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു.