പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും, മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"
വഴിപോക്കരെല്ലാം ശവത്തെ പ്രാകിക്കൊണ്ട് കടന്നു പോയി. പിന്നെയെപ്പോഴൊ, സ്ഥലത്തെ യുവജന ക്ലബ്ബ്കാര്‍ ശവത്തെ ഏറ്റെടുത്തു. പോലീസുകാരെ വിളിച്ചതും, ശവം മോര്‍ച്ചറിയിലെത്തിച്ചതും അവരാണ്. കള്ള് അവരുടെയും വീക് നെസ്സ് ആയിരുന്നല്ലോ!
ശവം പൊക്കിയെടുത്ത് വണ്ടിയില്‍ വെക്കുമ്പോഴാണ് ആ തോള്‍ സഞ്ചി താഴെ വീണതും, മുഷിഞ്ഞ കടലാസ് കെട്ട് പുറത്തേക്ക് തെറിച്ചതും.ചെറുപ്പക്കാരിലൊരാള്‍ അതെടുത്ത് നോക്കി. വില കുറഞ്ഞ കടലാസില്‍ കുനുകുനാ എഴുതിക്കൂട്ടിയ കുറച്ചു കവിതകള്‍! അയാള്‍ വലിയ കവിതാപ്രേമിയൊന്നും ആയിരുന്നില്ല. അതിനാല്‍ കടലാസുകെട്ട് അയാളുടെ പാന്റിന്റെ പിന്‍ പോക്കറ്റില്‍ തത്കാലം വിശ്രമിച്ചു. അനാഥ ശവത്തെ വേണ്ട പോലെ കൈകാര്യം ചെയ് ത സംതൃപ്തിയില്‍ അവര്‍ പിരിഞ്ഞു.
വൈകിട്ടത്തെ കുടിവട്ടം കേമമായിരുന്നു. ഒരു നല്ല കാര്യം ചെയ്ത ആവേശത്തിലായിരുന്നു മെമ്പര്‍മാര്‍ എല്ലാവരും. കുടി കുറെ മൂത്തപ്പോളാണ് നമ്മുടെ ചങ്ങാതിക്ക് കടലാസിന്റെ ഓര്‍മ വന്നത്. അയാള്‍ അതെടുത്ത് കൂട്ടത്തിലെ കവിക്കേല്‍പ്പിച്ചു കൊടുത്തു. കവി അവ ഓരോന്നായി ഉച്ചത്തില്‍ ചൊല്ലാനും തുടങ്ങി.
കുടിയും ആലാപനവും കുറെ മുന്നേറിയപ്പോഴാണ് ഒരുത്തന് സംശയം! അല്ല, നമ്മള്‍ ഒരു കവിയെയല്ലെ ആരുമറിയാതെ ധര്‍മാശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടു പോയി തള്ളിയത്? കവിക്ക് പറഞ്ഞതല്ലെ കള്ളുകുടി! നമ്മളദ്ദേഹത്തെ വേണ്ടത്ര ബഹുമാനിച്ചില്ലല്ലോ! പരിഹാരം ചെയ്യണം. നാലുപേരറിയെ നമുക്ക് കവിയുടെ ശവ സംസ്കാരം നടത്തണം.
എല്ലാവര്‍ക്കും സമ്മതം.
പക്ഷെ, ഒരു പ്രശ്നം. കവിയുടെ പേരെന്താണെന്നൊരു പിടിയുമില്ല. ബാക്കി വിവരങ്ങളെപ്പറ്റി പിന്നെ പറയേണ്ടല്ലോ! നാട്ടിലൊക്കെ പരതിയിട്ടും ഒരു രക്ഷയുമില്ല! ഒടുവില്‍ ഒരു ഷീറ്റിന്റെ പുറകില്‍ വൃത്തി കെട്ട കയ്യക്ഷരത്തില്‍ നാണപ്പന്‍ എന്ന് എഴുതിയിരുന്നത് ആരോ കണ്ട് പിടിച്ചു. അങ്ങനെ പേരിന്റെ പ്രശ്നം തത്ക്കാലം പരിഹരിച്ചു. മറ്റു വിശദാംശങ്ങള്‍ തത്കാലം ഒഴിവാക്കാം എന്നും തീരുമാനമായി. അവധൂതനെപ്പോലെ ജീവിച്ച കവി എല്ലാവരില്‍ നിന്നും, തന്നില്‍ നിന്നു പോലും ഓടിയൊളിക്കുകയായിരുന്നു എന്ന് വെച്ചു കാച്ചാം!
ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം മുതലായ നൂലാമാലകള്‍ കഴിയാന്‍ ഇനിയും രണ്ട് ദിവസം കഴിയുമെന്ന് കേട്ടപ്പോല്‍ സംഘത്തിന് സമാധാനമായി. പബ്ലിസിറ്റിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ! പിന്നെ, പത്രക്കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ചാനലുകാര്‍ എല്ലാവരും നിരന്നു. അനാഥ ശവം ഒരു നാളു കൊണ്ട് മഹാകവി നാണപ്പനായി മാറി. അഴിഞ്ഞുലഞ്ഞ തലമുടിയുമായി, പരേതന്റെ ഭാര്യ പോലും ചാനലില്‍ നിറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി പ്രതിനിധിയെ പറഞ്ഞയച്ചു. പക്ഷെ, ആചാര വെടിക്ക് അനുമതി ഉണ്ടായില്ല.
ശവമടക്ക് കേമമായിരുന്നു. അതിലിടക്ക് അനാഥ ശവത്തിന് വില പറഞ്ഞുറപ്പിച്ചിരുന്ന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകാര്‍ ചില കുത്തിത്തിരുപ്പിനെല്ലാം ശ്രമിച്ചെങ്കിലും, ക്ലബ്ബുകാരുടെ സമര്‍ത്ഥമായ ഇടപെടല്‍ കാരണം അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
ഭാഗ്യത്തിന് അന്നു തിരഞ്ഞെടുപ്പോ, ബോംബേറോ ഒന്നും ഉണ്ടായില്ല. അതിനാല്‍ പത്രങ്ങളിലും ചാനലുകളിലും നാണപ്പന്‍ നിറഞ്ഞു നിന്നു.
പിറ്റേന്നത്തെ കുടിവട്ടത്തിലേക്കാണ് താടി നീട്ടി വളര്‍ത്തിയ, ക്ഷുഭിതനായ ഒരാള്‍ കടന്നു വന്നത്.
ആരാ? സാമാന്യം പിപ്പിരിയായിക്കഴിഞ്ഞിരുന്ന ക്ലബ്ബ് കവി ഒരു ചോദ്യമെറിഞ്ഞു,
ഞാന്‍. കവി നാണപ്പന്‍. നിങ്ങളെല്ലാവരും കൂടി എന്നെ ഇന്നലെ കുഴിച്ചിട്ടു,
അതെ. തനിക്ക് ഇനിയെന്ത് വേണം? വേണ്ടത്ര പബ്ലിസിറ്റി ഞങ്ങള്‍ സംഘടിപ്പിച്ചു തന്നില്ലേ?
നല്ല പബ്ലിസിറ്റി. എടോ, ഒരു തുള്ളി കുടിക്കാത്ത ഞാനിപ്പോള്‍ അടിച്ചു പൂസായി വഴിയില്‍ കിടന്നു ചത്തു എന്നായി. നിങ്ങളെല്ലാവരും കൂടി ആരെയാണ് കൊന്ന് കുഴിച്ചിട്ടത് എന്ന് വല്ല വിവരവും ഉണ്ടോ? എവിടുന്ന് തപ്പിയെടുത്തു, നിങ്ങളെന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ പെണ്ണിനെ? വീട്ടിലെത്തിയാല്‍ ഞാനെന്റെ ഭാര്യയോടെന്തു പറയും? മക്കളെന്നെപ്പറ്റി എന്തു കരുതും?
ഇനിയിപ്പോള്‍ രണ്ട് വഴിയേയുള്ളൂ. ക്ലബ് കവി ഇടപെട്ടു. ഒന്നുകില്‍ നിങ്ങള്‍ പരേതനാവാന്‍ സമ്മതിക്കുക. ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളാം. ഇരു ചെവി അറിയാതെ തന്നെ കൊന്നു കുഴിച്ചു മൂടിത്തരാം. അല്ലെങ്കില്‍ തത്കാലം നിങ്ങളുടെ ഐഡന്റിറ്റി മൂടി വെച്ച് മിണ്ടാതിരിക്കുക. ഏതാനും മാസങ്ങള്‍ ക്ഷമിച്ചിരുന്നാല്‍ പൊതുജനം എല്ലാം മറക്കും. അതു വരെ വല്ല തൂലികാ നാമത്തിലും എഴുത്.
കവി എന്തോ പ്രതിഷേധിക്കാനാഞ്ഞു. പക്ഷെ, ഒരൊറ്റ ചോദ്യത്തിലയാളൊതുങ്ങി.
"നിനക്കെന്താ, അയ്യപ്പനാകണോ?".
Original post at:
Sunday, November 21, 2010
Wednesday, May 5, 2010
ജീവിതം
പ്രണയം പെയ്തൊഴിഞ്ഞപ്പോള്‍
പ്രേയസിക്ക് ഞാനൊരു പരാതിപ്പെട്ടി!
പിന്നെ, മക്കളായപ്പോള്‍,
അവര്‍ക്ക് ഞാന്‍ വെറുമൊരു പണപ്പെട്ടി.
അച്ഛനുമമ്മയ്ക്കും ഞാന്‍,
എന്നുമൊരു ശകാരപ്പെട്ടി.
എന്നിങ്ങെത്തുമെന്റെ
(ശവ)പ്പെട്ടി?
പ്രേയസിക്ക് ഞാനൊരു പരാതിപ്പെട്ടി!
പിന്നെ, മക്കളായപ്പോള്‍,
അവര്‍ക്ക് ഞാന്‍ വെറുമൊരു പണപ്പെട്ടി.
അച്ഛനുമമ്മയ്ക്കും ഞാന്‍,
എന്നുമൊരു ശകാരപ്പെട്ടി.
എന്നിങ്ങെത്തുമെന്റെ
(ശവ)പ്പെട്ടി?
Saturday, March 20, 2010
ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം.
ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.
ഇസ്ലാം എന്നത് നിരവധി പ്രവാചകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കപ്പെട്ട, ദൈവീക നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. പലരും കരുതുന്നതു് പോലെ ഇസ്ലാമിനു തുടക്കമിട്ടത് മുഹമ്മദ് എന്ന പ്രവാചകനല്ല. അദ്ദേഹം പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നു മാത്രം. ജീവിതത്തിലെ മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ സാമ്പത്തിക കാര്യങ്ങളിലും ഇസ്ലാമിനു പരിപക്വമായ വീക്ഷണങ്ങള്‍ ഉണ്ട്.
ഭൂമിയിലെ വിഭവങ്ങള്‍ ദൈവം എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ചതാണ്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് തുല്ല്യ നിലയിലല്ല.അത്തരം ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇസ്ലാം ഒരിക്കലും മുന്നോട്ടു വെക്കുന്നുമില്ല. എന്നാല്‍ സമ്പത്തിനെ അവജ്ഞയോടെ നോക്കിക്കാണുന്ന സന്യാസ ജീവിതമോ, സമ്പത്ത് ഏതാനും വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമാകുന്ന കാപ്പിറ്റലിസ്റ്റിക് വ്യവസ്ഥിതിയോ ഇസ്ലാം അനുകൂലിക്കുന്നില്ല. സമൂഹത്തിനോടുള്ള ബാദ്ധ്യതക്ക് ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അയല്‍ വാസി (ഏതു മതത്തില്‍ പെട്ടവനായാലും) പട്ടിണി കിടക്കുമ്പോള്‍, വയര്‍ നിറച്ചുണ്ണുന്നവന്‍ ഇസ്ലാമില്‍ പെട്ടവനല്ല തന്നെ.
ഇസ്ലാമിക മൂല്യങ്ങള്‍ പ്രകാരമുള്ള സമത്വം, ജീവിത വിഭവങ്ങള്‍ സമ്പാദിക്കുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങളിലെ അവസര സമത്വമാണ്. സമൂഹത്തിന് ദോഷം ചെയ്യാത്ത, ദൈവിക ശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത, ഏത് തൊഴിലും ചെയ്ത് സമ്പത്ത് നേടുവാന്‍ ഇസ്ലാം അനുവദിക്കുന്നു. തൊഴിലില്‍ ഉച്ച നീചത്വങ്ങളില്ല.സമ്പാദിച്ചത് ന്യായമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. ലുബ്ധ് ഇസ്ലാം അംഗീകരിക്കുന്നില്ല.
നിഷിദ്ധമായ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കോ, നാടിന് പൊതുവേയോ വിനാശകരമായ എല്ലാം ഇതില്‍ ഉള്‍പ്പെടും. മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍, വേശ്യാവൃത്തി, ചൂതാട്ടം, ലോട്ടറി, പലിശ ഇടപാടുകള്‍, ഊഹക്കച്ചവടം, വ്യക്തതയില്ലാത്ത ഇടപാടുകള്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇല്ലാത്ത ഗുണങ്ങള്‍ പരസ്യം ചെയ്തോ, ദോഷങ്ങള്‍ മറച്ചു വെച്ചോ വില്‍പ്പന വര്‍ദ്ധിപ്പിക്കല്‍ മുതലായവ തീര്‍ത്തും നിരോധിക്കപ്പെട്ടിരിക്കുന്നു.
ഇതു പോലെ, നിര്‍ബന്ധ ദാനം (സക്കാത്ത്) ഇസ്ലാമിലെ ഒരു പ്രധാന നിയമമാണ്. ശേഖരിച്ചു വെക്കപ്പെടുന്ന സമ്പത്തിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും, ഖനിജങ്ങള്‍ക്കും മറ്റും, നിബന്ധനകള്‍ക്ക് വിധേയമായി, നിശ്ചിത ശതമാനം സക്കാത്ത് അര്‍ഹതപ്പെട്ട ദരിദ്രര്‍ക്ക് എത്തിച്ചു കൊടുക്കുകയെന്നത് ദാദാവിന്റെ മേല്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ഒരാളുടെ നീക്കിയിരിപ്പുള്ള സമ്പത്തിലാണു സക്കാത്ത്. അനുവദനീയമായ മാര്‍ഗത്തില്‍ ചിലവഴിച്ചു കൊണ്ടിരുന്നാല്‍ ആ സമ്പത്തിനു നിര്‍ബന്ധ ദാനം ഇല്ല. ഐഛിക ദാനം ആകാം. ബാങ്ക് ഡെപ്പോസിറ്റ്, സെക്യുരിറ്റി ഡെപ്പോസിറ്റ്, കാര്‍ഷികാദായം, സ്വര്‍ണ്ണം, കച്ചവടത്തിലുള്ള സ്റ്റോക്ക് മുതലായവ ദാനം നിര്‍ബന്ധമാക്കിയവയില്‍പ്പെടും. മേല്‍പ്പറഞ്ഞ നീക്കിയിരിപ്പുള്ള സമ്പത്തില്‍ നിന്നു ആദായം ഒന്നും കിട്ടുന്നില്ലെങ്കില്‍ പോലും ദാനം നിര്‍ബന്ധമാണ്. വരുമാനവും ആദായ നികുതിയും പോലെയുള്ള ഒരു ബന്ധം ഇവിടെ പ്രസക്തമല്ല. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗമല്ല, സമ്പത്തിന്റെ തന്നെ ഒരു ഭാഗം ക്രമേണ പാവപ്പെട്ടവരിലേക്കെത്തിച്ചേരണമെന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്.
ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി പിന്തുടരേണ്ട വിശ്വാസ സംഹിതകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മുകളില്‍ വിശദീകരിച്ചത്. ഇവ അനുസരിച്ചു ജീവിക്കാന്‍ കഴിയാത്തവര്‍ മുസ്ലിമല്ല എന്നു തന്നെ വേണം മനസ്സിലാക്കുവാന്‍. ഇനിയിപ്പോള്‍ ലോകത്തിലാകെ എത്ര മുസ്ലിംകള്‍ ഉണ്ട് എന്നൊന്നും എന്നോട് ദയവായി ചോദിക്കരുതേ!
ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് തന്നെ തിരിച്ചു വരാം. പലിശയുടെ എല്ലാ വശങ്ങളും ഇസ്ല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പലിശ വാങ്ങലും, കൊടുക്കലും, അതിന്റെ കണക്കെഴുതലും സാക്ഷിനില്‍ക്കലും പോലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ മുസ്ലിം ലോകത്തില്‍ നിരവധി ജനങ്ങള്‍ ബാങ്കിടപാടുകളില്‍ നിന്നു വിട്ട് നില്‍ക്കുന്നുണ്ട്. പലിശയുടെ നീരാളിപ്പിടിത്തത്തില്‍പ്പെട്ട് നട്ടം തിരിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ വേറെയും ഉണ്ട്. പലിശ വ്യവസ്ഥ രാഷ്ട്രങ്ങളെയും വ്യക്തികളെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 1901 ല്‍ ഒരു ബില്യണ്‍ ഡോളറില്‍ താഴെ മാത്രം ആഭ്യന്തര കടമുണ്ടായിരുന്ന അമേരിക്കയില്‍ 1998ല്‍ അത് നാലായിരം ഇരട്ടിയായി വര്‍ദ്ധിച്ചു. പലിശ ഇനത്തില്‍ വ്യക്തികളും രാഷ്ട്രങ്ങളും ചിലവാക്കുന്ന തുകയുടെ വലിപ്പം നമുക്കൂഹിക്കാന്‍ പോലുമാകില്ല.
ഇസ്ലാമിക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്കോ, വായ്പകള്‍ക്കോ പലിശയില്ല. പണത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയേയും, കുമിഞ്ഞു കൂടലിനേയും ഇസ്ലാം അംഗീകരിക്കുന്നില്ല. വായ്പകള്‍ നല്‍കുമ്പോള്‍ ലാഭനഷ്ട പങ്കാളിത്തത്തോടെ, ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്കാണ് നല്‍കുക. വായ്പയുപയോഗിച്ച് ഉദ്ദേശിക്കുന്ന സംരംഭം വിജയിക്കുമെന്ന് ബാങ്കിന് ബോദ്ധ്യമായാല്‍, അധികമായി ഈടുകളൊന്നും (collateral securities) ആവശ്യമില്ല. സ്വന്തം കുറ്റം കൊണ്ടല്ലാതെ, സംരംഭകന്‍ പരാജയപ്പെട്ടാല്‍ നഷ്ടം മുഴുവന്‍ ബാങ്ക്/നിക്ഷേപകന്‍ വഹിക്കുന്നതാണ് രീതി.
വാഹനമോ ഉല്പാദന സാമഗ്രികളോ വാടകയ്ക് കൊടുത്ത് നമുക്ക് പണം സമ്പാദിക്കുവാന്‍ കഴിയും. എന്നാല്‍ പണമുണ്ടാക്കുവാന്‍ വേണ്ടി കയ്യില്‍ ഉള്ള പണം വാടകക്ക് കൊടുക്കുന്നത് പോലെയുള്ള ഒരു ഇടപാടാണ് പലിശ വ്യവസ്ഥിതി. ഇവിടെ കൊടുത്ത പണം ഉല്പാദനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല; സംരംഭങ്ങളിലെ റിസ് കുകളും പണം നല്‍കിയവനെ ബാധിക്കുന്നില്ല. നല്‍കിയത് സമയത്തിനു തന്നെ പലിശ സഹിതം തിരിച്ചു കിട്ടണം. ഇല്ലെങ്കില്‍ ഈടായിത്തന്ന വസ് തു വിറ്റോ, ഭീഷണി പ്രയോഗിച്ചോ ഒക്കെ പണം വസൂലാക്കിയിരിക്കും. പണത്തെ വിനിമയ മൂല്യത്തിന്റെ മാധ്യമം എന്ന നിലക്കല്ലാതെ, ഒരു ചരക്കായി കൈമാറ്റം ചെയ്തു കൊണ്ടിരുന്നാല്‍ അത് പലിശ ഇടപാടിലേക്കാണ് നയിക്കുക. അതിനാല്‍ ഇസ്ലാമിക് ബാങ്കിംഗില്‍ പലിശ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നു.
മാത്രമല്ല, ബാങ്ക് വായ്പ നല്‍കുന്ന സംരംഭങ്ങള്‍ വ്യക്തതയുള്ള സാമ്പത്തിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നവയാകുകയും വേണം. സാമ്പത്തിക അസമത്വങ്ങള്‍ സൃഷ്ടിക്കുന്നവയോ, ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് വഴിമരുന്നിടുന്നവയോ, നിഷിദ്ധങ്ങളോ ആയ ഒരു സംരംഭവും ഇസ്ലാമിക ബാങ്കിന്റെ വായ്പകള്‍ക്കര്‍ഹമല്ല. ബാങ്കിന്റെ ഉന്നതാതികാര സമിതി, മറ്റു സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കൊപ്പം ഈ വക കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശേഷമേ വായ്പകളില്‍ തീരുമാനം എടുക്കുകയുള്ളൂ.
ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതി പരിശോധിക്കാം.
നിക്ഷേപങ്ങള്‍:
പുരാതന കാലം മുതല്‍ നടന്നു വരുന്ന അടിസ്ഥാനപരമായ ബാങ്കിടപാടാണ് ഇത്. സുരക്ഷിതത്വത്തിനു വേണ്ടി ബാങ്കിലിടുന്ന പണം നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും പിന്‍ വലിക്കാവുന്നതാണ്. ഈ സൂക്ഷിപ്പ് ജോലിക്ക് ബാങ്ക് ചെറിയ ഒരു ഫീസ് ഈടാക്കുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ഹ്രസ്വ കാല ആവശ്യങ്ങള്‍ക്കായി ഈ പണം ബാങ്ക് ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവെ ഇതിനെ ഡിമാന്റ് ഡെപ്പൊസിറ്റ് എന്നു വിളിക്കുന്നു. ഈ പണമുപയോഗിച്ച് ബാങ്ക് നേട്ടമുണ്ടാക്കിയാല്‍ അതില്‍ ഒരോഹരി നിക്ഷേപകന് സമ്മാനം എന്ന നിലയ്ക്ക് കൊടുക്കാറുണ്ട്. നഷ്ടം പറ്റിയാല്‍ അത് ബാങ്ക് തനിയെ വഹിക്കും.
ദീര്‍ഘ കാലാവധിക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കാറുണ്ട്. ഇവിടെ ഒറിജിനല്‍ നിക്ഷേപത്തുക കാലാവധിക്കു തിരിച്ചു നല്‍കാം എന്ന ഉറപ്പാണ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിക്കകത്ത് ഈ പണം യുക്തമായ രീതിയില്‍ ഉപയോഗിക്കുവാന്‍ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടാവും. അങ്ങനെയുള്ള സംരംഭങ്ങളില്‍ എന്തെങ്കിലും ലാഭമുണ്ടായാല്‍ അതില്‍ ഒരോഹരി നിക്ഷേപകനുമായി പങ്കു വെക്കുവാനും ബാങ്ക് ഒരുക്കമാണ്. എന്നാല്‍ ഈ സംഖ്യ പലിശ പോലെ നിര്‍ണ്ണീതമല്ല. കിട്ടിയാല്‍ കിട്ടി; അത്രേയുള്ളു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൂലധന വര്‍ധനവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ സംരംഭങ്ങളില്‍ വരുന്ന നഷ്ടം ബാങ്ക് തനിയെ വഹിക്കും.
മൂന്നാമത്തെ വകുപ്പാണ് സംരംഭങ്ങളില്‍ നിക്ഷേപിക്കാനായി ഓഹരി മൂലധനം പൊതുജനങ്ങളില്‍ നിന്നു സ്വരൂപിക്കല്‍. ബാങ്ക്, വായ്പ നല്‍കാന്‍ നിശ്ചയിച്ച സംരംഭങ്ങളില്‍ ഇങ്ങനെ സ്വരൂപിച്ച ഓഹരി മൂലധനം ഉപയോഗിക്കുന്നു. സംരംഭങ്ങളില്‍ നിന്നുള്ള ബാങ്കിനവകാശപ്പെട്ട ലാഭത്തിന്റെ ഒരു പങ്ക് ഇങ്ങനത്തെ ഓഹരി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കുന്നു.
ഈ ഏര്‍പ്പാടുകളിലെല്ലാം, ലാഭം കിട്ടിയാല്‍ അതിലൊരു നിശ്ചിത ഭാഗം നല്‍കാം, എന്നല്ലാതെ കൃത്യമായ തുക മുന്‍ കൂട്ടി ഉറപ്പു നല്‍കുന്ന സംവിധാനമില്ല തന്നെ. അതായത് എന്റെ പണം തനിയെ പെറ്റ് പെരുകി എനിക്കു കൂടുതല്‍ പണവുമായി തിരിച്ചു വരും എന്ന ഒരു ഉറപ്പു ആര്‍ക്കും ലഭിക്കുന്നില്ല. അതിനാല്‍ തന്നെ പലിശ മോഹിച്ചു ആരും ഇവിടെ നിക്ഷേപം നടത്തുന്നുമില്ല.
ഇതു കൂടാതെ, ലോക്കര്‍, സേഫ് കസ്റ്റഡി മുതലായ സൌകര്യങ്ങളും, മറ്റു സ്ഥലങ്ങളിലേക്കും, തിരിച്ചും പണമയക്കാനുള്ള സൌകര്യങ്ങളും, ഫീസടിസ്ഥാനത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ട്.
വായ്പകള്‍:
ഇസ്ലാമിക് ബാങ്കുവായ്പകളിലും പലിശ പരിപൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പാര്‍ടിസിപ്പേറ്ററി ഫിനാന്‍സിംഗ് എന്ന രൂപത്തിലാണ് വായ്പകള്‍ കൂടുതലും. ഉഭയകക്ഷി സമ്മത പ്രകാരം ഒരു സര്‍വീസ് ചാര്‍ജ് ചിലപ്പോള്‍ ഉണ്ടായിരിക്കും. ഇടപാടുകാരന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിലവിലുണ്ട്.
1.മുദാറബ (Profit sharing):
ഇവിടെ നിക്ഷേപകന്‍, സംരംഭകന്‍, ബാങ്ക് ഇങ്ങനെ മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഒരു കരാര്‍ ആണ് നിലവില്‍ വരിക. സംരംഭകന്റെ സാമ്പത്തിക പങ്കാളി എന്ന നിലയിലാണ് നിക്ഷേപകന്‍ നിശ്ചിത സംരംഭങ്ങളില്‍ മുതലിറക്കുന്നത്. അതില്‍ വരുന്ന ലാഭം സംരംഭകനുമായി പങ്കു വെക്കും; നഷ്ടം നിക്ഷേപകന്‍ തന്നെ വഹിക്കും. ബാങ്ക്, ലാഭത്തിലെ നിശ്ചയിക്കപ്പെട്ട വിഹിതമോ, ഒരു ഫീസോ വാങ്ങിക്കും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ബാങ്കുകള്‍ നിരവധി നിക്ഷേപകരില്‍ നിന്നു പണം ശേഖരിച്ച് ഒരു ഫണ്ട് ഉണ്ടാക്കുന്നു. ഇതുപയോഗിച്ച് പല മേഖലകളിലുള്ള സംരംഭകരെ സഹായിക്കുന്നു. ഇവിടെ ലാഭ നഷ്ടങ്ങളിലെ പങ്ക് ബാങ്കും നിക്ഷേപകരും വീതിച്ചെടുക്കുന്നു. കാപ്പിറ്റല്‍ മുഴുവനുമായി നഷ്ടപ്പെട്ടാല്‍ പോലും സംരംഭകന് വായ്പ തിരിച്ചടക്കാനായി സാമ്പത്തിക പ്രയാസം സഹിക്കേണ്ടി വരുന്നില്ല. നഷ്ടം മുഴുവനും ബാങ്കും നിക്ഷേപകരും വഹിക്കുന്നു. വളരെ കാര്യക്ഷമമായി നടക്കുന്ന ചില ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായും വഹിക്കാറുണ്ട്. അതിനാല്‍ തന്നെ വളരെ കാര്യക്ഷമതയോടെ സംരംഭം മുന്നോട്ട് കൊണ്ട് പോകുവാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമെ ബാങ്ക് ഈ വായ്പ നല്‍കുകയുള്ളു. ഇവരുടെ കണക്കുകളുടെ പരിശോധനയും ബാങ്ക് കൃത്യമായി നടത്തും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ഇസ്ലാമി്ക് ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായി വഹിക്കാറുണ്ട്. ഇവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ കഴിയും.
2. മുറാബഹ (Cost plus or deferred sale finance)
ഇവിടെ സംരംഭകന് ആവശ്യമുള്ള ഒരു വസ്തു ബാങ്ക് വാങ്ങി അവര്‍ക്ക് കൈമാറ്റം ചെയ്യുന്നു, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഒരു ലാഭത്തോട് കൂടി ഈ തുക സംരംഭകന്‍ ഒരു നിശ്ചിത കാലാവധിക്കകം ഒരുമിച്ചോ തവണകളായോ, ബാങ്കിലേക്ക് തിരിച്ചടക്കുന്നു. തിരിച്ചടവു പൂര്‍ണമായാല്‍ വസ്തുവിന്റെ ഉടമാവകാശം സംരംഭകന് നല്‍കുന്നു. തിരിച്ചടവില്‍ താമസം വന്നു പോയാല്‍ പോലും, പലിശയോ പിഴയോ ഈടാക്കുവാന്‍ അനുവാദമില്ല.
വീടോ വാഹനങ്ങളോ വാങ്ങുവാന്‍ ഈ വായ്പ ധാരാളമായി ഉപയോഗപ്പെടുത്തുന്നു.
3. മുഷാരക (Joint partnership)
ഇതും ഒരു ലാഭനഷ്ട പങ്കാളിത്തത്തോടു കൂടിയുള്ള സംയുക്ത സംരംഭമാണ്. ഓരോ നിക്ഷേപകന്റെയും വിഹിതത്തിനനുസരിച്ചും, സംരംഭകന്റെ പരിശ്രമങ്ങള്‍ക്കനുസരിച്ചും ഉള്ള ലാഭ വിഹിതം അവര്‍ക്ക് ലഭിക്കുന്നു. ഡിമിനിഷിങ് മുഷാരക എന്ന രീതിയില്‍ വീട്/വാഹന വായ്പകള്‍ക്കും ഇതു ഉപയോഗപ്പെടുത്താറുണ്ട്. വീട് വാങ്ങുവാനുദ്ദേശിക്കുന്ന വ്യക്തി ആദ്യം സ്വന്തം സാമ്പത്തിക ഭദ്രത ബാങ്കിനെ ബോദ്ധ്യപ്പെടുത്തുന്നു. പിന്നെ വീടിന്റെ വിലയുടെ എത്ര ശതമാനം സ്വന്തം മാര്‍ജിനായി നല്‍കും എന്നും വ്യക്തമാക്കുന്നു. ബാങ്കിന് സ്വീകാര്യമെങ്കില്‍ ബാക്കി ഭാഗം വായ്പയായി അനുവദിക്കുന്നു. ഉഭയകക്ഷി സമ്മതപ്രകാരം തിരിച്ചടവിന്റെ കാലാവധി തീരുമാനിക്കുന്നു. ആ കാലയളവിലേക്ക് ബാങ്ക് ഈ വീട് അദ്ദേഹത്തിനു തന്നെ, ഒരു വാടക നിശ്ചയിച്ച് നല്‍കുന്നു. നല്‍കിയ മാര്‍ജിന്‍ തുകയ്ക്ക് ആനുപാതികമായി വാടകയിലൊരു പങ്ക് വായ്പ എടുത്ത ആള്‍ക്കുള്ളതാണ്. അതു കഴിച്ച തുക മാത്രം അയാള്‍ വാടകയിലേക്കടച്ചാല്‍ മതി. പ്രാദേശിക ഘടകങ്ങള്‍ക്കനുസരിച്ച് ഉഭയസമ്മതപ്രകാരമാണ് വാടക നിശ്ചയിക്കുക. വാടകക്ക് പുറമെ, മുതലിലേക്കു ഒരു തുകയും വായ്പ എടുത്ത ആള്‍ അടച്ചു കൊണ്ടിരിക്കുന്നു. മുതലിലേക്കുള്ള ഷെയര്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബാങ്കിലേക്കടക്കുന്ന വാടകയുടെ ഷെയര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.
4. സുകൂക് (Bonds)
ഇസ്ലാമിക് ബോണ്ടുകളാണ് ഈ ഗണത്തില്‍ പെടുന്നത്. സാധാരണ ബോണ്ടുകളില്‍ ഉടമയ്ക് മുതലും പലിശയും മാത്രം ലഭിക്കുമ്പോള്‍, സുകൂക്കില്‍ പ്രസ്തുത നിക്ഷേപത്തിലെ ഉടമസ്ഥാവകാശവും വരുമാനത്തിലെ ആനുപാതിക വിഹിതവും ലഭിക്കുന്നു.
ഇസ്ലാമിക് ബോണ്ട് വിപണി ഈയടുത്ത കാലത്തായി വളരെയധികം വളര്‍ന്നിട്ടുണ്ട്. ഇതില്‍ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് പടിഞ്ഞാറു നിന്നുള്ള വന്‍കിട കോര്‍പൊറേറ്റ് സ്ഥാപനങ്ങളാണ്. ലണ്ടനില്‍ മാത്രം ഇസ്ലാമിക ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതി വര്‍ഷം ഇരുപത് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ക്രയവിക്രയങ്ങള്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷ വളര്‍ച്ച 15% ശതമാനത്തോളമുണ്ട്.
വിവിധ രാജ്യങ്ങള്‍ റോഡ്, പാലങ്ങള്‍ മുതലായ സര്‍ക്കാര്‍ സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ സുക്കൂക് ബോണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. സര്‍ക്കാര്‍ നേരിട്ടിറക്കുമ്പോള്‍ ഇവക്ക് വന്‍ ജനപിന്തുണയും ലഭിക്കുന്നുണ്ട്.
എന്നാലും അത്യാര്‍ത്തി പെരുത്ത ചില കോര്‍പ്പോറേറ്റുകള്‍, ആഡംബര വസതികളുടെയും മറ്റും നിര്‍മാണ, വായ്പാ സംരംഭങ്ങള്‍ക്കായി സുക്കൂക് വിപണിയെ ഉപയോഗിച്ച് പുലിവാലു പിടിച്ച കാര്യം ദുബൈ വേള്‍ഡ് എന്ന കമ്പനിയില്‍ ഈയിടെ ഉണ്ടായ പ്രശ്നങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.
2009 ലെ ഒരു സര്‍വേ പ്രകാരം വികസിത രാജ്യങ്ങളിലും, ഇസ്ലാമിക രാജ്യങ്ങളിലുമുള്ള അഞ്ഞൂറോളം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ 29% വാര്‍ഷിക വളര്‍ച്ച നേടുന്നുണ്ട്. 2009 ല്‍ അവര്‍ 822 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക വളര്‍ച്ച നേടി. ഈ കാലയളവില്‍ പല പരമ്പരാഗത ബാങ്കുകളും തകര്‍ന്നു പോകുകയാണ് ചെയ്തത്.
ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.
വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു. ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്റെ കേളികൊട്ട് കേരളത്തിലാണുയരുന്നത്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
*************************************************************************

Thursday, February 18, 2010
മാധവീയം
ഞാന്‍ മാധവി. വനചാരിണി. സ്വതന്ത്ര.
ബന്ധങ്ങളും ബന്ധനങ്ങളും അഴിച്ചു കളഞ്ഞവള്‍. ഞാന്‍ എന്റെ കഥ പറയാം.
വിഖ്യാതമായ സോമകുലത്തിലാണ് എന്റെ ജനനം. എന്റെ പരമപൂജ്യനായ പിതാവിനെ നിങ്ങള്‍ അറിയും. മഹാനായ നഹുഷന്റെ പുത്രന്‍ യയാതി. എന്റെ ബാല്യ കൌമാരങ്ങള്‍ മഹാ പ്രതാപവാനായ പിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞു.
പരമാനന്ദകരമായിരുന്നു ജീവിതം. ഒരു ദിവസം ഗരുഡന്‍ ഗാലവ മഹര്‍ഷിയെയും വഹിച്ച് രാജധാനിയില്‍ എത്തുന്നതുവരെ. ഒരുകാതു കറുത്ത് ലക്ഷണമൊത്ത എണ്ണൂറ് കുതിരകളെ ഭിക്ഷ യാചിക്കാനാണ് മഹര്‍ഷി എത്തിയത്. ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി കൊടുത്തിരുന്ന എന്റെ പിതാവിന്റെ പക്കല്‍ അത്തരം കുതിരകളോ, വലുതായ സമ്പത്തോ ഉണ്ടായിരുന്നില്ല.
പിതാവിന് അവശേഷിച്ചിരുന്ന സമ്പത്ത് ഞാനായിരുന്നു. അതിനാല്‍ അദ്ദേഹം എന്നെ ദാനം ചെയ്യാന്‍ തീരുമാനിച്ചു. അശ്വങ്ങളെ ചോദിച്ചുവരുന്നവന് സ്വന്തം പുത്രിയെ തന്നെ ദാനം ചെയ്യുന്നവര്‍ എത്ര പേരുണ്ട് ഈ ജഗത്തില്‍? എതിര്‍പ്പും മുറുമുറുപ്പും ഒന്നും കൂടാതെ ഞാന്‍ പിതാവിന്റെ ആജ്ഞ ശിരസാ വഹിച്ചു, ഗാലവന്റെ കൂടെ ഇറങ്ങിത്തിരിച്ചു. എന്നാല്‍ മഹര്‍ഷിക്കാവശ്യം കന്യകയെ ആയിരുന്നില്ല, കുതിരകളെയായിരുന്നു.
അദ്ദേഹത്തിന് വിശ്വാമിത്ര മഹര്‍ഷിക്ക് ഗുരു ദക്ഷിണ നല്‍കാന്‍ അപൂര്‍വങ്ങളായ ഒരു കാതു കറുത്ത എണ്ണൂറ് അശ്വങ്ങളെ ലഭിക്കണമായിരുന്നു. അതിനാല്‍ കന്യകയെ സ്വയമനുഭവിക്കാതെ ധനികരായ രാജാക്കന്മാര്‍ക്ക് സമര്‍പ്പിച്ച് പാരിതോഷികം സ്വീകരിക്കലായിരുന്നു ഗാലവന്റെ പ്രവൃത്തി. ഒരാള്‍ക്കു മടുത്താല്‍ വീണ്ടും ഒരു കന്യകയുടെ വേഷം ധരിച്ച് അടുത്ത ആളുടെ അടുത്തേക്ക്. ഓരോരുത്തരില്‍ നിന്നും ഗാലവന്‍ നേടിയ ശുല്ക്കം എന്താണെന്നോ, നിലാവുപോലെ വെളുത്ത, എല്ലാ ലക്ഷണങ്ങളും തികഞ്ഞ് ഒരു കാതു മാത്രം കറുത്ത ഇരുനൂറ് കുതിരകള്‍. ഒന്നിനു പുറകെ ഒന്നായി മൂന്ന് പേര്‍ക്ക് ഞാന്‍ വഴിപ്പെടേണ്ടി വന്നു. അവരിലാര്‍ക്കും തന്നെ അത്തരം ഇരുനൂറ് കുതിരകളിലധികം ഉണ്ടായിരുന്നില്ല.
ഈ രാജാക്കന്മാരുടെ കാമസമ്പൂര്‍ത്തിക്കായി ഞാന്‍ എന്റെ ജീവിതം ഹോമിച്ചു. ഒരോരുത്തര്‍ക്കും വേണ്ടി ഞാന്‍ ലക്ഷണയുക്തരായ ചക്രവര്‍ത്തി കുമാരന്മാരെയും പ്രസവിച്ചു.
സന്താന സൌഭാഗ്യമില്ലാതിരുന്ന സപ്തനിമാരുടെ വിദ്വേഷവും മറ്റ് അന്തപ്പുരവാസികളുടെ ഭയം കലര്‍ന്ന വെറുപ്പും എന്നും എന്റെ ചുറ്റിലുമുണ്ടായിരുന്നു.
എന്റെ മക്കളോ, ഒരിക്കലും എനിക്കുള്ളവരായിരുന്നില്ല. അവരൊരിക്കലും എന്റെ കൂടെ വന്നില്ല. ഒരോ പൊറുതിയും മതിയാക്കേണ്ടി വരുമ്പോള്‍ മക്കളെ പിരിയുന്നതിന്റെ സങ്കടം ഒരു ഉണങ്ങാത്ത മുറിവായി കൂടെയുണ്ടാകും.
ഇക്ഷാകു വംശജനും, അയോദ്ധ്യാധിപനുമായ ഹര്യശ്വ രാജാവിന്റെ അന്തപുരത്തിലേക്കാണ് ഗാലവന്‍ ആദ്യമെന്നെ തള്ളി വിട്ടത്. ആ ബന്ധത്തില്‍ കാലമേറെ ചെല്ലുന്നതിന് മുന്‍പ് എന്റെ പ്രഥമ പുത്രന്‍ വസുമനസ്സ് പിറന്നു. അവന്റെ പ്രകാശ പൂര്‍ണ്ണമായ മിഴികളില്‍ നോക്കി കിടക്കുമ്പോള്‍ ഞാനെന്റെ ദു:ഖങ്ങളും പ്രയാസങ്ങളും എല്ലാം മറന്നു. പിന്നെ, കേവലം ശിശുവായ അവനെ വിട്ട് കാശി രാജാധിപനായ ദിവോദാസന്റെ അടുത്തേക്ക് തിരിക്കേണ്ടി വന്നപ്പോള്‍ എന്റെ ഹൃദയം നുറുങ്ങിപ്പോയി. പുതിയ അന്ത:പുരവും പുതിയ സപത്നിമാരും; വിദ്വേഷത്തിനും വെറുപ്പിനും മാത്രം മാറ്റമൊന്നുമില്ല, സുരതമേളത്തിനും. ഒരു വേശ്യയുടെ ജന്‍മം പോലെ.
പ്രദര്‍ദ്ദന കുമാരന്‍ ജനിച്ച് അധികം കഴിയും മുന്‍പ് അവിടെ നിന്നും തിരിച്ച് വീണ്ടും വിരഹത്തിന്റെ തീച്ചൂളയിലേക്ക്.
അടുത്തയാത്ര ഭോജപുരത്തെ ഉശീനരാജാവിന്റെ അടുത്തേക്കായിരുന്നു. അവിടെ ശിബിയുടെ ജനനം വരെമാത്രം. ഇതുവരെയായി ഗാലവന് അറുന്നൂറ് കുതിരകളെ മാത്രമേ നേടാനായുള്ളു. ഗുരുദക്ഷിണ പൂര്‍ത്തിയാവാന്‍ ഇരുനൂറ് കുതിരകളുടെ കുറവുണ്ടായിരുന്നു. ഇനി ഇത്തരം കുതിരകള്‍ ലോകത്തിലാരുടെ പക്കലും ഇല്ല എന്നറിഞ്ഞപ്പോള്‍ അയാളുടെ മുഖമൊന്ന് കാണണമായിരുന്നു. പിന്നെ ഇതുവരെ നേടിയ കുതിരകളുമായി വിശ്വാമിത്ര മഹര്‍ഷിയുടെ അടുത്തേക്ക്. എന്നെ കണ്ടതും കാമപരവശനായ മഹര്‍ഷിയുടെ കൂടെയും കുറെ നാള്‍. അഷ്ടകന്‍ ജനിച്ചപ്പോള്‍, കാമം മടുത്ത മഹര്‍ഷി കാട്ടിലേക്ക് കയറി. ഗാലവനാകട്ടെ എന്നില്‍ പ്രീതനായതുമില്ല. പിന്നെ പരിത്വക്തയായ വധുവിനെപോലെ തിരിച്ച് പിതാവിന്റെ അടുത്തേക്ക്.
അച്ഛനും എന്നെ വേണ്ടായിരുന്നു. എന്നെ ആരെയെങ്കിലും ഏല്പിച്ച് ഭാരമൊഴിവാക്കാനായിരുന്നു അദ്ദേഹത്തിന് തിടുക്കം. പിന്നെ ഗംഗായമുനകളുടെ സംഗമസ്ഥാനത്തു വെച്ച് വീണ്ടുമൊരു സ്വയംവരഘോഷം. നൂറ് കണക്കിന് രാജാക്കന്മാര്‍ സന്നിഹിതരായിരുന്നു. പക്ഷേ, ഒരുപാട് പച്ചക്കാമദേവന്മാരുടെ വിഡ്ഡി വേഷങ്ങള്‍ക്കു മുന്‍പില്‍ ലജ്ജ അഭിനയിച്ചു കാണിക്കുവാന്‍ എനിക്കാകുമായിരുന്നില്ല.
അതിനാല്‍ അവരെയെല്ലാം അവഗണിച്ച് ഞാന്‍ വനത്തെ വരിച്ചു. എന്റെ സ്നേഹത്തിന്റെ എല്ലാ തീവ്രതയോടും കൂടി. ഇതുവരെ ഇല്ലാതിരുന്ന ഒരു വികാരത്തോടുകൂടി.
പകച്ച് നിന്നുപോയ പിതാവിനെയും ബന്ധുജനങ്ങളെയും, വിഡ്ഢിക്കോമരങ്ങളായി നിരന്ന് നിന്ന വിവാഹാര്‍ത്ഥികളെയും തിരിഞ്ഞു നോക്കാതെ ഞാന്‍ കാട്ടിലേക്ക് കയറി. വിട വാങ്ങല്‍ ചടങ്ങുകളോ
അശ്രുക്കളോ ഒന്നും ഉണ്ടായില്ല.
എന്റെ മനസ്സു നിറയെ വനമായിരുന്നു. വനത്തിന്റെ വിളിയായിരുന്നു. വനത്തിന്റെ ഗന്ധമായിരുന്നു. ജീവിതത്തിലാദ്യമായി ഞാന്‍ ഉല്‍ക്കടമായ പ്രണയം എന്തെന്നനുഭവിച്ചറിഞ്ഞു.
ഈ ഭൂമിയിലാദ്യമായി വനത്തെ അറിഞ്ഞത് ഞാനായിരുന്നു. വനം എന്നെ പ്രേമപൂര്‍വ്വം അവന്റെ വിരിമാറിലേക്കടുപ്പിച്ചു. ആ മാദക ഗന്ധത്തില്‍ ഞാന്‍ അലിഞ്ഞുപോയി. എന്റെ ഉടയാടകള്‍ കൊഴിഞ്ഞു പോയി. ഞാന്‍ പ്രകൃതിയായി. വനം പുരുഷനും. നിഷ്ക്കാമമായ സ്നേഹം ഞാന്‍ അനുഭവിക്കുകയായാരുന്നു. വനത്തിന്റെ ഓരോ അണുവും വനത്തിലെ ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇളം പുല്ലിന്റെയും തെളിനീരിന്റെയും മാധുര്യം ആസ്വദിച്ചു ഞാന്‍ നടന്നു. സിംഹ വ്യാഘ്രാദികളും, മുയലും, മാനും, മരങ്ങളും എല്ലാം എന്റെ കൂട്ടുകാരായിരുന്നു. വനത്തില്‍ ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അനുഭവിച്ചില്ല. ഒരു പര്‍ണ്ണശാല കെട്ടി എന്നെത്തന്നെ അതില്‍ തടവിലിടാനും ഞാന്‍ ഒരുങ്ങിയില്ല.
വനത്തിന്റെ ശരീരമാകെ സ്പര്‍ശിച്ച് അനുഭൂതി നുകരാന്‍ ഞാന്‍ ഉഴറി. ഞാന്‍ അറിയാത്ത, ഞാന്‍ തൊടാത്ത അണുവിട സ്ഥലം പോലും വനശരീരത്തിലുണ്ടാവരുത്. അതായിരുന്നു എന്റെ തൃഷ്ണ.
അതൊരു നീണ്ട യാത്രയായിരുന്നു. അനവധി മഹര്‍ഷിമാരുടെ ആശ്രമപരിസരങ്ങളിലൂടെ ഞാന്‍ കടന്നുപോയി. ഒരുപാട് അമ്പരപ്പുകള്‍ക്ക് നിമിത്തവും ആരാധനകള്‍ക്ക് പാത്രവും ആയികൊണ്ട്. എന്റെയാത്ര ഒരിക്കലും ഒരു പാലായനമായിരുന്നില്ല. അതൊരു നിയോഗമായിരുന്നു. ആത്മ സമര്‍പ്പണമായിരുന്നു. പക്ഷെ, അതൊരു പുനസമാഗമത്തിന്റെ മുഹൂര്‍ത്തം കൂടിയാവുമെന്ന് ആരറിഞ്ഞു. ഒരു പ്രഭാതത്തില്‍ യാത്ര തുടരവെ യാഗഭൂമിയുടെ സമീപത്തെത്തിയപ്പോള്‍ എന്തുകൊണ്ടോ എന്റെ കാലടികള്‍ ഭൂമിയില്‍ ഉറച്ചത് പോലെയായി.
വാജപേയ യാഗത്തില്‍ ഇന്ദ്രനെ തര്‍പ്പിക്കുന്ന ആ നാല് യുവാക്കളെ കണ്ടതും എന്റെ ഹൃദയം തരളിതമായി. ചക്രവര്‍ത്തി ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ അവരെ കണ്ടതും എന്റെ മാറിടം ചുരന്നുപോയി. ആ ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. അവര്‍ക്കും. മാനത്ത് നിന്ന് പൊട്ടിവീണപോലെ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഒരു വനചാരിണിയെ കണ്ടതും അവരുടെ കൈകള്‍ വിറച്ചുവോ?
മന്ത്രോച്ചാരണങ്ങള്‍ ഒരു നിമിഷം നിലച്ചു. ഹവിസ്സര്‍പ്പിച്ചുകൊണ്ടിരുന്ന കൈകള്‍ നിശ്ചലമായി. ശ്രദ്ധ പതറി. എല്ലാ കണ്ണുകളും എന്നിലായി. അപ്പോള്‍ ഒരു വെളിപാട് പോലെ എനിക്കെല്ലാം മനസ്സിലായി. ഇവരെന്റെ മക്കളാണ്. ഞാന്‍ നൊന്തു പ്രസവിച്ച് ഉപേക്ഷിച്ച് പോരേണ്ടിവന്ന എന്റെ സ്വന്തം മക്കള്‍. വസുമനസ്സാണ് ആദ്യം ഉരിയാടിയത്. 'അമ്മേ' ഞാന്‍ തരിച്ചു നിന്നുപോയി.അവന്‍ തുടര്‍ന്നു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.
ഇതുവരെ ഞാന്‍കേട്ട കാടിന്റെ സംഗീതവും, പറവകളുടെ കളകൂജനങ്ങളും സൂക്ഷ്മ പ്രാണികളുടെ നിമന്ത്രണങ്ങളും ഒന്നും ഒന്നും ഇതിന് പകരമാവുകയില്ല. ആ രണ്ടക്ഷരങ്ങള്‍ അവന്റെ വായില്‍ നിന്ന് പുറപ്പെട്ട് അന്തരീക്ഷത്തിലൂടെ പറന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു. എന്റെ ഹൃദയത്തിലിരുന്ന് അവ മന്ദം മന്ദം ചിറകിളക്കുന്നത് ഞാന്‍ അറിഞ്ഞു. അവയുടെ നനുത്ത ഹൃദയസ്പന്ദനങ്ങളും ഞാന്‍ അനുഭവിച്ചു. ഒരു നിമിഷം, യുഗങ്ങളോളം ദൈര്‍ഘ്യമുള്ള ഒരു നിമിഷം, ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായികൊണ്ടിരുന്നു.
"എന്റെ മക്കളേ'' എന്റെ ഹൃദയം തേങ്ങികൊണ്ടേയിരുന്നു. ആഹ്ളാദത്തിന്റെ നോവ് ഞാന്‍ ആദ്യമായി അറിഞ്ഞു.
പതുക്കെ, വളരെ പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവന്നു. അമ്പരപ്പോടെ എന്നെ ഉറ്റുനോക്കികൊണ്ടിരുന്ന എട്ടു കണ്ണുകളാണ് എന്നെ എതിരേറ്റത്. ഒരായുസ്സു മുഴുവനും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനും ഞാന്‍ വെമ്പല്‍കൊണ്ടു. എന്റെ ജല്പനങ്ങള്‍ സാകൂതം അവര്‍ കേട്ടു കൊണ്ടിരുന്നു. അവരുടെ അമ്പരപ്പടങ്ങുന്നതും ആനന്ദാശ്രുക്കള്‍ കവിള്‍ തടങ്ങള്‍ നനക്കുന്നതും കണ്ടതും വീണ്ടുമെന്റെ നിയന്ത്രണം പൊട്ടിപ്പായി. അവരെന്റെ മടിത്തട്ടിലേക്കണഞ്ഞു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ പ്രകൃതിപോലും പുഞ്ചിരി തൂകികൊണ്ടിരിക്കുകയായിരുന്നു. യാഗത്തില്‍ നിന്നുയരുന്ന കനത്ത പുകചുരുളുകള്‍ അപ്പോഴും മുകളിലേക്കുകയായിരുന്നു. സ്വര്‍ഗ്ഗത്തിലോളം എത്തുന്ന സുഗന്ധപൂരിതമായ ധൂമം.
അപ്പോഴാണ് ഞാന്‍ ആ അദ്ഭുതകാഴ്ച കാണുന്നത്. ആ ധൂമഗോപുരത്തിലൂടെ താഴേക്ക് വീഴുന്ന ഒരു വയോ വൃദ്ധന്‍. അദ്ദേഹം ഉറക്കെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. "ദൈവമെ'' എന്നെ സത്തുക്കളുടെ മദ്ധ്യത്തില്‍ തന്നെ പതിപ്പിക്കേണമേ എന്ന്.
ആ കാഴ്ചയും സ്വരവും എന്നിലുണ്ടാക്കിയ വികാരങ്ങള്‍ പറഞ്ഞറിയിക്കുവാന്‍ ഞാന്‍ അശക്തയാണ്. അതെന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സ്വരമായിരുന്നു. ദൈവമേ, അദ്ദേഹം പുണ്യങ്ങളറ്റ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയില്‍ പതിയ്ക്കുകയായിരുന്നു.
എനിക്കപ്പോള്‍ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുളളൂ. വീണ്ടും ഭൂമിയില്‍ പതിക്കുക എന്ന മാനക്കേടില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുക എന്നത്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഞാനദ്ദേഹത്തെ എന്റെ മടിയില്‍ ഏറ്റുവാങ്ങി.
പാവം എന്റെ മക്കള്‍. അവര്‍ വീണ്ടും അമ്പരന്ന് നില്‍പ്പാണ്. കാര്യം വിശദീകരിച്ചപ്പോള്‍ അവര്‍ പിതാമഹനെ വണങ്ങി അനുഗ്രഹം വാങ്ങി. പിന്നെയവര്‍ നേടിവെച്ച പുണ്യങ്ങളത്രയും പിതാമഹന് അര്‍പ്പിച്ചു. ഞാനും നേടിയ പുണ്യങ്ങളുടെ പാതി അദ്ദേഹത്തിന് സമര്‍പ്പിച്ചു. സന്താന പരമ്പരകളുടെ പുണ്യത്താല്‍ ബലവാനായ യയാതി വീണ്ടും സ്വര്‍ഗ്ഗത്തിലേക്കുയരുന്നത് ആനന്ദാശ്രുക്കളോടെ ഞങ്ങള്‍ നോക്കി നിന്നു.
ഒരു അമ്മയുടെയും ഒരു മകളുടെയും മനസ്സ് എന്നില്‍ ഒരുമിച്ച് തുടിക്കുന്നത് ഞാന്‍ ആഹ്ലാദത്തോടെ അനുഭവിച്ചു.

പയ്യ്
എന്റെ മുറിയിലെ ജനലില്‍ കൂടി കീഴോട്ട് നോക്കിയാല്‍ കാണാം, അടുത്തവീട്ടിലെ പാറുവമ്മയുടെ പയ്യിന്റെ ആലയുടെ മേല്‍ക്കൂര. അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല. ദ്രവിച്ച നാലു മുളവാരികള്‍, ഒരു കീറിയ പ്ലാസ്റ്റിക്ക് പുതച്ചു നില്‍ക്കുന്നു. കമുകിന്റെ നാലു കാലുകളും.
അമ്മിണിയും അങ്ങനെത്തന്നെ. ചടച്ച നാലു കാലുകള്‍ താങ്ങി നിറുത്തുന്ന ഒരെല്ലിന്‍ കൂട്, രോമം മുഴുവനും കൊഴിഞ്ഞു. അവിടെയും ഇവിടെയും വ്രണങ്ങളും പരിക്കും ഉള്ള തോല്‍ പുതച്ചു നില്‍ക്കുന്ന ഒരു വയസ്സത്തിപ്പശു.
തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടിലില്‍ പാറുവമ്മ ഒറ്റക്കാണ്. തൊഴുത്തില്‍ പയ്യും അങ്ങനെത്തന്നെ. കുട്ടി നേരത്തെ ചത്തു പോയി. പാറുവമ്മയുടെ മക്കള്‍ അദ്ധ്വാനിച്ചു കഴിയുന്നു, വെവ്വേറെ പൊറുതിയായിട്ട്. പാലു വിറ്റ പണത്തിന്റെ പങ്ക് പറ്റാന്‍ മാത്രം അവര്‍ വന്നിരിക്കും. അമ്മക്കെന്തിനാ പണം? ഒറ്റത്തടിയല്ലേ?
പാറുവമ്മ ആരോടും സഹായത്തിന്നിരക്കാറില്ല. പശുവിനോടൊഴിച്ച്. വേച്ചു വേച്ചു നടന്ന് അയല്‍പ്പക്കത്തു നിന്ന് കഞ്ഞി വെള്ളവും, പുല്ലും സംഘടിപ്പിച്ചു കൊണ്ടു വന്നു അവര്‍ പയ്യിനോട് സംസാരിക്കും. “മോളെ, ശേഖരന്റെ കടയില്‍ ഇരുന്നാഴി പാലെങ്കിലും കൊടുത്താലെ, അവന്‍ അരി കടം തരികയുള്ളു. ചതിക്കരുത് “. അമ്മിണി ചതിക്കാറില്ല.
ഇത്തിരി വല്ലതും തിന്നാന്‍ കിട്ടിയാല്‍ മതി;കറവ തീരുന്നത് വരെ പയ്യ് വാലാട്ടിക്കൊണ്ട് നില്‍ക്കും. കഷ് ടിച്ച് കടക്കാരെ പറഞ്ഞു നിറുത്താന്‍ മാത്രമുള്ള പാല്‍ അവളെങ്ങനെയെങ്കിലും കൊടുക്കും. പിന്നെ പാറുവമ്മയുടെ പായ്യാരം പറച്ചില്‍ മുഴുവന്‍ വാലാട്ടിക്കൊണ്ട് നിന്ന് കേള്‍ക്കുകയുംചെയ്യും.
അയല്‍ പക്കക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത്തിരി പാലെങ്കിലും പാറുവമ്മ അവര്‍ക്ക് വിലക്കു കൊടുക്കാറുണ്ട്. എന്നാല്‍ പാലിന്റെ കട്ടി കുറവിനെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാല്‍ പാറുവമ്മ പയ്യാരം തുടങ്ങും, “കാലിത്തീറ്റക്കെല്ലാം എന്താ വില? കഞ്ഞി വെള്ളം കിട്ടാനേയില്ല. പാടത്തൊന്നും പുല്ലേയില്ല. പട്ടിണിപ്പയ്യെങ്ങിനെയാ കട്ടിയുള്ള പാല്‍ തരുന്നത്?” പരാതിക്കാര്‍ പതുക്കെ അപ്രത്യക്ഷരാകും.
മകളുടെ ഭര്‍ത്താവ് പണത്തിനായി പുറകെ നടന്ന് ശല്യം സഹിക്കാതെയായപ്പോള്‍ മാത്രമെ പാറുവമ്മയെ അരിശപ്പെട്ട് കണ്ടിട്ടുള്ളു, “കള്ളു കുടിക്കാനല്ലെ? ഒറ്റപ്പയിസ ഞാന്‍ തരില്ല“. അവരയാളെ ആട്ടി വിട്ടു. കുറെ തെറിയും പറഞ്ഞ്, കാണിച്ചുതരാം എന്ന് ഭീഷണിയും മുഴക്കി അയാള്‍ പോയി.
രണ്ടു ദിവസം കഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ പശുവിന്റെ ആലയുടെ മേല്‍ക്കൂര നിലം പൊത്തി. പോരാത്തതിന് എന്തോ അരുതാത്തത് കഴിച്ച് പയ്യിന് വയറിളക്കവും പിടിച്ചു. ചാണകവും ചളിയുമായി തൊഴുത്തും പരിസരവും കുഴമ്പു പരുവമായി. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക്ക് കൊണ്ട് പയ്യിനെ പുതപ്പിച്ച് ഒരു പൊളിഞ്ഞ കുടയും പിടിച്ച് പാറുവമ്മ പുറത്തു തന്നെ നില്‍പ്പാണ്; പായ്യാരം പറഞ്ഞു കൊണ്ട്.അപ്പോഴാണ് കോര്‍പ്പറേഷനിലെ ഏതോ വലിയ ഉദ്യോഗസ്ഥന്‍ അങ്ങോട്ട് വന്നത് ; മൂക്കും പൊത്തിപ്പിടിച്ച്.
“തള്ളെ, നിങ്ങളുടെ പയ്യിനെക്കൊണ്ട് നാട്ടാര്‍ക്കെല്ലാം വലിയ ശല്യമാണല്ലോ? ഇതിനെ ഇവിടെയൊന്നും വളര്‍ത്താന്‍ പറ്റില്ല. വീട്ടില്‍ നിന്നു നൂറ് മീറ്ററെങ്കിലും അകലെ കോണ്‍ക്രീറ്റ് തൊഴുത്തുണ്ടാക്കി, എന്നും വൃത്തിയാക്കാനുള്ള സൌകര്യത്തോടെ മാത്രമെ, വളര്‍ത്താവൂ. അതും കോര്‍പ്പൊറേഷനില്‍ നിന്നു രേഖാമൂലം സമ്മതം വാങ്ങിയ ശേഷം മാത്രം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരാതി കിട്ടിയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനകം തൊഴുത്ത് പൊളിച്ചുമാറ്റി, പയ്യിനെ എവിടെയെങ്കിലും കൊണ്ട് കളയണം.”
ഇടി വെട്ടിയവനെ പാമ്പ് കടിച്ച മാതിരിയായിപ്പോയി, പാറുവമ്മ. അവര്‍ വലിയവായിലെ നിലവിളിച്ചു. പൊളിഞ്ഞ കുട വലിച്ചെറിഞ്ഞ് മഴയത്ത് തന്നെ നിന്ന് മാറത്തടിച്ച് നിലവിളിയായി. അയല്‍ വീടുകളിലേക്കു മാറി മാറി നോക്കിക്കൊണ്ട് അവര്‍ ഉച്ചത്തില്‍ പ്രാകി.”എന്റെ പയ്യിനെതിരെ കള്ളപ്പരാതി കൊടുത്തവന്‍ കാലൊടിഞ്ഞ് കിടപ്പിലാവട്ടെ!, ഗതി പിടിക്കാതിരിക്കട്ടെ! ദൈവം തമ്പുരാനെ, നീ അവര്‍ക്ക് കൊടുത്തോളണമെ!“ വീണ്ടും അവര്‍ ഉച്ചത്തിലുച്ചത്തില്‍ പ്രാകിക്കൊണ്ടിരുന്നു. സംഗതി പന്തിയല്ലെന്നു കണ്ട് ഉദ്യോഗസ്ഥന്‍ പതുക്കെ സ്ഥലം വിട്ടു. പോകുന്ന പോക്കില്‍ ഒന്നു കൂടി ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല.
പാവം പയ്യിനും ഏതാണ്ടൊക്കെ മനസ്സിലായെന്ന് തോന്നി. കുറച്ചുസമയം അത് അനങ്ങാതെ കിടന്നു പാറുവമ്മയെ നോക്കി. പിന്നെ കണ്ണില്‍ വെള്ളം നിറച്ച് പാറുവമ്മയുടെ നേരെ തല ചെരിച്ചു. ഒരു നേര്‍ത്ത അമറല്‍. പാവം പശുവിന്റെ ജീവന്‍ പോയി.
ആര്‍ത്തലച്ച് കരയുന്ന പാറുവമ്മയെ കാണാന്‍ കെല്‍പ്പില്ലാതെ അയല്‍ക്കാര്‍ പതുക്കെ താന്താങ്ങളുടെ വീടുകളിലേക്ക് വലിഞ്ഞു. പിറ്റേന്ന് ആരൊക്കെയോ സഹായിച്ച് പാറുവമ്മ പശുവിനെ കുഴിച്ചിട്ടു. കാഴ്ച കാണാന്‍ മക്കളെല്ലാവരും വന്നിരുന്നു. മകളുടെ ഭര്‍ത്താവിനെ മാത്രം കണ്ടില്ല. തലേന്ന് കള്ള് കുടിച്ച് വരുന്ന വഴിക്ക് ഓടയില്‍ വീണ് കാലൊടിഞ്ഞ് അയാള്‍ കിടപ്പിലാണത്രെ.
--------------------------------------------------------------------------------------------------------
Saturday, December 5, 2009
നിഴലില്‍ ജീവിച്ച ഒരാള്‍
"അയ്യേ! ഉണ്ണീ, അരുത്, അമ്മ പറഞ്ഞു.
എന്റെ കൈകളോ ശ്രദ്ധയോ അവിടെ പതിഞ്ഞു പോയാലുടനെ അമ്മ അതു പറഞ്ഞു.
തോഴികളും അടുക്കളക്കാരികളും എല്ലാം അതു തന്നെ പറഞ്ഞു. എല്ലാവരും എപ്പോഴും
എന്റെ ചുറ്റിനും ഉണ്ടായിരുന്നു. ഒരിക്കലും അവരെന്നെ ഒറ്റക്കിരിക്കുവാനോ
ചിന്തിക്കുവാനോ വിട്ടില്ല. എന്റെ ബാല്യം മുഴുവനും, അതു കഴിഞ്ഞും ഞാന്‍
അമ്മയുടെ നിഴലിലായിരുന്നു.
എപ്പോഴും ഞാന്‍ അന്തപുരത്തില്‍ ഒരുപാട് സ്ത്രീകള്‍ക്കിടയില്‍ ഒറ്റക്കായിരുന്നു.
എന്റെ ഏകാന്തതയെപ്പറ്റി അവരൊരിക്കലും മനസ്സിലാക്കിയില്ല. അല്ലെങ്കില്‍ തന്നെ
ഒരു നാലു വയസ്സുകാരന്റെ ഏകാന്തതയെപ്പറ്റി ചിന്തിക്കുവാന്‍ മാത്രം ബുദ്ധിയുള്ളവരാണോ
ഈ മുതിര്‍ന്നവര്‍.
എന്നെപ്പറ്റിത്തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. എന്ത് കൊണ്ടാണു
ഞാന്‍ എനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു
എന്നെ അലട്ടിയ പ്രശ്നം. പക്ഷെ ആ ഒരു പ്രശ്നത്തിലേക്ക് എന്റെ ചിന്ത നീണ്ടാലുടനെ
അമ്മയോ ചുറ്റുമുള്ളവരില്‍ ആരെങ്കിലുമോ പറയും" ഉണ്ണീ, അരുത്" എന്ന്.
അതുമാത്രം എനിക്ക് മനസ്സിലാക്കാവുന്നതിനപ്പുറത്തായിരുന്നു. എനിക്ക് മാത്രമായി
ദൈവമെന്തേ ഒരു അരുതാത്തത് തന്നത്?
പിന്നെയും വളരെക്കഴിഞ്ഞാണ് എനിക്കതിന്റെ ഉത്തരം ലഭിച്ചത്. മാളവികയില്‍ നിന്ന്.
അവളായിരുന്നു എന്റെ കളിക്കൂട്ടുകാരി. എന്നെക്കാള്‍ രണ്ട് വയസ്സിന് മൂത്തവള്‍. ഒരുപാട്
കാര്യങ്ങളില്‍ അറിവുള്ളവള്‍. അറിവെല്ലാം രഹസ്യമായി, എനിക്ക് ഓതിത്തന്നവള്‍.
അവളൊരിക്കലും എന്നോട് അരുത് എന്ന് പറഞ്ഞില്ല. ഞാന്‍ എന്തുകൊണ്ട് വ്യത്യസ്ഥനായി
എന്ന അത്ഭുതകരമായ അറിവ് അവള്‍ പകര്‍ന്നു തന്നപ്പോള്‍ ഞാന്‍ ആകാശം മുട്ടെ
വളര്‍ന്നപോലെയായി.
‘ഞാന്‍, ഒരു പുരുഷന്‍! അന്തപുരത്തിലെ എണ്ണമറ്റ സ്ത്രീകള്‍ക്കിടയിലെ ഒരൊറ്റ പുരുഷന്‍.
എന്റെ പിതാവു പോലും വരാത്ത ഇടങ്ങളില്‍ തിമിര്‍ത്തു വിഹരിക്കാന്‍ സ്വാതന്ത്യമുള്ള പുരുഷന്‍.
എന്തുകൊണ്ടാണ് എന്നെ പെണ്‍വേഷം കെട്ടിച്ചു വളര്‍ത്തുന്നത് എന്നും അവള്‍ പറഞ്ഞു തന്നു.
അതൊരു വലിയ കഥയാണ്. ആറ്റുനോറ്റുണ്ടായ പുത്രന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്ന
ഒരമ്മയുടെ കഥ. ഭീഷ്മരുടെ ചാരന്മാരില്‍നിന്ന് പുത്രന്റെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം
യത്നിക്കുന്ന എന്റെ അമ്മയുടെ കഥ.
ആ കഥ മുഴുവന്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും പക്ഷെ, ഞാന്‍ എന്റെ കൌമാരം
വരെ കാത്തിരിക്കേണ്ടിവന്നു.
XXXX XXXX XXXX
'യുവരാജന്‍' മാളവിക വിളിച്ചു. അവളുടെ പതിഞ്ഞ ശബ്ദത്തില്‍. ഞങ്ങള്‍
ലതാഗൃഹത്തിലായിരുന്നു. ഞാന്‍ വള്ളിയൂഞ്ഞാലിലും അവള്‍ പുല്‍ത്തകിടിയിലും.
'വികാ, അടുത്തു വന്നിരിക്കൂ' വികാരം മുറ്റിയ ശബ്ദത്തില്‍ ഞാന്‍
ആവശ്യപ്പെട്ടു. മാളവികയിപ്പോള്‍ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു
പതിനാറുകാരിയാണ്. ബാല്യത്തിലെ കളിക്കൂട്ടുകാരി കൌമാരത്തിലെ തോഴിയായി.
മാലോകരുടെ കണ്ണില്‍ രാജകുമാരിയുടെ തോഴി. ആരും അംഗീകരിക്കുന്ന,
ബഹുമാനിക്കുന്ന ബന്ധം. അവളെന്റെ നിഴലായിരുന്നു. അല്ല, ഞാന്‍ അവളുടെ
നിഴലിലായിരുന്നു.എന്റെ കൌമാരം മുഴുവനും.
പക്ഷെ അമ്മ എല്ലാം മനസ്സിലാക്കിയിരുന്നു. എന്റെ പെണ്ണുടുപ്പുകള്‍ക്ക് മീതെയുള്ള
ഒരു പുതപ്പ് പോലെയായിരുന്നു മാളവികയുടെ വേഷം. അമ്മയെ സംബന്ധിച്ചിടത്തോളം
എന്റെ സ്വത്വം വെളിവാകാതിരിക്കാനുള്ള ഒരു തിരസ്കരണിയായിരുന്നു, മാളവിക.
അവളില്‍ അവര്‍ക്ക് പൂര്‍ണ്ണവിശ്വാസമായിരുന്നു. ഒരിക്കലും എന്റെ പുരുഷത്വം മറ്റു
സുന്ദരിമാര്‍ക്കു മുന്നില്‍ അനാവൃതമാകാതിരിക്കാന്‍ അമ്മ അവളെ സമര്‍ത്ഥമായി
ഉപയോഗിച്ചു. ഈ ബന്ധത്തില്‍ നിന്നു പുറത്ത് കടക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
കാരണം ഞാന്‍ അപ്പോഴും അമ്മയുടെ നിഴലില്‍ തന്നെയായിരുന്നു.
"യുവരാജന്‍, ഞാന്‍ അങ്ങയുടെ അവതാര കഥ പൂര്‍ത്തിയാക്കട്ടെ." എന്റെ മടിയിലേക്ക്
തല ചായ്ച്ചുകൊണ്ട് മാളവിക അംബയുടെയും ഭീഷ്മരുടെയും കഥ തുടര്‍ന്നു.
"കാശി രാജാവിന്റെ പുത്രിമാരായിരുന്ന അംബ, അംബിക, അംബാലിക എന്നിവരുടെ
സ്വയംവരപന്തലില്‍ അതിക്രമിച്ച് കയറിയ ഭീഷ്മന്‍ മൂന്നു പേരേയും അനുജനായ വിചിത്രവീര്യനു
വേണ്ടി അപഹരിച്ചു. എതിരിട്ട രാജാക്കന്മാരെയെല്ലാം തോല്‍പ്പിച്ചോടിച്ചു. കന്യകകളെ
സത്യവതിയെ ഏല്‍പ്പിച്ചു. അംബ നേരത്തെതന്നെ ശാല്വ രാജാവിനെ മനസാ വരിച്ചിരുന്നു.
ഭീഷ്മരുടെ സമ്മതം വാങ്ങി അംബ ശാല്വ രാജധാനിയിലെത്തി.
ഭീഷ്മര്‍ വിട്ടയച്ച അംബയെ കാമുകനായിരുന്ന ശാല്വന്‍ സ്വീകരിച്ചില്ല.
അങ്ങനെ ഭീഷ്മരില്‍ നിന്ന് നേടിയ രക്ഷ അവള്‍ക്ക്
ശിക്ഷയായി. തിരിച്ചുചെന്ന അവളെ ഭീഷ്മരും പരിഗണിച്ചില്ല. പരശുരാമന്‍
ഇടപെട്ടിട്ടുപോലും. ഭീഷമരോടുള്ള കോപതാപാദികളാല്‍ വെന്തു നീറിയ അവള്‍
ദേഹത്യാഗം ചെയ്തു. പ്രതികാരവ്രതത്തോടെ.
അടുത്ത ജന്മത്തിലും അവള്‍ക്ക്, ആഗ്രഹിച്ചതുപോലെ ഭീഷ്മവധത്തിന്റെ കാരണമാകാന്‍
കഴിഞ്ഞില്ല. സ്വഛന്ദമൃത്യു വരം നേടിയ ഭീഷ്മര്‍ക്ക് അപ്പോഴും മരിക്കാന്‍ സമയമായിട്ടില്ലായിരുന്നു.
ഒരു പകുതി നദിയായും ബാക്കി പകുതി ഒരു കന്യകയായും, അങ്ങിനെ, ദ്വിമുഖയായി
അവള്‍ ആ ജന്മം കഴിച്ചുകൂട്ടി. അതികഠിനമായി നിഷ്ഠകളോടെ ശിവനെ
തപസ്സുചെയ്തു. അടുത്തജന്മത്തിലെങ്കിലും ഭീഷ്മവധത്തിനുള്ള സാദ്ധ്യതകള്‍
അര്‍ത്ഥിച്ചുകൊണ്ട്. തപസ്സില്‍ പ്രീതനായ ശിവന്‍ അവളെ അനുഗ്രഹിച്ചു
മറഞ്ഞു. ഉടനെ സന്തുഷ്ടയായ അംബ ചിതകൂട്ടി ജീവത്യാഗം ചെയ്തു. അവള്‍ക്ക്
ധൃതിയായിരുന്നു ഭീഷ്മരെ കൊല്ലാന്‍.
"കഷ്ടം തന്നെ'' ഞാന്‍ ചിന്തിച്ചു. " സ്ത്രീകളുടെ കാര്യം വലിയ കഷ്ടം തന്നെ.
രാജകുമാരിയായാല്‍ പോലും കൈയ്യൂക്കുള്ളവന് തട്ടിയെടുക്കാം. പിന്നെ
ഉപേക്ഷിക്കാം. ഹരിക്കപ്പെട്ടവളായാല്‍ പിന്നെ കാമുകനും വേണ്ട,
പിതാവിനും വേണ്ട. ഹരിച്ചവനാണെങ്കില്‍ വേണ്ടേ വേണ്ട. വല്ലവര്‍ക്കും
വേണ്ടി പെണ്ണിനെ മോഷ്ടിക്കാന്‍ നടക്കുന്നവനെ എന്താണ് വിളിക്കേണ്ടത്?''
" ഭവാനെന്താണ് ചിന്തിക്കുന്നത്?" മാളവികയുടെ സ്വരം എന്നെ ഉണര്‍ത്തി.
"ഒന്നുമില്ല വികാ, നീ കഥതുടരൂ."
"യുവരാജന്‍, ഇനിയുള്ള കഥ അങ്ങയുടെ രാജധാനിയിലാണ്. അങ്ങയുടെ
പ്രിയപിതാവ് ദ്രുപദ മഹാരാജാവും തപസ്സു ചെയ്തിരുന്നു. പുത്ര ലാഭത്തിനായി.
ഭീഷ്മവധത്തിന് കെല്പുള്ള പുത്രന് വേണ്ടിതന്നെയാണ് അദ്ദേഹവും
പ്രാര്‍ത്ഥിച്ചത്. കൊടും തപസ്സിനൊടുവില്‍ സാക്ഷാല്‍ മഹേശ്വരന്‍
പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തിന് വരം നല്‍കുകയും ചെയ്തു. ഭീഷ്മവധത്തിന്
പ്രാപ്തിയുളള ഒരു പുത്രന്‍ ജനിക്കുമെന്നാണ് പരമശിവന്‍ വരം നല്‍കിയത്.
യഥാകാലം ഭവാന്റെ മാതാവ് ഗര്‍ഭിണിയാവുകയും ചെയ്തു.
എന്നാല്‍ എല്ലാവിവരങ്ങളും ഭീഷ്മന്റെ ചാരന്മാര്‍ അറിഞ്ഞു കൊണ്ടാണിരുന്നത്.
പുത്രന്റെ ജനന വൃത്താന്തം അറിഞ്ഞാല്‍ ഭീഷ്മന്‍ അവനെ കൊന്നുകളയുമെന്ന്
രാജാവു ഭയന്നു. അതിനാല്‍ ജനിച്ചത് ആണ്‍കുട്ടിയാണെന്ന് വിളംബരം ചെയ്തയുടന്‍
തന്നെ യഥാര്‍ത്ഥത്തില്‍ ജനിച്ചത് പെണ്‍കുട്ടിയാണെന്നും, വൈക്ളബ്യം നിമിത്തം
ആണ്‍കുട്ടിയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഉള്ള ഒരു കൊട്ടാരം രഹസ്യവും
നിര്‍മ്മിച്ചു. രഹസ്യങ്ങള്‍ അതിവേഗം പരക്കുമല്ലോ. യുവരാജന്റെ ശൈശവത്തിലെ
വേഷവിധാനങ്ങളും മറ്റും ഭീഷ്മചാരന്മാരെ ഈ കഥ വിശ്വസിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. പിന്നീടങ്ങോട്ട് ചാരന്മാരുടെ സാന്നിദ്ധ്യം വലുതായൊന്നും
രാജധാനിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല."
മാളവിക പറഞ്ഞു നിര്‍ത്തി. ചെറുപ്പകാലത്ത് എന്നെ പരിപാലിച്ചിരുന്ന ആയകളുടെയും
തോഴികളുടേയും മുഖങ്ങള്‍ മുഴുവന്‍ എന്റെ മനസ്സിലേക്കൊഴുകി വന്നു.
ഇവരില്‍ ആരൊക്കെയായിരുന്നു ചാരര്‍? എന്നെ നീന്താന്‍ പഠിപ്പിച്ച മലവാസിയോ.
കുതിര സവാരി പഠിപ്പിച്ച യോദ്ധാക്കളോ? ധനുര്‍വേദം അഭ്യസിപ്പിച്ചവരോ.
അല്ല; ഞാന്‍ ആയുധവിദ്യ പഠിക്കാന്‍ ആരംഭിച്ചത്
പിതാവില്‍ നിന്നായിരുന്നുവല്ലോ. അദ്ദേഹം പഠിപ്പിച്ച അടിസ്ഥാന പാഠങ്ങളാണ്
പോരില്‍ എന്നെ ഒരു മഹാരഥനാകുവാന്‍ പ്രാപ്തനാക്കിയത്. ആയുധ വിദ്യയുടെ
സൂക്ഷ്മവശങ്ങളില്‍ പിതാവിനുള്ള അവഗാഹം ആ കുഞ്ഞു വയസ്സിലും പിന്നീടും
എന്നെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്രയും അഭ്യാസ പടുവായ പിതാവ്
തികച്ചും ശാന്തനും, മൃദുഭാഷിയും ഒരിക്കല്‍പോലും ഒരു യുദ്ധത്തിന്
എടുത്തു ചാടാത്തവനും ആയത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ഒരുപക്ഷെ ഭീഷ്മ നിഗ്രഹമെന്ന വലിയ ലക്ഷ്യത്തിന് വേണ്ടി അദ്ദേഹം ത്യജിച്ച
കേവല സന്തോഷങ്ങളാകാം, അവയെല്ലാം. ഒരു പക്ഷെ പേരും പ്രശസ്തിയും ഉള്ള
മഹാരാജാവിന്റെ പുത്രന്‍ പ്രശസ്തനായാല്‍ അപകട സാദ്ധ്യതകളും
വര്‍ദ്ധിക്കുമെന്ന് അദ്ദേഹം ഭയന്നതാവും. ഏതായാലും ആയുധാഭ്യാസം
പുരോഗമിക്കുന്നതിനോടൊപ്പം ഞാന്‍ സ്ഥിരമായി പുരുഷവേഷത്തിലേക്ക് മാറി.
അഭ്യാസത്തിന് അതായിരുന്നു സൌകര്യം. അപ്പോഴേക്കും ആണായി വളര്‍ത്തപ്പെടുന്ന
പെണ്‍കുട്ടി എന്ന പ്രതിച്ഛായ എനിക്ക് സ്ഥിരമാവുകയും ചെയ്തിരുന്നു.
പിതാവു നല്‍കിയ ബാലപാഠങ്ങളാണ് ദ്രോണശിഷ്യരില്‍ ഒരു പ്രമുഖനാവാന്‍
എന്നെ തുണച്ചത്. അര്‍ജ്ജുനനൊപ്പം പൊരുതാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരില്‍
ഒരാളായി ഞാന്‍ പേരെടുത്തത് പെട്ടെന്നായിരുന്നു. അതോടെ ദ്രോണരുടെ കരുതല്‍
കൂടുതല്‍ പ്രകടമായി.അഭ്യാസക്കാഴ്ചകളില്‍ അര്‍ജുനനോട് മാറ്റുരക്കുവാന്‍ ഒരിക്കലും
ഗുരു എന്നെ പരിഗണിച്ചില്ല. കിരീടി ഒരിക്കലും സ്ത്രീകളുമായി ഏറ്റുമുട്ടാറില്ലല്ലോ.
പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചതായി നടിച്ചതേയില്ല. എന്റെ ലക്ഷ്യം
തികച്ചും വിഭിന്നമായിരുന്നു. പിതാവിന്റെ വാക്കുകളായിരുന്നു എനിക്ക്
ദിശാബോധം പകര്‍ന്ന് തന്നിരുന്നത്.
അര്‍ദ്ധചന്ദ്രങ്ങളും, കത്തിയമ്പുകളും മറ്റു നിരവധി തരം ബാണങ്ങളും എയ്ത്
അഭ്യസിച്ചുറപ്പിക്കുമ്പോള്‍ ഏകാഗ്രമായി ഒരേയൊരു ലക്ഷ്യത്തിലേക്ക് നോക്കാനാണ്
പിതാവ് കല്‍പ്പിച്ചത്. ഭീഷ്മപ്രതിമയുടെ ശിരോകവചത്തിനും മാര്‍ച്ചട്ടക്കും ഇടക്ക് ,
കഴുത്തിലുള്ള സൂക്ഷ്മമായ വിടവ്. അല്ലെങ്കില്‍ ചട്ടയുടെ പാര്‍ശ്വങ്ങളിലെ ബലമേറിയ
തുകല്‍ ചരടുകളുടെ ഇടയിലെ നയന ഗോചരമല്ലാത്ത വിടവ്. പിതാവ് നിര്‍ദ്ദേശിച്ച
അനവധി ലക്ഷ്യങ്ങളിലും ഞാന്‍ അമ്പെയ്തും, വേല്‍ ചാട്ടിയും പഠിച്ചു. പിന്നെ,
ഭീഷ്മരെ ദര്‍ശിക്കാനവസരം കിട്ടയപ്പോഴൊക്കെ ലക്ഷ്യങ്ങള്‍ നേരില്‍ കണ്ട്
ഞാന്‍ മനസ്സിലുറപ്പിച്ചു.
എപ്പൊഴെല്ലാം ഞാന്‍ ആയുധം തൊടുക്കുവാന്‍ തുടങ്ങിയോ,
അപ്പോഴെല്ലാം എന്റെ എതിരാളിയില്‍ ഞാന്‍ ഭീഷ്മരെ സങ്കല്‍പ്പിച്ചു. എന്റെ
ആയുധങ്ങള്‍ അവരുടെ മര്‍മ്മങ്ങളില്‍ തറച്ചുകേറിയപ്പൊഴൊക്കെ പരാജിതനായ
ഭീഷ്മനെ ഞാന്‍ സങ്കല്‍പ്പിച്ചു. യാഥാര്‍ത്ഥ്യങ്ങളിലേക്ക്
മടങ്ങിയപ്പോഴെല്ലാം വീണ്ടും തീവ്രമായ പരിശീലനത്തില്‍ മുഴുകി.
ഗദായുദ്ധം, ഖഡ്ഗയുദ്ധം, ഹസ്തമുക്തങ്ങളും യന്ത്ര മുക്തങ്ങളും ആയ വേലുകള്‍,
ദിവ്യാസ്ത്രങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയത് ദ്രോണാചാര്യരുടെ
കീഴിലായിരുന്നു. മുഷ്ടിയുദ്ധം, മര്‍മ്മപ്രയോഗങ്ങള്‍, വിഷം,
ചതിപ്രയോഗങ്ങള്‍ എന്നിവയിലും ഇക്കാലത്ത് പ്രാവീണ്യം നേടി.
പത്തൊമ്പതാമത്തെ വയസ്സില്‍ എന്റെ ധനുര്‍വേദ പഠനം പൂര്‍ത്തിയായതായി
ഗുരു പ്രഖ്യാപിച്ചു. എന്നിട്ടും ഞാന്‍ രാജധാനിയിലെ സുഖലോലുപതകളിലേക്ക്
ഒതുങ്ങിക്കൂടിയില്ല. വനത്തിലെ ഏകാന്തതയില്‍ യാമങ്ങളോളം നീങ്ങുന്ന തീവ്രമായ
പരിശീലനത്തില്‍ മുഴുകി. രാജധാനിയില്‍ ചെലവിടുന്ന സമയങ്ങള്‍ വളരെ
കുറവായിരുന്നു. മാളവികയുമായുള്ള സമാഗമങ്ങളും വളരെ കുറഞ്ഞു. ഞാന്‍
അവളുടെ നിഴലില്‍ നിന്നു പതുക്കെ പുറത്തു കടക്കുകയായിരുന്നോ?.
എന്തായാലും അംബയുടെ നിഴല്‍ അപ്പോഴേക്കും എന്നെ
വല്ലാതെ മൂടിക്കളഞ്ഞിരുന്നു; ഉണര്‍ച്ചയിലും ഉറക്കത്തിലും.
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍, ബോധാബോധ മണ്ഡലങ്ങളുടെ
നേര്‍ത്ത അതിര്‍വരമ്പുകളില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘനേരം
സംവദിക്കാറുണ്ടായിരുന്നു. "ശിഖണ്ഡിനീ'', അംബ എപ്പോഴും
അങ്ങനെയാണെന്നെ വിളിച്ചിരുന്നത്. "നീ ഇനിയും ഒന്നും ആയിട്ടില്ല.
പരിശീലനം തുടര്‍ന്നേ പറ്റൂ, യുഗങ്ങളോളം.'' പരുഷസ്വരത്തില്‍ ഇത്രയും
പറഞ്ഞ് അവള്‍ തല്‍ക്കാലത്തേക്ക് മറഞ്ഞു.
ഉണര്‍ന്നപ്പോള്‍ ഞാന്‍ അറിയാതെ തന്നെ വനത്തിലെ
രഹസ്യമായ പരിശീലന സ്ഥലത്ത് എത്തിചേര്‍ന്നിരുന്നു. വീണ്ടും
യാമങ്ങളോളം നീളുന്ന ഏകാന്ത പരിശീലനം.
ഒരു മാത്ര വിശ്രമിക്കുവാന്‍ മരത്തിന്റെ
വേടിലിരുന്നപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്. മുന്‍പിലുള്ള
മരത്തിനപ്പുറത്ത് താഴ്ന്ന ചില്ലയില്‍ കൊക്കുരുമ്മി പരിസരം
മറന്നിരിക്കുന്ന വര്‍ണ്ണക്കിളികള്‍. ഒരു കുസൃതിതോന്നി. ഏറ്റവും നേര്‍ത്ത
സൂചീമുഖീനാരാചം എടുത്ത് ഉന്നംപിടിച്ചു. ഇണക്കിളികളുടെ കൊക്കിനും
കഴുത്തിനും ഇടയിലുള്ള നേര്‍ത്ത ഒഴിവിലൂടെ അവയറിയാതെ ശരം അപ്പുറത്തെ
ലക്ഷ്യത്തില്‍ എത്തിക്കാനായിരുന്നു എന്റെ ശ്രമം. അതിവേഗം, നിശ്ശബ്ദം
പായുന്ന ആ ശരം എയ്തു വിട്ടതും, ഒരു നിമിഷം ഞാന്‍ നടുങ്ങിത്തെറിച്ചുപോയി.
കേവലം നാലു വില്‍പാട് മുന്നിലുള്ള വന്മരത്തിന്റെ വശത്തുനിന്നും ബലിഷ്ഠമായ
ഒരു കൈ മിന്നല്‍ വേഗത്തില്‍ നീണ്ടു വന്ന് ആ ശരം പിടിച്ചെടുത്തു.
ഒരു സമര്‍ത്ഥനായ പടയാളിക്ക് പോലും കാണാന്‍ പറ്റാത്തത്ര വേഗത്തിലാണ്
എല്ലാം സംഭവിച്ചത്. ഞാന്‍ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്ന് പോയി. ഓടി
മരത്തിന്റെ അപ്പുറത്ത് ചെന്ന ഞാന്‍ കണ്ടത് , ശാന്തനായിരുന്നു ധ്യാനിക്കുന്ന
ഒരു താപസനെയായിരുന്നു. ആരോഗദൃഢഗാത്രം, അഭൌമമായ തേജസ് കളിയാടുന്ന
മുഖം. എന്റെ കാല്‍പെരുമാറ്റം കേട്ടതും, അദ്ദേഹം കരുണാമയമായ നേത്രങ്ങളോടെ
ശരമെടുത്ത് എനിക്ക് നീട്ടി. എന്നിട്ട് മൊഴിഞ്ഞു "മകനെ, വലിയ ലക്ഷ്യങ്ങളിലേക്ക്
മനസ്സു വെക്കുക, ചെറിയ ജീവിതങ്ങളെ ബഹുമാനിക്കുക." എന്നിട്ടദ്ദേഹം കണ്ണടച്ചു,
വീണ്ടും ധ്യാനത്തിലായി.
ആരാണയാള്‍? എയ്തശരം നാലു വില്‍പാട് കടക്കുന്നതിന് മുമ്പ്
വെറും കൈകൊണ്ട് പിടിച്ചെടുക്കുവാന്‍ കെല്‍പ്പുള്ളയാള്‍. അതും എയ്യുന്നവന്
പുറം തിരിഞ്ഞിരുന്നുകൊണ്ട്. ആ ശരമാണെങ്കിലോ, വായുവില്‍ കമ്പനങ്ങള്‍
ഉണ്ടാകാതെ, സീല്‍ക്കാരം കേള്‍പ്പിക്കാതെ അതിവേഗം പായുന്ന സൂചീമുഖീനാരാചം.
ഇത്ര സൂക്ഷ്മമായി ധനുര്‍വ്വേദത്തിന്റെ, മര്‍മ്മമറിഞ്ഞ ഇയാള്‍ ആരാണ്.
തീര്‍ച്ചയായും വേഷം മാറി വന്ന ഒരു ദേവനായിരിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ
മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു; ദീര്‍ഘനേരം. "മകനേ എഴുന്നേല്‍ക്കൂ."
വ്യക്തമായ, മൃദുവായ സ്വരത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പത്മാസനത്തിലിരിക്കുന്ന
അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തിത്തന്നെ നിന്നു.
"മഹാനുഭാവ! എന്നെ ശിഷ്യനായി സ്വീകരിച്ചാലും."ശാഠ്യം പിടിക്കുന്ന കുട്ടിയേപ്പോലെ
ഞാന്‍ ആവശ്യപ്പെട്ടു.മിഴികളില്‍ മന്ദഹാസം. പിന്നെ കരുണയൂറുന്ന സ്വരത്തില്‍ ഒരു
ചോദ്യം. "മകനേ, നീ എന്താണ്?"
ഒരു നിമിഷം ഞാന്‍ സ്തബ്ദ്ധനായി നിന്നുപോയി. ആരും, ഞാന്‍ പോലും,
എന്നോടിതുവരെ ചോദിക്കാത്ത ചോദ്യം. "ആചാര്യ, ഞാന്‍ എന്താകാനാഗ്രഹിക്കുന്നു
എന്ന് ഒരു പക്ഷേ അങ്ങയോടുണര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞേക്കാം. പക്ഷേ
ഇപ്പോള്‍ ഞാന്‍ എന്താണെന്ന് എനിക്കറിയാമോ എന്നുപോലും എനിക്ക് നിശ്ചയം
പോര. അറിഞ്ഞിരുന്നാല്‍പോലും അത് ഇനി ഒരാള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള
കഴിവും എനിക്കില്ല. ദയവായി എനിക്ക് അതിനുള്ള മാര്‍ഗ്ഗങ്ങള്‍
പറഞ്ഞുതന്നാലും."
" മകനെ, ഏതു പാഠവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനവന്‍
എന്താണെന്ന തിരിച്ചറിവില്‍ നിന്നാണ്. നിനക്ക് മാത്രം തിരിച്ചറിയാവുന്ന
നിന്നെയാണ് നീ തേടേണ്ടത്. ശ്രമിക്കുക, നിനക്ക് വിജയം വരും.'' ആചാര്യന്‍
വീണ്ടും ധ്യാനത്തിലാഴ്ന്നു.
ദീര്‍ഘനേരം കഴിഞ്ഞ് അദ്ദേഹം കണ്ണുതുറന്നപ്പോഴും ഞാന്‍ അവിടെത്തന്നെ
മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. കരുണയോടെ അദ്ദേഹം മൊഴിഞ്ഞു. "മകനെ
പറയുക. നിന്റെ വിഷമങ്ങള്‍ എന്നോട് പറയുക."
ഞാന്‍ പറയുവാന്‍ തുടങ്ങി. അംബയില്‍ നിന്ന് ആരംഭിച്ച് എന്റെ ആയുധാഭ്യാസങ്ങള്‍
വരെ. ഭീഷ്മനിഗ്രഹത്തിനായുള്ള എന്റെ വരലബ്ധിയുടെ വിവരങ്ങള്‍, എന്റെ പരിശീലന
രഹസ്യങ്ങള്‍, എല്ലാം. ലക്ഷ്യത്തിനായുള്ള എന്റെ ആത്മ സമര്‍പ്പണം അദ്ദേഹത്തെ
വളരെ ആകര്‍ഷിച്ചു എന്നുവേണം കരുതാന്‍. കേവലം മൂന്നു ദിവസങ്ങള്‍ വേണ്ട
നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് എന്റെ ആയുധാഭ്യാസ സമയത്ത് കൂടെയിരിക്കാം എന്നദ്ദേഹം
വാക്കുതന്നു. ധൈര്യം, സ്ഥൈര്യം, ശക്തി, ക്ഷമ, കൈവേഗം, എന്നീ
അവശ്യ ഗുണങ്ങളും പരമാവധി അച്ചടക്കത്തോടെയുള്ള യുദ്ധത്തിലൂടെ, ശക്തി ഒട്ടും
പാഴാക്കാതെ സംഭരിച്ച് വെക്കാനും, ദീര്‍ഘനേരം തളരാതെ, വികാരവിക്ഷോഭങ്ങള്‍
കൂടാതെ യുദ്ധം ചെയ്യാനും ഉള്ള മാര്‍ഗ്ഗങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഉള്ള്
പൊള്ളയായ, വിഷദ്രാവകം തറച്ച ശരങ്ങളെപറ്റി ഞാന്‍ അറിഞ്ഞത് അദ്ദേഹത്തില്‍
നിന്നാണ്. ഞാന്‍ പഠിച്ച വിഷക്കൂട്ടുകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു
ഈ വിഷത്തിന്റെ പ്രവര്‍ത്തനം. നാരാചത്തിന്റെ കൂര്‍ത്ത മുനയിലെ നേര്‍ത്ത
ദ്വാരത്തിലൂടെ ശരീരത്തില്‍ കലരുന്ന വിഷം. പ്രതിയോഗിപോലും അറിയാതെ, വളരെ
സാവകാശം രക്തത്തില്‍ കലര്‍ന്ന് ആഴ്ചകളോ, മാസങ്ങളോ കൊണ്ടാണ് വധം
പൂര്‍ത്തിയാക്കുക.
ഈ മൂന്നു ദിനങ്ങള്‍കൊണ്ട് ഞാന്‍ നേടിയ പരിശീലനത്തിന്റെ
മികവ് ദ്രോണര്‍ക്ക് പോലും പകര്‍ന്നു നല്‍കാന്‍ കഴിയാത്തതായിരുന്നു. അതു
പകര്‍ന്നു തന്ന ആത്മവിശ്വാസമോ, അപാരവും. വിടപറയുമ്പോള്‍ അദ്ദേഹം വിഷം
നിറച്ച ഒരു ശരം എന്നെ ഏല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു. "മകനെ ഈ ശരം നിന്റെ
പ്രബലനായ ശത്രുവിന് വേണ്ടി കരുതിവെക്കുക. ഭീഷ്മവധത്തിനായുള്ള
വരലബ്ധിയെപ്പറ്റി നീ ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. വരങ്ങള്‍ ഒരിക്കലും
സ്വയം പ്രവര്‍ത്തിക്കുന്നവയല്ല. അവ വെറും വഴികാട്ടികള്‍ മാത്രമാണ്.
നിന്നിലര്‍പ്പിതമായ കര്‍ത്തവ്യത്തിന്റെ സൂചനകള്‍ മാത്രം. നീ
പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരം ഫലിക്കുകയുള്ളൂ. അതിനാല്‍ പരിശീലനം
തുടരുക.''
ആചാര്യാ ദയവായി അങ്ങെന്നോട് ഗുരുദക്ഷിണ ആവശ്യപ്പെടുക."
വിനയപൂര്‍വ്വം ഞാന്‍ ഉണര്‍ത്തിച്ചു. ഒരു ചെറു പുഞ്ചിരിയോടെ ഗുരു മൊഴിഞ്ഞു.
"നിനക്കു ലഭിച്ച വരത്തിന്റെ ഫലപ്രാപ്തിയാണെനിക്കുള്ള ദക്ഷിണ. അതിനായി
യത്നിക്കുക." പിന്നെ ഗുരു മറഞ്ഞു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു.
തിരികെ രാജധാനിയില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു, എന്റെ ഇടക്കിടെയുള്ള
അന്തര്‍ദ്ധാനത്തില്‍ പിതാവ് അസന്തുഷ്ടനാണ്. എന്റെ സുരക്ഷയില്‍
ഉല്‍ക്കണ്ഠാകുലനായ അദ്ദേഹം എന്റെ ഏകാന്തതക്കറുതി വരുത്തുവാന്‍ തന്നെ
തീരുമാനിച്ചു. അമ്മയാണ് പോംവഴി നിര്‍ദ്ദേശിച്ചത്. ഒരു വിവാഹം. ദശാര്‍ണ്ണ
രാജാവായ ഹിരണ്യവര്‍മ്മന്റെ മകളെയായിരുന്നു അവര്‍ എനിക്കുവേണ്ടി
കണ്ടുവെച്ചത്. സേനാബലത്തിലും സമ്പത്തിലും മികച്ചുനില്‍ക്കുന്ന അദ്ദേഹത്തെ
ബന്ധുവാക്കി എന്റെ സുരക്ഷ കൂടുതല്‍ ഉറപ്പിക്കാനാണ് അവരുടെ യത്നം എന്ന്
സ്പഷ്ടം. വിവാഹം ആഘോഷമായി നടന്നു.
എന്നാല്‍ വധുവിന്റെ പ്രേമപ്രകടനങ്ങള്‍ ഒന്നും തന്നെ എന്നില്‍ ഒരു ചലനവും
സൃഷ്ടിച്ചില്ല. ഭീഷ്മവധ ശപഥത്തില്‍ മാത്രം മുഴുകിയ എനിക്ക് അവരോട് നീതി
പുലര്‍ത്താന്‍ കഴിയുമോ എന്ന സന്ദേഹത്തിലായി, ഞാന്‍. പക്ഷേ എന്റെ
പുരുഷത്വത്തേപ്പോലും ചോദ്യം ചെയ്തു കൊണ്ട് അവള്‍ പിതാവിന് സന്ദേശം
അയച്ചതോടെ എന്റെ എല്ലാ താല്‍പര്യവും കെട്ടുപോയി. അന്ന്
രാത്രി കൊട്ടാരം വിട്ടിറങ്ങിയ ഞാന്‍ വനത്തിലെ എന്റെ പരിശീലനസ്ഥലവും
കഴിഞ്ഞ് വളരെ മുന്നോട്ടു നടന്നു. ആ വൃദ്ധതാപസനെ വീണ്ടും കാണുമെന്ന
നേര്‍ത്ത പ്രതീക്ഷയാണെന്നെ നയിച്ചത്. പക്ഷെ ഞാന്‍ എത്തിപ്പെട്ടത്
വനമദ്ധ്യത്തിലെ അതിസുന്ദരമായ ഒരു ഭവനത്തിലായിരുന്നു.
"വരൂ ശിഖണ്ഡികുമാരാ, ദയവായി തല്‍പത്തില്‍ വിശ്രമിച്ചാലും. മനോഹരമായ
ഒരു ശബ്ദം എന്നെ എതിരേറ്റു. ഒരു സുകുമാര കളേബരന്‍ മന്ദഹസിച്ചുകൊണ്ട്
കടന്നു വന്നു. സ്ത്രീ ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു."സ്ത്രീ വേഷക്കാരന് പുരുഷ
വേഷക്കാരന്‍ തുണ. വിഷമിക്കേണ്ട; ഞാന്‍ നിന്നെ സഹായിക്കാം. പകരം
നിന്റെ സഹായം എടുക്കുകയും ആവാം."
അയാള്‍ വീണ്ടും തുടര്‍ന്നു. "യഥാര്‍ത്ഥത്തില്‍ യക്ഷ കുലത്തില്‍ സ്ത്രീയായി
ജനിച്ച ഞാന്‍ ഇവിടെ പുരുഷവേഷത്തില്‍ ജീവിക്കുകയാണ്. കുബേരന്റെ
ആജ്ഞപ്രകാരം. ആരും ഇങ്ങോട്ടേക്ക് എത്തി നോക്കാതിരിക്കാന്‍ ഭീകരനായ
ഒരു യക്ഷന്‍ എന്ന പരിവേഷവും എനിക്ക് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്, അദ്ദേഹം.
കുബേരന്റെ പത്നിയായി വാഴാന്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ അത്
സ്ത്രീ വേഷത്തില്‍ തന്നെയാവുന്നതാണ് ഉചിതം. അതിനാല്‍ നമുക്ക് ഒരു
കരാറില്‍ ഏര്‍പ്പെടാം. എന്റെ പുരുഷത്വം നിനക്കും, നിന്റെ സ്ത്രീത്വം എനിക്കും
കൈമാറിയതായി നമുക്ക് വിളംബരപ്പെടുത്താം."
എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. "അതുകൊണ്ട് എനിക്കെന്താണ്
ഗുണം? ഞാന്‍ ഇപ്പോള്‍ തന്നെ പുരുഷനാണല്ലോ.
"അംഗീകരിക്കപ്പെടാത്ത എന്റെ സ്ത്രീത്വം പോലെത്തന്നെ അപമാനകരമാണ്
ആരും അംഗീകരിക്കാത്ത നിന്റെ പുരുഷത്വവും. സ്വത്വങ്ങള്‍ വീണ്ടെടുത്താല്‍
നമുക്ക് ശ്രേയസ്സ് വര്‍ദ്ധിക്കുകയേയുള്ളൂ."
പിന്നെയവള്‍ എനിക്ക് ശിക്ഷണങ്ങള്‍ നല്‍കി. വധുവിനെ തൃപ്തിപ്പെടുത്താനുള്ള
പാഠങ്ങള്‍. ഞാന്‍ രാജധാനിയില്‍ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ എന്റെ പുരുഷത്വ
പ്രാപ്തിയുടെ വൃത്താന്തം അവിടെ പരസ്യമായ രഹസ്യമായിരുന്നു.
പിറ്റേന്ന് പുലര്‍ച്ചെ സുരതാലസ്യത്തില്‍ നിന്നുണര്‍ന്ന വധുവിന്റെ ആദ്യ സന്ദര്‍ശകന്‍,
നിയോഗവശാല്‍ അവരുടെ പിതാവ് തന്നെയായിരുന്നു. പരസ്പര ദര്‍ശനത്തില്‍ തന്നെ
അവര്‍ക്കിരുവര്‍ക്കും കാര്യം മനസ്സിലായി. സന്തുഷ്ടനായ അദ്ദേഹം നിരവധി
പാരിതോഷികങ്ങള്‍ നല്‍കി, യാത്രയായി. ഞാനെന്റെ ലക്ഷ്യത്തിലേക്ക് മനസ്സ് വെച്ച്
പരിശീലനം തുടര്‍ന്നു.
********************************
അവസാനം എന്റെ കാത്തിരുപ്പിനറുതിയായി. കൃഷ്ണദൂതും പരാജയപ്പെട്ടു.
കൌരവര്‍ ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിന് അണിനിരന്നപ്പോള്‍
ഏറ്റവും ആഹ്ളാദിച്ചത് ഞാനായിരുന്നു. യുദ്ധം തുടങ്ങി പത്ത്
ദിവസവും ഞാന്‍ ഭീഷ്മരെ വിടാതെ പിന്തുടരുകയായിരുന്നു. ഒരിക്കലും
എനിക്കദ്ദേഹത്തോട് നേര്‍ക്കുനേര്‍ പോരാടാന്‍ അവസരം ഒത്തുവന്നില്ല.
എതിരിട്ട മറ്റുപലരോടും യുദ്ധം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു ഞാന്‍.
അപ്പോഴൊക്കെ വൃദ്ധ താപസന്റെ ഉപദേശങ്ങളാണെന്നെ നയിച്ചത്.
ക്ഷമ, അപാരമായ ക്ഷമ അവലംബിക്കുക. ലക്ഷ്യം മറക്കാതിരിക്കുക.
തയ്യാറെടുപ്പ് തുടരുക.
യുദ്ധത്തില്‍ ഭീഷ്മരുടെ പാടവം അപാരമായിരുന്നു. കത്തിജ്വലിക്കുന്ന
സൂര്യനെപ്പോലെ അയാള്‍ യുദ്ധഭൂമിയില്‍ നിറഞ്ഞുനിന്നു. മൂന്നാം ദിവസം
തന്നെ അദ്ദേഹം ഒറ്റക്ക് ഞങ്ങളുടെ സേനാനായകനായ ശ്വേതനെ
അതിഘോരമായ ഒരു ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചതിന് ദൃക്സാക്ഷിയാവേണ്ടി
വന്നപ്പോള്‍ അറിയാതെ തന്നെ എനിക്കദ്ദേഹത്തോടല്‍പം ബഹുമാനം
തോന്നിപ്പോയി. ഓരോ ദിവസവും പതിനായിരം രഥികളെയും എണ്ണമറ്റ
പടയാളികളെയും വീതം വധിച്ചുകൊണ്ടാണ് ഭീഷ്മര്‍ യുദ്ധം ചെയ്തത്. ഒടുവില്‍
യുധിഷ്ഠിരന് കിരീടിയെ തെല്ലൊന്ന് ശാസിക്കേണ്ടി വന്നു. എന്റെ സഹായം
തേടാത്തതിന്. കൃഷ്ണന്റെ ഉപദേശം കൂടി ആയപ്പോള്‍ ദുരഭിമാനം മാറ്റിവെച്ച്
അര്‍ജ്ജുനന്‍ എന്നെ തേടിവന്നു.
അങ്ങനെ പത്താമത്തെ ദിവസം യുദ്ധത്തിന് ഞാന്‍ പദ്ധതി
തയ്യാറാക്കി. അര്‍ജ്ജുനന്‍ തേരില്‍ എനിക്ക് പിന്നില്‍ നിന്ന് യുദ്ധം
ചെയ്യും. ഭീഷ്മശരങ്ങളില്‍ നിന്ന് അദ്ദേഹത്തെ മറയ്ക്കുന്ന കവചമായി ഞാന്‍
പൊരുതും. ഭീഷ്മരെ സഹായിക്കാനെത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ഭീമന്‍,
മാദ്രേയന്മാര്‍, എന്റെ പിതാവ് ദ്രുപദന്‍, ധൃഷ്ടകേതു, പാഞ്ചാലന്‍, സാത്യകി,
അഭിമന്യു, മുതലായവരുടെ സേനകള്‍ സംഘടിച്ച് പോരാടും. ഈ മഹത്തായ
പോരാട്ടത്തില്‍ തീര്‍ച്ചയായും ഞാന്‍ എന്റെ ശരം പ്രയോഗിക്കും.
വൃദ്ധതാപസന്‍ എന്നെ ആശിര്‍വദിച്ച് ഏല്‍പ്പിച്ച ആ സൂചീമുഖീനാരാചം.
യുദ്ധം മുറുകി. എന്റെ ഇടതും വലതും മതില്‍ കെട്ടിയത് പോലെ തോന്നി,
ഇടതടവില്ലാതെ അര്‍ജുനന്റെ ഗാണ്ഡീവത്തില്‍ നിന്ന് പായുന്ന ശരങ്ങള്‍
കണ്ടപ്പോള്‍. ഭീഷ്മരാവട്ടെ ഒരു നേര്‍ത്ത മന്ദഹാസത്തോടെ
ശരങ്ങള്‍ ഓരോന്നും മുടിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒറ്റ ശരം പോലും എന്റെ
നേര്‍ക്കെയ്തില്ല. എന്റെ നേരെ നോക്കാന്‍ പോലും അദ്ദേഹം മിനക്കെട്ടില്ല.
അര്‍ജുനനൊത്ത കൈവേഗത്തോടെ ഞാന്‍ അയച്ച ആയിരക്കണക്കിന്
ശരങ്ങളും മിന്നല്‍ പോലുതിര്‍ത്ത മറു ശരങ്ങള്‍ കൊണ്ട് അദ്ദേഹം അറുത്തുവിട്ടു
കൊണ്ടിരുന്നു. ക്ഷമയോടെ ഞാന്‍ ഇടതടവില്ലാതെ ശരങ്ങള്‍ എയ്തുകൊണ്ടേയിരുന്നു.
ഒരു നിമിഷം വൃദ്ധതാപസ ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ നിശിതങ്ങളായ
ഒമ്പതു ശരങ്ങള്‍ ഭീഷ്മരുടെ നെഞ്ചിലേക്കെയ്തു. അതിലെട്ടണ്ണവും അദ്ദേഹം
അറുത്തുവിട്ടു. ശേഷിച്ച ഒരെണ്ണം മാര്‍ച്ചട്ട തുളച്ച് നെഞ്ചില്‍
ഇടതുഭാഗത്ത് തറച്ച് കേറിയത് കണ്ടപ്പോള്‍ ഞാന്‍ ഹര്‍ഷത്തോടെ
ചിന്തിച്ചു, ‘ഭീഷ്മര്‍ തളര്‍ന്ന് തുടങ്ങി.' പക്ഷെ, ആ മുഖത്ത് തളര്‍ച്ചയുടെ
ഒരു ലക്ഷണവും ഞാന്‍ കണ്ടില്ല. നിഗൂഢമായ ആ നേര്‍ത്ത മന്ദഹാസം
അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് തത്തിക്കളിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷാര്‍ദ്ധം അദ്ദേഹം ധ്യാനത്തിലാണ്ടപോലെ തോന്നി.
തല ചെരിച്ച് വാനവരോട് സംവദിക്കുന്ന മട്ടില്‍, അര്‍ദ്ധനീലിമത
നേത്രങ്ങളോടെ.
ഇതാണവസരം. ഞാനുറച്ചു. ശിരോകവചത്തിനും മാര്‍ച്ചട്ടക്കും ഇടയ്ക്കുള്ള ആ
നേര്‍ത്ത വിടവ് എനിക്ക് മാത്രം ഗോചരമായിരുന്നു. നൊടിയില്‍ ഞാന്‍
എന്റെ വിഷം നിറച്ച സൂചീമുഖീനാരാചം തൊടുത്തു. ഒരു പുരുഷായുസ്സില്‍
ഞാന്‍ ചെയ്ത എല്ലാ പരിശീലനങ്ങളുടെയും ഏകാഗ്രതയോടു കൂടി.
മിന്നല്‍പിണരിന്റെ വേഗത്തില്‍, നിശ്ശബ്ദം പറന്ന ആ ശരം, ഭീഷ്മര്‍ക്ക് തല
താഴ്ത്താന്‍ അവസരം കിട്ടുന്നതിന് മുമ്പ് ആ കഴുത്തില്‍ തറച്ചു കയറി.
ഉയര്‍ന്ന ശിരസ്സോടെ തന്നെ അദ്ദേഹം കണ്‍തുറന്ന് ആദ്യമായി എന്നെ
നോക്കി. ഇപ്പോള്‍ ആ മന്ദഹാസം കൂടുതല്‍ പ്രകടമായിരുന്നു. ഒരു വിജയിയുടെ
മന്ദഹാസമായിരുന്നു അത്. ഒരു വിജയിയുടെ ആലസ്യത്തോടെ തന്നെയായിരുന്നു
പിന്നീടദ്ദേഹത്തിന്റെ പോര്. അര്‍ജ്ജുനശരങ്ങള്‍ പലതും അദ്ദേഹം എതിര്‍ക്കാതെ വിട്ടു.
ഓരോ ശരങ്ങളും ചട്ടതുളച്ച് അകത്ത് കയറുമ്പോള്‍ ഒരു നിര്‍വൃതിയിലെന്നപോലെ അദ്ദേഹം
ചിരിക്കുകയായിരുന്നു. ഒടുവില്‍ വാളും പരിചയുമായി തേര്‍വിട്ട് നിലത്തേക്ക്
ചാടിയ ഭീഷ്മരുടെ പരിച നിശിതാസ്ത്രങ്ങളാല്‍ കിരീടി തകര്‍ത്തു കളഞ്ഞു. അതും
അദ്ദേഹത്തിന്റെ കാല്‍ നിലത്ത് കുത്തുന്നതിന് മുമ്പ്. അപ്പോള്‍ വിഷം
പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു.
അദ്ദേഹം കിഴക്കോട് തലയായി വീണു. നിലത്തല്ല; ശരശയ്യയില്‍. ഭീഷ്മര്‍
വീണതോടെ പത്താം ദിവസത്തെ യുദ്ധവും അവസാനിച്ചു. അന്ന് ശിബിരത്തില്‍
തിരിച്ചെത്തിയത് നിശ്ചിന്തനായി രാത്രി മുഴുവന്‍ ഉറങ്ങണമെന്ന
ഉദ്ദേശ്യത്തോടെയായിരുന്നു. പക്ഷെ, ഭീഷ്മപതനത്തിന്റെ
തികച്ചും വ്യത്യസ്ഥമായ ഒരു വിവരണമായിരുന്നു കൈനിലകളില്‍
പടര്‍ന്നുകൊണ്ടിരുന്നത്. പെണ്ണായിപിറന്ന ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം
ചെയ്ത് അര്‍ജ്ജുനന്‍ ഭീഷ്മരെ വീഴ്ത്തി എന്ന പ്രചരണത്തിന്റെ ഉപജ്ഞാതാവ്
കൃഷ്ണനായിരുന്നെന്ന് എനിക്ക് മനസ്സിലായി. അസഹ്യമായ അമര്‍ഷമാണ് എനിക്ക്
തോന്നിയത്. യുധിഷ്ഠിരനോട് അടക്കം. സത്യവാക്കായ അദ്ദേഹം പോലും
യാഥാര്‍ത്ഥ്യം തിരിച്ചറിയുവാന്‍ ഒരു ശ്രമവും നടത്തുന്നതായി ഞാന്‍
കണ്ടില്ല. അര്‍ജ്ജുനന്റെ നിഴലില്‍ തന്നെ ചിരിക്കുവാനാണോ ഇനിയും എന്റെ
വിധി? ഒരു പുരുഷായുസ്സുമുഴുവന്‍ പ്രയത്നിച്ച് ഞാന്‍ നേടിയ വിജയം എത്ര
എളുപ്പം കൈമറിഞ്ഞുപോയി.
ഒരു മാത്ര നേരം ഞാന്‍ കോപകലുഷിതമായ മനസ്സോടെ
നിന്നു. അപ്പോള്‍ ഒരു ഇളംകാറ്റ്പോലെ തേജ്വസിയായ ആ വൃദ്ധന്റെ
മന്ദഹസിക്കുന്ന രൂപം എന്റെ മനസ്സിലേക്ക് ഒഴുകിവന്നു. ഇപ്പോള്‍ ആ
കണ്ണുകളില്‍ നിറയെ കരുണയായിരുന്നു. " മകനെ! വരലബ്ധി ഒന്നിന്റെയും
അവസാനമാകുന്നില്ല. നിന്റെ കര്‍മ്മങ്ങള്‍ ഇനിയുമെത്രയോ ബാക്കി
കിടക്കുന്നു. ഗീതോപദേശം നീയും ശ്രവിച്ചതല്ലേ. ഫലമിച്ഛിക്കാതെ കര്‍മ്മം
ചെയ്തുകൊണ്ടേയിരിക്കുക. ലോകര്‍ക്കു മുന്‍പില്‍ നിനക്കൊന്നും
തെളിയിക്കുവാനില്ല. കൃഷ്ണനേയും യുധിഷ്ഠിരനേയും മറ്റും
ദ്വേഷിക്കേണ്ടതുമില്ല. നിഴലുകള്‍ നീ സങ്കല്‍പ്പിച്ചുണ്ടാക്കുന്നവയാണ്.
വെളിച്ചത്തിലേക്ക് വരിക."
അന്നുരാത്രി ഞാന്‍ സുഖമായി ഉറങ്ങി. പിന്നെ യുദ്ധാവസാനം വരെ
വിജയമല്ലാതെ മറ്റൊന്നും എന്റെ മനസ്സിലേക്ക് വന്നതേയില്ല. പക്ഷെ ഭീഷ്മര്‍
ഉത്തരായണകാലം വരെ മരണത്തെ നിരാകരിച്ച് ശരശയ്യയില്‍ കിടക്കാന്‍
തീരുമാനിച്ചു എന്ന വിവരം എന്നെ വല്ലാതെ ഉലച്ചു.
സ്വഛന്ദമൃത്യുവാണ് അദ്ദേഹം എന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു.
അമ്പിലെ വിഷപ്രവര്‍ത്തനം അറിയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ
മരണത്തിനെപ്പറ്റി എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നില്ല. പക്ഷെ ഇത്രയും നാള്‍
ശരതല്‍പ്പത്തില്‍ കിടക്കാന്‍ നിശ്ചയിക്കുക എന്ന് വെച്ചാല്‍ എന്താണ്
അതിനര്‍ത്ഥം? നീണ്ട അന്‍പത്തെട്ടു ദിവസങ്ങള്‍ ഇനിയും കഴിയണം,
ഉത്തരായണം വന്നെത്തുവാന്‍. അതുവരെ ഈ വിഷത്തിന്റെ പ്രവര്‍ത്തനം
മന്ദീഭവിപ്പിക്കുവാന്‍ എന്ത് ഉപായമാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
ഭിഷഗ്വരന്മാരെയെല്ലാം ചികിത്സിക്കാനനുവദിക്കാതെ അദ്ദേഹം മടക്കി അയച്ചു
എന്നാണല്ലോ കേട്ടത്. വിഷത്തിന്റെ കാര്യം അദ്ദേഹം അറിയാന്‍ ഒരു
വഴിയുമില്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. പക്ഷെ ബോധപൂര്‍വ്വം
ഞാന്‍ എന്റെ ശ്രദ്ധ യുദ്ധത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.
ഒടുവില്‍ യുദ്ധത്തിന്റെ അവസാന ദിവസവും വന്നെത്തി. ഒളിച്ചു നടന്ന
ദുര്യോധനനെ പിന്തുടര്‍ന്ന് പിടികൂടി തല്ലിക്കൊന്ന്,
ഭീമന്‍ അലറിയാര്‍ത്തപ്പോള്‍, എന്റെ മനസ്സിലേക്ക് ശൂന്യത വീണ്ടും ഇരച്ചുകയറി.
യുദ്ധം അവസാനിച്ചെങ്കിലും എന്റെ മൂന്നു ജന്മങ്ങളിലെ തപസ്സിന്റെയും പ്രയത്നത്തിന്റെയും
ഫലം ഇനിയും മൂര്‍ത്തരൂപം പ്രാപിക്കേണ്ടതായിട്ടണിരിക്കുന്നത്. പൊടുന്നനവെ ഒരു
സന്ദേഹം എന്റെ മനസ്സില്‍ നാമ്പിട്ടു. ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ ഇപ്പോള്‍
എന്തായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരായണം വരുന്നത്
വരെയുള്ള സമയം എങ്ങനെയായിരിക്കും അദ്ദേഹം ചിലവഴിക്കുക. ഉടനെ
അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ ഉറച്ചു.
സായാഹ്നസൂര്യന്റെ പൊന്‍പ്രഭയില്‍ വിളങ്ങുന്ന ശരശയ്യയാണ് ആദ്യം
ദൃഷ്ഠിഗോചരമായത്. പിന്നെ അല്പം കൂടി ഉയരമുള്ള മൂന്ന് ശരങ്ങളാല്‍
താങ്ങി നിര്‍ത്തപ്പെട്ട ആ കുനിയാത്ത ശിരസ്സും. ക്ഷീണത്തിന്റെയോ
വേദനയുടെയോ ഒരുലാഞ്ചനപോലും ആ വദനത്തിലുണ്ടായിരുന്നില്ല.
ഒട്ടും ശബ്ദം കേള്‍പ്പിക്കാതെയായിരുന്നു ഞാന്‍ നടന്നത്. വൃദ്ധ താപസന്റെ
ശിക്ഷണത്തിന് നന്ദിപറയുക. പക്ഷെ എനിക്ക് തെറ്റിപ്പോയി. അത്യന്തം
സംവേദനക്ഷമമായിരുന്ന ഭീഷ്മരുടെ ഇന്ദ്രിയങ്ങള്‍ എല്ലാം, അപ്പോഴും!
മിഴികളില്‍ കാരുണ്യം നിറച്ച് അദ്ദേഹം എന്നെ നോക്കി. പിന്നെ പതുക്കെ
മൊഴിഞ്ഞു. "അടുത്തു വരൂ മകനെ, ഒടുവില്‍ നീ എന്നെ കാണാന്‍
വന്നല്ലോ നിന്റെ ശ്രേയസ്സ് വര്‍ദ്ധിക്കട്ടെ.''
എന്റെ തൊണ്ട വരണ്ട് പോയിരുന്നു. പറയാന്‍ കരുതി വെച്ച പരുഷ
വചനങ്ങള്‍ എല്ലാം ഞാന്‍ മറന്നുപോയി. എങ്ങനെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു.
"അത് .....അത്...., ഞാനായിരുന്നു." കരുണയോടെയുള്ള, അതിമനോഹരമായ
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി. "തുടരൂ മകനേ." അദ്ദേഹം
ആവശ്യപ്പെട്ടു.
അങ്ങയുടെ കണ്ഠത്തില്‍ തറച്ച വിഷലിപ്തമായ ശരം എന്റെയായിരുന്നു.
പാര്‍ത്ഥനായിരുന്നില്ല ഞാനായിരുന്നു താങ്കളെ എയ്തു വീഴ്തിയത്. ഞാന്‍
താങ്കള്‍ക്കായി വര്‍ഷങ്ങളോളം കാത്തു സൂക്ഷിച്ചു വെച്ചതായിരുന്നു ആ ബാണം.
പുഞ്ചിരിയോടെ തന്നെ അദ്ദേഹം മൊഴിഞ്ഞു. ഒട്ടുംപതര്‍ച്ചയില്ലാത്ത ശബ്ദത്തില്‍.
"നല്ലത് മകനെ, ആ നാരാചത്തെപ്പറ്റി ഇനിയും ചിലത് നീ അറിയുവാന്‍ ബാക്കിയുണ്ട്.
ഞാന്‍ പറഞ്ഞു തരാം. നിന്റെയല്ല, അത് എന്റെ ശരമായിരുന്നു. എനിക്ക് വേണ്ടി
ഞാന്‍ നിര്‍മ്മിച്ച ശരം. അതിലെ ഔഷധക്കൂട്ടുകളും ഞാന്‍ തന്നെ
പാകപ്പെടുത്തിയെടുത്തതാണ്. ഉത്തരായണം വരെ വേദനകളോ വിഷമങ്ങളോ ഇല്ലാതെ
സ്വച്ഛന്ദമൃത്യു വരിക്കാന്‍ അത് എന്നെ പ്രാപ്തനാക്കി. ആ ശരം ശരിയായ
സമയത്തും സ്ഥലത്തും നിനക്കെത്തിച്ചുതരിക എന്ന ലഘുവായ കടമ മാത്രമേ വൃദ്ധ
താപസനുണ്ടായിരുന്നുള്ളൂ."
"എന്ത് ? ആ വൃദ്ധ താപസനും അങ്ങയുടെ ചാരനായിരുന്നുവോ?" എനിക്ക്
ചോദിക്കാതിരിക്കാനായില്ല.
"എന്നും എന്റെ ചാരന്മാര്‍ നിനക്കൊപ്പം ഉണ്ടായിരുന്നു. നിന്നെ നശിപ്പിക്കാനല്ല,
സംരക്ഷിക്കാന്‍. നിന്റെ മാതാവിനെ പ്രസവസമയത്ത് പരിചരിച്ച വയറ്റാട്ടിയെ
ഞാന്‍ അയച്ചതായിരുന്നു. പരിചാരക വൃന്ദത്തില്‍ ഏറിയപങ്കും എന്റെ
ആജ്ഞാനുവര്‍ത്തികളായിരുന്നു. മാളവികപോലും. സ്തുത്യര്‍ഹമായ വിധത്തില്‍
അവള്‍ കടമ നിര്‍വ്വഹിച്ചു തിരിച്ചു വന്നു. സ്ത്രീവേഷമെടുത്ത് നിന്നെ
ഭ്രമിപ്പിച്ച സ്ഥൂണാകര്‍ണയക്ഷന്‍ പോലും എന്റെ സഹായിയായിരുന്നു. ഇനിയും
നീ അറിയുക. നിനക്ക് ലഭിച്ച വരം ഫലപ്രാപ്തിയിലെത്തുവാന്‍ നീ മൂന്നു
ജന്മത്തിലും അഹോരാത്രം പ്രയത്നിച്ചു. വരം ഒരിക്കലും ഒന്നും നേരിട്ടു
ലഭ്യമാക്കുന്നില്ല. അവ കേവലം നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് . എന്തു ലക്ഷ്യം
വെക്കണം, ഏതു വഴിയെ ചരിക്കണം, മുതലായ ചില സാമാന്യ നിര്‍ദ്ദേശങ്ങള്‍
മാത്രം. ബാക്കി എല്ലാം സ്വപ്രയത്നംകൊണ്ട് നേടണം. നിന്റെ ആയുസ്സ് നീ
അതിനായി മാറ്റിവെച്ചു. നീ നേടുകയും ചെയ്തു. "
ഞാന്‍ നേടിയെന്നോ? എന്ത് നേടി?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"മകനേ ക്ഷമയവലംബിക്കുക, വൃദ്ധതാപസന്റെ വാക്കുകള്‍ സ്മരിക്കുക."
അങ്ങ്...അങ്ങ്.... ആ വൃദ്ധതാപസന്‍? എന്റെ വാക്കുകള്‍ ഇടറി.
കരുണാമയമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. "അതെ മകനെ,
ഞാന്‍ തന്നെയായിരുന്ന താപസവേഷത്തില്‍ വന്ന് നിനക്ക് ആത്മവിശ്വാസം
പകര്‍ന്നുതന്നത്. കിരീടിയുടെ നിഴലില്‍ നിന്ന് നിന്നെ മോചിപ്പിക്കാന്‍ ഇതേ
മാര്‍ഗ്ഗമുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. നീ സജ്ജനായികഴിഞ്ഞാല്‍
മാത്രമേ എനിക്കു ലഭിച്ച വരം ഫലപ്രാപ്തിയിലെത്തിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍
എനിക്കാകുമായിരുന്നുള്ളൂ. ഞാന്‍ വിജയിച്ചു നീയും."
"ഞാന്‍ എന്നും പുരുഷനായിരുന്നു എന്നറിഞ്ഞിരുന്നിട്ടും അങ്ങെന്താണ് യുദ്ധത്തില്‍
എന്നെ എതിര്‍ക്കാതിരുന്നത്."
"നിന്നെ തോല്‍പ്പിച്ചാല്‍ എന്റെ വരം ഫലപ്രാപ്തിയിലെത്തുമോ? അതിനാല്‍ ഞാനെന്റെ
പ്രതിജ്ഞയിലെ വാക്കുകള്‍ കൌശലപൂര്‍വ്വം ഒരുക്കി. സ്ത്രീയായിരുന്നവരെ മാത്രമല്ല, സ്ത്രീനാമധാരികളായിരുന്നവരെയും എതിര്‍ക്കുകയില്ല എന്നായിരുന്നുവല്ലോ.
എന്റെ പ്രതിജ്ഞ. കുഞ്ഞെ, അറിയുക. പുരുഷപ്രജയെന്ന യാഥാര്‍ത്ഥ്യം
ഗ്രഹിച്ചുകൊണ്ടുതന്നെ നിനക്കന്ന് ശിഖണ്ഡിനിയെന്ന പേര് നിര്‍ദ്ദേശിച്ചതും എന്റെ
സമര്‍ത്ഥമായ ഇടപെടലുകളിലൂടെയായിരുന്നു. എല്ലാം എന്നെ എതിരിടാന്‍
നിന്നെ പ്രാപ്തനാക്കുന്നതിന് വേണ്ടി.
"പക്ഷെ എന്തിന്?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"അതൊരു നീണ്ട കഥയാണ് കുഞ്ഞെ, ദ്രുപദനോട് ചെയ്ത തെറ്റിനുള്ള ഒരു
ചെറിയ പ്രായശ്ചിത്തം. അംബക്ക് പ്രണയം തുറന്നുപറയാനുള്ള ആര്‍ജ്ജവം
ഉണ്ടായി. അതിനാല്‍ അവളെ ഞാന്‍ സ്വതന്ത്രയാക്കി. പക്ഷെ അംബികക്ക്
താല്‍പര്യം ദ്രുപദനോടായിരുന്നു എന്നകാര്യം ആരെങ്കിലും പറയാതെ ഞാന്‍
എങ്ങിനെയറിയാന്‍. മറ്റു രാജാക്കന്മാര്‍ക്കൊപ്പം എതിരിടാന്‍ വന്ന ദ്രുപദനേയും
ഞാന്‍ നിഷ്പ്രയാസം തോല്‍പ്പിച്ചോടിച്ചു. പിന്നെയേറെ കഴിഞ്ഞാണ്
ഭീഷ്മവധത്തിനുതകുന്ന പുത്രനെ തേടി മഹേശ്വരനെ തപസ്സു ചെയ്യുന്ന ദ്രുപദന്റെ
വൃത്താന്തം, നാരദന്‍ മുഖേന ഞാന്‍ അറിയുന്നത്. അന്നു ഞാന്‍ തീരുമാനിച്ചു;
ദ്രുപദ പുത്രനെ ഭീഷ്മവധത്തിന് പ്രാപ്തനാക്കുന്ന വിധത്തില്‍ ഞാന്‍
വളര്‍ത്തിയെടുക്കും എന്ന്. കുമാരാ അതില്‍ ഞാന്‍ വിജയിച്ചു എന്നാണെന്റെ
വിശ്വാസം." ഭീഷ്മര്‍ പറഞ്ഞു നിര്‍ത്തി. അസ്തമയ സൂര്യന്റെ ചെങ്കനല്‍പ്രഭ
അവിടെയാകെ നിറഞ്ഞു. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ നിഴല്‍ എന്നെ
വന്നുമൂടുന്നത് ഞാന്‍ അറിഞ്ഞു. കലുഷിതമായിരുന്ന എന്റെ മനസ്സ് സ്വച്ഛവും
ശാന്തവും ആയി മാറുന്നത് ഒട്ടൊരതിശയത്തോടെ ഞാന്‍
തിരിച്ചറിഞ്ഞു. ഭീഷ്മര്‍ക്കൊരു പ്രണാമംകൂടി അര്‍പ്പിച്ചശേഷം ഞാന്‍
ശിബിരത്തിലേക്ക് തിരിച്ചുനടന്നു. തെളിഞ്ഞ മനസ്സോടെ.
********************** *********************** ************************
ശിബിരത്തിലെ ആഘോഷങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ഞാന്‍
സുഖമായുറങ്ങി. പിന്നെയെപ്പോഴോ ദീനരോദനങ്ങള്‍ എന്നെ ഉണര്‍ത്തി.
ധൃഷ്ടദ്യുമ്നന്റെ ദേഹത്ത് കരാളനൃത്തം ചവിട്ടുന്ന അശ്വത്ഥാമാവിനെ നോക്കി
നില്‍ക്കുമ്പോളും എന്റെ ഹൃദയം ഒട്ടും കലുഷിതമായില്ല. ജയപരാജയങ്ങളുടെയും
ധര്‍മ്മാധര്‍മ്മങ്ങളുടെയും നേര്‍ത്ത അതിര്‍വരമ്പുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന
ഈ കുരുക്ഷേത്രഭൂമിയില്‍ ഇനിയെനിക്ക് താല്‍പര്യങ്ങള്‍ ഒന്നും അവശേഷിച്ചിട്ടില്ല.
സഹജാവബോധം കൊണ്ട് ഊരിപ്പിടിച്ച വാള്‍ നിശ്ചലം കയ്യില്‍ പിടിച്ച്, ഞാന്‍
കാത്തുനിന്നു. ഭീഷ്മര്‍ക്ക് മുന്‍പേ പോകണം, മരണത്തിലെങ്കിലും; അതായിരുന്നു
എന്റെ ആഗ്രഹം. അശ്വത്ഥാമാവിന്റെ ഖഡ്ഗ പ്രയോഗത്തെ പ്രതിരോധിക്കാതെ
പുഞ്ചിരി തൂകുന്ന മുഖവുമായി നിന്നപ്പോള്‍ ആകെ പകച്ചുപോയ അവന്റെ മുഖമായിരുന്നു
അവസാനമായി എന്റെ മനസ്സില്‍ പതിഞ്ഞ രൂപം.
പിന്നെ എല്ലാം ശാന്തം.

Saturday, July 26, 2008
കണ്ണാടിക്കു പിന്നില്‍ കണ്ണൂകള്‍ - സൂക്ഷിക്കുക
അടുത്ത കാലത്ത് ഒരു സഹോദരി പറഞ്ഞത്:
ഭിത്തിയിലുറപ്പിച്ച കണ്ണാടികള്‍, പ്രത്ത്യെകിച്ചും, വലിയ ഹോട്ടലുകളില്‍, ചില കെണികള്‍ ഒരുക്കാറുണ്ട്. ഒരു ചെറിയ പരീക്ഷണം നടത്തിയ ശേഷം മാത്രം കുളിക്കാന്‍ കയറുക. നഖത്തിന്റെ അറ്റം കണ്ണാടിയുടെ പ്രതലത്തില്‍ മുട്ടിച്ചു, പ്രതിബിംബം നിരീക്ഷിക്കുക. വിരലും പ്രതിബിംബവും തൊട്ടിരുന്നാല്‍, അതു വെറും കണ്ണാടിയല്ല. പിന്നില്‍ ഒളിച്ചിരിക്കുന്നവര്‍ക്കു ഒരു ഗ്ലാസ്സ് ഭിത്തിയിലൂടെയെന്നവണ്ണം നിങ്ങളെ കാണാം.
വിരലും പ്രതിബിംബവും അല്പം അകന്നു നിന്നാല്‍, അതു മിക്കവാറും സാധാരണ കണ്ണാടി തന്നെ. സംശയം ഉണ്ടെങ്കില്‍ കണ്ണാടിക്ക് പുതപ്പിടുക.
നാടന്‍ കാക്ക.

Subscribe to:
Posts (Atom)